Articles
അല്ലാമ ശ്ശാലിയാത്തി(റ): ധിഷണയും ദീര്‍ഘവീക്ഷണവും
![](https://assets.sirajlive.com/2017/10/IMG-20171017-WA0000-3.jpg)
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപവത്കരണത്തിലും വളര്‍ച്ചയിലും മുഖ്യ പങ്കുവഹിച്ച സ്ഥാപക കാല നേതാവും ധിഷണാശാലിയായ പണ്ഡിതനുമായിരുന്നു മര്‍ഹൂം അബുസ്സആദാത്ത് ശിഹാബുദ്ദീന്‍ അഹമദ് കോയ ശാലിയാത്തി(റ). മുസ്‌ലിം സമൂഹത്തിന് തിരിച്ചറിവും ദിശാബോധവും നല്‍കിയ മാര്‍ഗദര്‍ശിയായ പണ്ഡിതനും ആത്മീയ ഗുരുവും ഗ്രന്ഥകാരനും മുഫ്തിയുമെല്ലാമായിരുന്നു മഹാനവര്‍കള്‍. നവലോകത്തെ ഇമാം നവവി എന്നും ഇമാം ഗസ്സാലി എന്നും ഇബ്‌നു ഹജറില്‍ ഹിന്ദ് എന്നുമെല്ലാം പണ്ഡിത പ്രമുഖര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
പാരമ്പര്യ വിശ്വാസങ്ങളേയും കര്‍മങ്ങളേയും ചോദ്യം ചെയ്തുകൊണ്ട് പുത്തന്‍ വാദങ്ങള്‍ കേരളത്തില്‍ തല പൊക്കിയപ്പോള്‍ ആദ്യമായി അതിനെതിരില്‍ പ്രതികരിച്ച പണ്ഡിതനായിരുന്നു അല്ലാമാ ശ്ശാലിയാത്തി. സമസ്ത രൂപവത്കരണത്തിന് മുമ്പ് തന്നെ 1925 ഒക്ടോബര്‍ 16ന് ചാലിയം ജുമാ
മസ്ജിദില്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ നടന്ന പണ്ഡിതസംഗമത്തിന്റെ മുഖ്യ സംഘാടകന്‍ അദ്ദേഹമായിരുന്നു. എന്നാല്‍ സലഫികള്‍ ഇതേ പേരില്‍ തന്നെ മറ്റൊരു സംഘടന തട്ടിക്കൂട്ടി റജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആറാം വാര്‍ഷിക സമ്മേളനം ഫറോക്കില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചപ്പോള്‍ അത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് കെ കെ പോക്കര്‍ മുഖേന ശാലിയാത്തിക്ക് സലഫികള്‍ വക്കീല്‍ നോട്ടീസ് അയക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് സംഘടനയുടെ പേരിന്റെ തുടക്കത്തില്‍ “സമസ്ത” എന്ന പേര് ചേര്‍ത്തുകൊണ്ട് ഞങ്ങളുടേത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് കാണിച്ചുകൊണ്ട് മറുപടി അയക്കുകയുണ്ടായി.
നിയമ തടസ്സം നീങ്ങുകയും 1933 മാര്‍ച്ച് അഞ്ചിന് സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനം വിപുലമായി നടത്തുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ അധ്യക്ഷന്‍ ശാലിയാത്തി (റ) ആയിരുന്നു. ഈ സമ്മേളനത്തില്‍ മഹാനവര്‍കള്‍ അവതരിപ്പിക്കുകയും പണ്ഡിതസഭ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്ത തര്‍ക്കുല്‍ മുവാലാത്ത് (ബന്ധ വിഛേദനം) പ്രമേയമാണ് ഇന്നും സമസ്തയെ ഇതര സംഘടനകളില്‍ നിന്ന് വ്യതിരിക്തമാക്കി നിര്‍ത്തുന്നത്. പുരോഗമനത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ബിദഈ – തീവ്ര – ഭീകരവാദ പ്രസ്ഥാനങ്ങളുമായി മുസ്‌ലിംകള്‍ ഒരു നിലക്കും ബന്ധപ്പെടരുതെന്ന പ്രസ്തുത പ്രമേയത്തിന്റെ പ്രസക്തിയും അനിവാര്യതയും കേരളത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ ഇന്ന് അംഗീകരിക്കപ്പെടുകയാണ്. പ്രസ്തുത നയത്തോട് വിയോജിച്ച് വിഘടിച്ച് നിന്നവര്‍ക്ക് പോലും ഇതിന്റെ പ്രസക്തി ഇന്ന് ബോധ്യപ്പെടുന്നുണ്ട്. സമുദായത്തെ തന്നെ പ്രതിരോധത്തിലാക്കുന്ന തീവ്രവാദ പ്രവണതകള്‍ ഇത്തരം പുരോഗമനത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നു. ഇത്തരം തീവ്രവാദ സമീപനങ്ങളുമായി വിശ്വാസികള്‍ അകലം പാലിക്കണമെന്ന് അന്ന് തന്നെ അത്തരം മഹാത്മാക്കള്‍ ആഹ്വാനം ചെയ്തു.
ഹിജ്‌റ 1308 (ക്രിസ:് 1884) ജമാദുല്‍ആഖിര്‍ 22നാണ് ജനനം. ചാലിയം ജുമുഅ മസ്ജിദിന് സമീപം അന്ത്യ വിശ്രമം കൊള്ളുന്ന മഹാ പണ്ഡിതനും ആത്മീയ ഗുരുവുമായിരുന്ന പിതാവ് അശ്ശൈഖ് ഇമാദുദ്ദീന്‍ അലി(റ)ല്‍ നിന്നാണ് പ്രാഥമിക വിദ്യഭ്യാസം സ്വായത്തമാക്കിയത്. ശേഷം മൗലാന മുഫ്തി മഹ്മൂദ്, ശൈഖ് രിളാഖാന്‍ ബറേല്‍വി തുടങ്ങിയ ആഗോളപ്രശസ്തരായ പണ്ഡിതരില്‍ നിന്ന് വിവിധ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടി. നാല് മദ്ഹബുകളിലും ഫത്‌വ കൊടുക്കാന്‍ അര്‍ഹത നേടിയ ഇദ്ദേഹം നൈസാം രാജാവിന്റെ ഔദ്യോഗിക മുഫ്തിയായിരുന്നു.
ഹിജ്‌റ 1329 ല്‍ വേലൂര്‍ ലത്വീഫിയ്യയില്‍ മുദര്‍രിസും ഫത്‌വ ബോര്‍ഡ് അംഗവുമായി. പിന്നീട് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായി നിയോഗിക്കപ്പെട്ടു. ഖിലാഫത്ത് നായകനായിരുന്ന ആലി മുസ്‌ലിയാര്‍ ഹജ്ജിന് പുറപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ ദര്‍സ് മര്‍ഹൂം ശാലിയാത്തിയെ ഏല്‍പ്പിക്കുകയായിരുന്നു. കൊടിയത്തൂര്‍, നാഗൂര്‍, ബഡ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും മുദര്‍രിസ്സായി സേവനമനുഷ്ഠിച്ചു. അസുഖ ബാധയെ തുടര്‍ന്ന് ഗ്രന്ഥ രചനയിലും വിജ്ഞാന പ്രചാരണത്തിലുമായി സ്വദേശത്തു തന്നെ കഴിഞ്ഞുകൂടി. രചനകളും വ്യാഖ്യാനങ്ങളുമായി നൂറില്‍പരം കൃതികള്‍ ഉണ്ട്. പലതും അപ്രകാശിതങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച പല പ്രശ്‌നങ്ങള്‍ക്കും അന്ത്യം കുറിക്കാന്‍ ശാലിയാത്തിയുടെ ഫത്‌വകള്‍ സഹായകമായിട്ടുണ്ട്. ഫത്‌വകളുടെ സമാഹാരം 1993 ല്‍ പാലാഴി ഹിദായ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി, ഉര്‍ദു, സുറിയാനി ഭാഷകളിലുള്ള അത്യപൂര്‍വ ഗ്രന്ഥങ്ങള്‍, സര്‍വ വിജ്ഞാന ശാഖകളിലുമുള്ള ആധികാരിക ഗ്രന്ഥങ്ങള്‍, വ്യാഖ്യാനങ്ങള്‍, പൗരാണിക പത്രമാസികകള്‍ എന്‍ജിനീയറിംഗ്, വൈദ്യശാസ്ത്രം, ഗോള ശാസ്ത്ര ശാഖകളിലെ ഗ്രന്ഥങ്ങള്‍ പഠന സഹായോപകരണങ്ങള്‍, മൗലിദുകള്‍, മര്‍സിയ്യത്തുകള്‍, ആശംസാ കാവ്യങ്ങള്‍, കത്തുകള്‍, ഖണ്ഡനങ്ങള്‍, അപൂര്‍വ കയ്യെഴുത്തുകള്‍, വിവിധ രാഷ്ട്രങ്ങളിലെ പഴയകാല ഭൂപടങ്ങള്‍ തുടങ്ങി വിജ്ഞാന കുതുകികള്‍ക്ക് ആവശ്യമായതെല്ലാം അക്കാലത്തെ പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും തന്റെ ഗ്രന്ഥപുരയില്‍ മഹാനവര്‍കള്‍ സംഘടിപ്പിച്ചു വെച്ചിട്ടുണ്ട്. പുത്തന്‍ വാദികളുടെ കയേറ്റത്തിനോ തിരുത്തലുകള്‍ക്കോ വിധേയമാകാത്ത പൂര്‍വകാല ഗ്രന്ഥങ്ങളുടെ ഒറിജിനല്‍ പതിപ്പുകളുടെ കലവറയാണ് മഹാനവര്‍കള്‍ സ്ഥാപിച്ച അസ്ഹരിയ്യ കുതുബ്ഖാന. മര്‍ക്കസ് സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കാനെത്തിയ പ്രമുഖ അറബ് പണ്ഡിതര്‍ ഇവിടെ സന്ദര്‍ശിക്കുകയും പല ഗ്രന്ഥങ്ങളുടെയും പകര്‍പ്പുകള്‍ ശേഖരിക്കുകയുമുണ്ടായി.
1964 ല്‍ തബ്‌ലീഗ് ജമാഅത്ത് പ്രശ്‌നം രൂക്ഷമായപ്പോള്‍ സമസ്ത നിയോഗിച്ച പണ്ഡിത പ്രമുഖര്‍ ശാലിയാത്തിയുടെ കുതുബ്ഖാനയില്‍ കണ്ടെത്തിയ ഉര്‍ദു ഗ്രന്ഥവും മഹാനവര്‍കളുടെ കുറിപ്പും തബ്‌ലീഗിനെ കുറിച്ച് നിലപാടെടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു. സമസ്തയുടെ പതാക സംബന്ധമായ ചര്‍ച്ച വന്നപ്പോള്‍ അന്നത്തെ മുശാവറ ശാലിയാത്തി(റ)യുടെ അഭിപ്രായം സ്വീകരിക്കുകയായിരുന്നു. ഹനഫി മദ്ഹബില്‍ തന്റെ ഗുരുവും ആഗോള പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് അഹമ്മദ് രിളാഖാന്‍ ബറേല്‍വി(റ)യുടെ മഖാമിലെ പ്രസ്തുത പതാകക്ക് പണ്ഡിതസഭ അംഗീകാരം നല്‍കി. റഈസുല്‍ ഉലമയും സുല്‍ത്താനുല്‍ ഉലമയും ഇന്നും ഈ പതാക വഹിച്ചു മുന്നേറുന്നു.
ശൈഖുനാ കാന്തപുരത്തിന്റെ ഇജാസത്തോടെ സുന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആയിരക്കണക്കായ മഹല്ലുകളിലും ദീനീ കേന്ദ്രങ്ങളിലും നടക്കുന്ന ദിക്ര്‍ മജ്‌ലിസില്‍ പാരായണം ചെയ്യപ്പെടുന്ന ബദര്‍ ബൈത്ത് (ഖസീദത്തുല്‍ ബദ്‌രിയ്യഃ) നൂറു വര്‍ഷം മുമ്പ് വേലൂരില്‍ വെച്ച് മര്‍ഹൂം ശാലിയാത്തി രചിച്ചതാണ്. സമസ്തയുടെ രൂപവത്കരണ കാലഘട്ടം മുതല്‍ ഇന്നും സുന്നീ സമൂഹത്തിന് വഴികാട്ടിയാണ് മഹാന്‍. 1374 ല്‍ മുഹര്‍റം 27 (1954 സെപ്തംബര്‍ 26)ന് മഹാനവര്‍കള്‍ വഫാത്തായി. ചാലിയത്ത് അദ്ദേഹം സ്ഥാപിച്ച പള്ളിയുടെയും കുത്ബ്ഖാനയുടെയും സമീപത്ത് അന്ത്യവിശ്രമം കൊള്ളുന്നു. ആ പാത മുറുകെ പിടിച്ച് മുന്നേറാനും മഹാനവര്‍കളോടൊപ്പം സ്വര്‍ഗീയ ജീവിതം നയിക്കാനും റബ്ബ് തുണക്കട്ടെ.