Connect with us

Kerala

വേങ്ങര ഉപതിരഞ്ഞെടുപ്പിന് കാരണം കുഞ്ഞാലിക്കുട്ടിയുടെ അതിമോഹം: വി എസ്

Published

|

Last Updated

വേങ്ങര: പി കെ കുഞ്ഞാലിക്കുട്ടിയുടെ അതിമോഹമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബശീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പൊതു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആറുമാസം മുമ്പ് നടന്ന ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍ മറ്റുള്ളവരെ മത്സരിപ്പിക്കാമായിരുന്നിട്ടും അതിന് തയ്യാറാകാതെ സ്വന്തമായി മത്സരിക്കുകയായിരുന്നു.
കുഞ്ഞാലിക്കുട്ടി താലോലിച്ച് കണ്ടെത്തിയ സ്ഥാനാര്‍ഥിയെ ദൂരെ എറിഞ്ഞാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ ലീഗ് മത്സരിപ്പിച്ചത്. ലീഗിന്റെ വിമത സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. കുഞ്ഞാലിക്കുട്ടി ഒറിജിനല്‍ ലീഗിനാണോ ഡ്യൂപ്ലിക്കേറ്റ് ലീഗിനാണോ വോട്ട് ചോദിക്കുന്നത് എന്ന് വ്യക്തമാക്കണം.
വേങ്ങരയില്‍ കോ-ലി-ബി സഖ്യം അലയടിക്കുന്നുണ്ട്. അത് തികട്ടി വരുന്നത് കൊണ്ടാണ് ലീഗ് നേതാക്കള്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
വള്ളിക്കുന്ന് പഞ്ചായത്തില്‍ ലീഗും ബി ജെ പിയും ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തത് വനിതാ ലീഗ് നേതാവാണ്. ലീഗ് ഓഫീസില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി സല്‍ക്കരിച്ചു. ഇതെല്ലാം ലീഗിന്റെ സംഘപരിവാര്‍ ബന്ധമാണ് വ്യക്തമാക്കുന്നത്.
ഇന്നത്തെ കോണ്‍ഗ്രസു കാര്‍ ബി ജെ പി പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയെ പോകുന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൈത്തണ്ടയില്‍ കാവി ചരട് എപ്പോഴാണ് കെട്ടുക എന്നു പറയാനാകില്ല. സി പി എമ്മിനെ ചീത്ത പറയാനാണ് ബി ജെ പി ജനരക്ഷാ യാത്ര നടത്തുന്നത്. പ്രതിരോധത്തിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് മോദിയും ബി ജെ പിയും അംബാനിയുടെയും അദാനി മാരുടെയും കീശ വീര്‍പ്പിക്കുകയാണ്. ലോകം മുഴുവന്‍ ചുറ്റി നടക്കുന്ന നരേന്ദ്രമോദിക്ക് എങ്ങനെ ജനങ്ങളെ രക്ഷിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് കണ്ടാണ് അമിത് ഷാ ഓടിപ്പോയത്.
അതില്‍ രാഷ്ട്രീയ മാറ്റം ഉണ്ടായത് അമിത് ഷാ അറിഞ്ഞിട്ടില്ലേ. ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം പുതിയ ഉയരങ്ങള്‍ തള്ളുകയാണ്. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. ജനാധിപത്യത്തിന്റെ നന്മനിറഞ്ഞ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. എ വിജയരാഘവന്‍, ടി കെ ഹംസ, എ കെ ശശീന്ദ്രന്‍ പ്രസംഗിച്ചു.