Gulf
അലി മുസ്‌ലിയാരുടെ നിര്യാണം പ്രവാസ ലോകത്തും ദുഃഖം
അല്‍ ഐന്‍: ദീര്‍ഘകാലം അല്‍ ഐനിലെ ഇസ്‌ലാമിക പ്രബോധന രംഗത്ത് നിറഞ്ഞുനിന്ന് വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ പണ്ഡിത വരേണ്യരായ എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂരിന്റെ നിര്യാണം പ്രവാസ ലോകത്തിനും ദുഖമായി.
കാല്‍ നൂറ്റാണ്ടിലധികം കാലമാണു അല്‍ ഐനില്‍ സ്വദേശികളും വിദേശികളുമുള്‍കൊള്ളുന്ന ആയിരങ്ങള്‍ക്ക് അദ്ദേഹം ഇസ്‌ലാമിക വിജാനത്തിന്റെ വെളിച്ചം പകര്‍ന്നുനല്‍കിയത്. അറിവിന്റെ അഗാതഥയില്‍ ഊര്‍ന്നിറങ്ങിയ പണ്ഡിത പ്രതിഭ, സമൂഹത്തിനു വഴികാട്ടിയായി തിളങ്ങിനിന്നു.
അല്‍ ഐനില്‍ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണു അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചത്. തുടര്‍ന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ മുശാവറ അംഗമായും പാലക്കാട് ജില്ലാ സംയുക്ത ഖാളിയുമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
അല്‍ ഐന്‍ മുവൈജില്‍ ഔഖാഫിന്റെ കീഴിലുള്ള പള്ളിയില്‍ ഇമാമായി സേവനംചെയുതു. അദ്യകാലം അബുദാബിയില്‍ സേവനം ചെയ്തിരുന്നു. അല്‍ ഐനിലെത്തിയതോടെ മലയാളീ വിശ്വാസികളുടെ വൈജ്ഞാനിക ദാഹം തീര്‍ക്കുന്ന ദൗത്യത്തിലേര്‍പെടുകയായിരുന്നു.
ശൈഖ് മുഹമ്മദ് ശാമില്‍ അടക്കം ഔഖാഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി സ്വദേശി അറബികള്‍ അദ്ദേഹത്തിന്റെ പാഠശാലയില്‍ അറിവു തേടി എത്താറുണ്ടായിരുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ മികവായിരുന്നു. സ്വദേശികള്‍ക്കിടയില്‍ ശൈഖ് അലി എന്ന പേരിലാണ് ഉസ്താദ് അറിയപ്പെടുന്നത്. യു എ ഇയില്‍ പണ്ഡിതസഭ രൂപീകരിച്ചപ്പോള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ അദ്ദേഹത്തെയല്ലാതെ മറ്റൊരു പേരുമുണ്ടായിരുന്നില്ലെന്നത് തന്നെ സമൂഹം അദ്ദേഹത്തിനു നല്‍കിയ പരിഗണനയും സ്ഥാനവും വ്യക്തമാക്കുന്നു. അല്‍ ഐനിലെ സാമൂഹ്യ സേവന രംഗത്ത് സുന്നി പ്രസ്ഥാനത്തിന്റെ കടന്നുവരവിനു സാക്ഷിത്വം നല്‍കിയതും അദ്ദേഹമായിരുന്നു.
അഗാഥ പാണ്ഡിത്യത്തിന്റെ നിറകുടമയ അലി മുസ്ലിയാരുടെ വിയോഗം പ്രാസ്ഥാനിക, ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തിനു നികത്താനാവാത്ത വിടവാണു ഉണ്ടാക്കിയതെന്ന് ഐ സി എഫ് യു എ ഇ നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അനുസ്മരിച്ചു. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ സേവകനായി കഴിയുന്ന വേളയില്‍ അദ്ദേഹത്തിന്റെ ശിഷ്യനായ അലി മുസ്‌ലിയാരെ കുറിച്ച് പലപ്പോഴും സംസാരിക്കുന്നത് കേള്‍ക്കാനിടവന്നിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിത്തരുകയും ചെയ്തു. ശംസുല്‍ ഉലമ എപ്പോഴും അദ്ദേഹത്തിന്റെ മദ്ഹ് പറയാറുണ്ടെന്നും യു എ ഇയിലെത്തിയതോടെ അത് വ്യക്തിബന്ധമായി മാറിയതായും അദ്ദേഹം അനുസ്മരിച്ചു. കിതാബുകളിലുള്ള അഗാഥമായ അദ്ദേഹത്തിന്റെ അറിവിനെ കുറിച്ച് ശൈഖുനാ കാന്തപുരം ഉസ്താദും പലപ്പോഴും അനുസ്മരിക്കാറുണ്ടെന്നും ദാരിമി പറഞ്ഞു.
കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍ നിര്യാണത്തില്‍ ഐ സി എഫ് യു എ ഇ നാഷനല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അറിവിന്റെ നിറകുടമായ പണ്ഡിത പ്രതിഭയെയാണു അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ നേതാക്കള്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പേരില്‍ വിവിധ സെന്‍ ട്രല്‍ കമ്മിറ്റികളുടെ കീഴില്‍ ഇന്ന് മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും നടക്കും.