Kerala
വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം: അട്ടിമറി പ്രതീക്ഷയില്‍ ഇടതുപക്ഷം; ആത്മവിശ്വാസത്തോടെ യു ഡി എഫ്

വേങ്ങര: ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പ്രചാരണത്തിലെ മുന്നേറ്റവും ജനപങ്കാളിത്തവും കൊണ്ട് ഇടതുപാളയം അട്ടിമറി പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ മുപ്പത്തി എട്ടായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം നിലനിര്‍ത്താനാണ് യു ഡി എഫിന്റെ ശ്രമം. പഞ്ചായത്തുകള്‍ തോറും നടത്തിയ റോഡ് ഷോകളിലും മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്ത പൊതുപരിപാടികളിലും സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ജനപ്രവാഹമുണ്ടായത് ഇടതുപക്ഷത്തിന്റെ അട്ടിമറി പ്രതീക്ഷക്ക് ബലമേകുന്നു.
അതേസമയം, പി കെ കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തിലുള്ള സ്വാധീനവും കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് നേതൃത്വം. അതിനായി പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ റോഡ് ഷോയുമായി കളത്തിലിറക്കിയാണ് യു ഡി എഫ് പോരാട്ടം.
ഇന്നലെ റോഡ് ഷോകളുമായാണ് വിവിധ സ്ഥാനാര്‍ഥികള്‍ രംഗത്തുവന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബശീര്‍ ഇന്നലെ ഏ ആര്‍ നഗറില്‍ റോഡ് ഷോ നടത്തി. മുകേഷ് എം എല്‍ എ പങ്കെടുത്ത റോഡ് ഷോ ഇന്നലെ പറപ്പൂരില്‍ നടന്നു. വേങ്ങരയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത പൊതുയോഗവും റോഡ് ഷോകളും നടന്നു. യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ എന്‍ എ ഖാദിറിന്റെ പര്യാടനം വേങ്ങരയില്‍ നടന്നു. കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ കച്ചേരിപ്പടിയില്‍ സമാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഹൈദരലി ശിഹാബ് തങ്ങള്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.
ബി ജെ പി സ്ഥാനാര്‍ഥിക്ക് വേണ്ടി ജനരക്ഷാ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. എസ് ഡി പി ഐ സ്ഥാനാര്‍ഥി അഡ്വ. നസീര്‍ നടത്തിയ റോഡ് ഷോ രാവിലെ ഒമ്പതിന് ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്ന് പ്രയാണമാരംഭിച്ച് പറപ്പൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തിയാണ് വേങ്ങരയില്‍ എത്തിയത്. ഇന്ന് വൈകുന്നേരം ആറിനാണ് പരസ്യ പ്രചാരണം അവസാനിക്കുക. ടൗണില്‍ കൊട്ടികലാശത്തിന് നിയന്ത്രണമുണ്ട്.