Connect with us

Sports

ജീവിത വഴി സ്വയം തിരഞ്ഞെടുത്ത മകന്‍ !

Published

|

Last Updated

മണിപ്പൂരിലെ തൗബല്‍ ജില്ലയിലെ ഹോഖ മമംഗ് ഉള്‍ഗ്രാമത്തില്‍ നിന്നുള്ള ബിലാഷിനി ദേവിയുടെ മൊബൈല്‍ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷം നിലച്ചിട്ടില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നിരവധി പേര്‍ ബിലാഷിനി ദേവിയെ വിളിച്ചു കൊണ്ടിരുന്നു. അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരെ ഇന്ത്യക്ക് വേണ്ടി ജീക്‌സന്‍ സിംഗ് ഗോള്‍ നേടിയതിന്റെ അഭിനന്ദന പ്രവാഹം.
മകന്റെ വളര്‍ച്ചക്ക് പിറകില്‍ ശക്തികേന്ദ്രമായി നിന്ന ആ അമ്മയ്ക്ക് സന്തോഷം അറിയിക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. എല്ലാവരോടും നന്ദി അറിയിച്ച ബിലാഷിനി ദേവി തന്റെ മകന്റെ ഔന്നത്യത്തിന് കാരണക്കാരന്‍ തങ്ങളല്ലെന്ന് തുറന്ന് സമ്മതിക്കുന്നു.

അത് അവന്‍ തന്നെ കഠിനാധ്വാനം ചെയ്ത് നേടിയതാണ്. ഫുട്‌ബോള്‍ കളിക്കാന്‍ പോകണ്ട എന്ന് പറഞ്ഞതിന് രണ്ട് ദിവസം പട്ടിണി കിടന്ന് സമരം ചെയ്താണ് ജീക്‌സന്‍ ഞങ്ങളെ സമ്മര്‍ദത്തിലാക്കിയതും ഫുട്‌ബോളിലേക്ക് മുഴുവന്‍ സമയം ശ്രദ്ധകേന്ദ്രീകരിച്ചതും – ബിലാഷിനി ദേവി ഓര്‍ത്തെടുക്കുന്നു.
ജീക്‌സന്റെ പിതാവ് ദെബെന്‍ സിംഗ് ഫുട്‌ബോളറായിരുന്നു. പക്ഷേ, സ്വന്തം ജീവിതാനുഭവങ്ങളാകാം മകനെ ഫുട്‌ബോളിലേക്ക് പറഞ്ഞയക്കാന്‍ ദെബെന്‍ ആദ്യം ഒരുക്കമല്ലായിരുന്നു. നന്നായി പഠിക്കുന്ന ജീക്‌സനെ ഐ എ എസ് ഉദ്യോഗസ്ഥനാക്കുവാനാണ് മാതാപിതാക്കള്‍ സ്വപ്‌നം കണ്ടത്.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ അമര്‍ജിത് സിംഗ് ജീക്‌സന്റെ പിതൃസഹോദരന്റെ മകനാണ്. ഫുട്‌ബോളിനെ ഇവര്‍ ഒരുമിച്ചാണ് പ്രണയിച്ചത്. രണ്ടാം ക്ലാസ് മുതല്‍ നാല് വരെ ഒരേ സ്‌കൂളില്‍ പഠിച്ചു. ക്ലാസില്‍ ജീക്‌സന്‍ പഠിപ്പിസ്റ്റ് കൂടിയായിരുന്നു. എന്നാല്‍, ഫുട്‌ബോള്‍ തലക്ക് പിടിച്ച മകനെ അവന്റെ വഴിക്ക് വിടാന്‍ ദെബെന്‍ സിംഗ് തീരുമാനിച്ചു. അങ്ങനെയാണ്, പഞ്ചാബിലെ ഫുട്‌ബോള്‍ അക്കാദമിയിലേക്ക് രണ്ട് പേരും ചേക്കേറിയത്.
മണിപ്പൂരില്‍ പ്രാദേശി ക്ലബ്ബുകളുടെ താരമായിരുന്നു ദെബെന്‍. മണിപ്പൂര്‍ പോലീസ് ക്ലബ്ബിന് വേണ്ടിയും കളിച്ചു. ര
ണ്ട് വര്‍ഷം മുമ്പ് മസ്തിഷ്‌കാഘാതം വന്നതോടെ വീടിനകത്ത് ഒതുങ്ങി. ഭാര്യ ബിലാഷിനിയുടെ പ്രയത്‌നം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോകുന്നത്. തുണിക്കച്ചവടമാണ് ജീക്‌സന്റെ അമ്മക്ക്. വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കച്ചവട കേന്ദ്രങ്ങളില്‍ ചെന്ന് വേണം ബിലാഷിനിക്ക് തുണിക്കച്ചവടം നടത്താന്‍. ഇല്ലെങ്കില്‍ കുടുംബം പട്ടിണിയാകും. ഒരിക്കലും മകനെ അറിയിച്ചില്ല ഈ ദുരിതം.കാരണം, മകനിലാണ് അവരുടെ പ്രതീക്ഷ; ജീവിതം.
കൊളംബിയന്‍ വലയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുസ്മരിപ്പിക്കും വിധം ജീക്‌സന്‍ തൊടുത്തു വിട്ട അപ്രതിരോധ്യമായ ഹെഡര്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലേക്കാണ് തുളച്ച് കയറിയത്.
ഏതെങ്കിലുമൊരു ഫിഫ ലോകകപ്പ് വയസ് കാറ്റഗറിയില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ – അത് ബിലാഷിനിയുടെയും ദെബോയുടെയും മകനാണ് !
ഫുട്‌ബോളിനോട് മാത്രമായിരുന്നു ജീക്‌സന് താത്പര്യം. പഠിപ്പില്‍ ശ്രദ്ധയുണ്ടെങ്കിലും അധിക നേരം പുസ്തകവുമായി ഇരിക്കില്ല.

അച്ഛന്‍ പഠിക്കാന്‍ പറഞ്ഞാല്‍,ബോധിപ്പിക്കാന്‍ വേണ്ടി പത്തോ പതിനഞ്ചോ മിനുട്ട് പഠിക്കും. അച്ഛന്റെ കണ്ണ് തെറ്റിയാല്‍ തൊട്ടടുത്ത തൊടിയിലേക്ക് പായും.
ജീക്‌സനും അമര്‍ജീതും മഴയാണെങ്കിലും കളി നിര്‍ത്തില്ല. തലയില്‍ പ്ലാസ്റ്റിക് കവറുകള്‍ ധരിച്ചാകും പിന്നെ അവരുടെ കളി. പലപ്പോഴും ഞങ്ങളുടെ ചീത്ത കേട്ടിട്ടുണ്ട്. അതൊന്നും അവനെയും അമര്‍ജീതിനെയും തളര്‍ത്തിയില്ല- ബിലാഷിനി ഓര്‍ക്കുന്നു.
ഡല്‍ഹിയില്‍ ഇന്ത്യയുടെ മത്സരം കാണുവാനെത്തിയത് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനാണെന്ന് ഇവര്‍ കരുതിയിരുന്നില്ല.
ഭാരിച്ച ചെലവാണ് ഇവിടെ നേരിടുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് ദിനേനയുള്ള ചെലവുകള്‍ വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പരമാവധി ചെലവുകള്‍ ചുരുക്കിയാണ് ഇവിടെ തുടരുന്നത്.
ഞങ്ങള്‍ പാവങ്ങളാണ്. മകന്‍ കളിക്കുന്നത് കൊണ്ട് മാത്രമാണ് ലോകകപ്പ് വേദിയിലെത്തിയത്.
അവന്റെ കഠിനാധ്വാനത്തിന് മുന്നില്‍ ഈ ബുദ്ധിമുട്ടുകളൊന്നും ഞങ്ങള്‍ക്ക് അത്ര വലുതല്ല – ജീക്‌സന്റെ അമ്മയുടെ വാക്കുകള്‍.

 

---- facebook comment plugin here -----

Latest