Connect with us

Articles

അരിശം താജ്മഹലിനോടും

Published

|

Last Updated

ദേഷ്യമുണ്ടെങ്കില്‍ കരിങ്കല്ല് കടിച്ചോ എന്ന് പറയാറുണ്ട്. കേട് കരിങ്കല്ലിനല്ല; അവനവന്റെ പല്ലിന് തന്നെ. യോഗി ആദിത്യനാഥിന്റെ യോഗം അങ്ങനെയാണ്. വര്‍ഗീയ വിദ്വേഷം മൂലം മനസ്സ് മരവിച്ചവരാണ് അദ്ദേഹവും കൂടെയുള്ള യോഗ്യന്‍മാരും. ഗോ രക്ഷകരെ വെച്ച് നരഹത്യ തുടരുമ്പോഴാണ് ശിശുഹത്യ കേറിപ്പിടിച്ചത്. ജീവിതത്തിലൊരിക്കലും കേരളം കാണാത്ത യോഗി ഇവിടുത്തെ വെടിപ്പും വൃത്തിയും കണ്ടപ്പോള്‍ ഒരു ഗ്ലാസ് സമ്പാരം കുടിച്ച് തടിതപ്പി. യു പിയില്‍ ആര്‍ എസ് എസിന്റെ തിട്ടൂരം വാങ്ങി ഭരണം നടത്തിയപ്പോഴാണ് രാജ്യം ചാവാലികളായ കാലികളെക്കൊണ്ട് നിറയുന്നത്. കാലി മാംസത്തിന്റെ ഇനത്തില്‍ ലഭിച്ചിരുന്ന ലാഭവും നഷ്ടപ്പെട്ടു. പിന്നെയുള്ള നല്ലൊരു വരുമാനം ടൂറിസം വഴിയാണ്. ടൂറിസം മന്ത്രി റീത്താ ബഹുഗുണ ആര്‍ എസ് എസ് പറഞ്ഞത് കേട്ട് ടൂറിസം ഭൂപടത്തില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കി; അതിനെ ആരോ വിമര്‍ശിച്ചെന്ന് കേള്‍ക്കേണ്ട താമസം. മുമ്പ് മുസഫര്‍ നഗര്‍ കലാപത്തിന് നേതൃത്വം കൊടുത്ത ഒരു കിരാതന്‍ എം എല്‍ എ താജ് മഹല്‍ അക്രമികളുണ്ടാക്കിയതാണെന്ന് പറഞ്ഞു. ചരിത്രത്തില്‍ അപാര വിവരമുണ്ടെന്ന് നടിച്ചുകൊണ്ട് താജ്മഹലുണ്ടാക്കിയ ഷാജഹാന്‍ ചക്രവര്‍ത്തി അച്ഛനെ തടവിലാക്കിയ ആളാണെന്നും അയാള്‍ തട്ടി വിട്ടു. ആകെ പൊല്ലാപ്പിലായ യോഗി തിരുമേനി ഇത്രേം വേണ്ടിയിരുന്നില്ല എന്നത് കൊണ്ട് വീണേടം ഉരുണ്ട് മുഖം രക്ഷിക്കുകയാണ്. താജ്മഹല്‍ ഇന്ത്യക്കാരായ അനേകം തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്നുണ്ടായതാണെന്നും ആര് നിര്‍മിച്ച് എന്നത് പ്രശ്‌നമല്ലെന്നും ആ തിരുനാവില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞു.
താജ്മഹല്‍ രാജ്യത്തിന്റേതാണ്

താജ്മഹലിനോട് ബി ജെ പി കാണിക്കുന്ന അരിശം അത് നിര്‍മിച്ചത് മുസ്‌ലിംകളാണ് എന്നത് കൊണ്ടാണ്. താജ് മഹല്‍ കാണാന്‍ വരുന്നവരില്‍ എല്ലാ ജാതി മതക്കാരുമുണ്ട്. കാണാന്‍ വരുന്നര്‍ മുസല്‍മാനോ ഹിന്ദുവോ എന്ന് ആരും തുണി പൊക്കി നോക്കുന്നില്ല. ഭാരതത്തിന്റെ പേര് വിശ്വമെങ്ങും ഉയര്‍ത്തുന്ന ആ മഹാസൗധം രാജ്യത്തിന്റെ അഭിമാനമാണ്. ഹിന്ദുവിനും മുസല്‍മാനും ഒരു പോലെ അതില്‍ അഭിമാനിക്കാം. അതിന്റെ വരുമാനം ഈ രാജ്യത്തിന്റെ പൊതുഖജനാവിലേക്കുള്ളതാണ്. അതുണ്ടാക്കിയത് ഇന്ത്യയുടെ സ്വത്തുപയോഗിച്ചാണ്. അതിന് വേണ്ടി പണിയെടുത്തത് നാനാ ജാതിക്കാരുമടങ്ങുന്ന ഇന്ത്യക്കാര്‍ തന്നെയാണ്. ഏഴാമത്തെ അദ്ഭുതമായി ചരിത്രം കുറിച്ചുവെച്ച താജ്മഹലിനോട് രോഷം തോന്നണമെങ്കില്‍ അയാളുടെ ഹൃദയം എത്ര മാത്രം പരുത്തതാവണം? മുസല്‍മാനോട് അരിശം തീര്‍ക്കാന്‍ താജ്മഹല്‍ വെട്ടിയാല്‍ മാത്രം മതിയോ? ഇന്ത്യയെ ശോഭനമാക്കുന്ന എത്രയെത്ര മന്ദിരങ്ങള്‍ വെട്ടി മാറ്റണം. ആഗ്രയിലും ഡല്‍ഹിയിലും ഫത്തേപൂര്‍ സിക്രിയിലും ഗുജറാത്തിലും ബംഗാളിലും മാള്‍വയിലും ജോധ്പൂരിലും ഹൈദരാബാദിലും കശ്മീരിലുമൊക്കെയായി നൂറുകണക്കിന് സൗധങ്ങളെ മുസ്‌ലിം വിരോധത്തിന്റെ പേരില്‍ വെട്ടിമാറ്റിയാല്‍ എന്ത് കുന്തമാണ് ഈ രാജ്യത്ത് കാണാനുള്ളത്? കൊല്ലം തോറും ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷത്തെ പ്രഭാമയമാക്കുന്ന ചെങ്കോട്ടയും അതിഥി മന്ദിരമായ ഹൈദരാബാദ് ഹൗസും ജുമാമസ്ജിദുമൊക്കെ വെട്ടിമാറ്റണ്ടേ? ഇന്ത്യയുടെ കീര്‍ത്തിക്കും സംസ്‌കൃതിക്കും മകുടം ചാര്‍ത്തുന്ന ആ കുംഭഗോപുരങ്ങളല്ലാതെ എന്താണ് നമുക്ക് പറയാനുള്ളത്? അശോകന്റെ തൂണുകളും പഴയ ഗുഹാചിത്രങ്ങളും ഏതാനും ക്ഷേത്രങ്ങളും കൊണ്ട് മാത്രം ഉണ്ടായതാണോ ഈ രാജ്യം? നമ്മുടെ പാര്‍ലിമെന്റ് മന്ദിരം അക്രമികളായ ബ്രിട്ടീഷുകാരുണ്ടാക്കിയതാണ്. ആ നിലക്ക് പാര്‍ലിമെന്റ് ഹൗസിന്റെ പടിയടച്ച് പിണ്ഡം വെക്കുമോ?
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പല പുണ്യസ്ഥലങ്ങളുമുണ്ട്. അതൊക്കെ വെട്ടിക്കളയാന്‍ അവിടുത്തെ തീവ്രവാദികളും വാദിച്ചെന്നിരിക്കും. കാരണം തീവ്രവാദികള്‍ക്ക് കണ്ണും മൂക്കുമില്ല. ഇന്ത്യയും പാക്കിസ്ഥാനും പിന്നെ തീവ്രവാദികളും ജനിക്കും മുമ്പേ ഇവിടെ സംസ്‌കാരമുണ്ട്. ഹിന്ദുവും മുസല്‍മാനും പണിതുയര്‍ത്തിയ സംസ്‌കൃതിയുണ്ട്. ജൈനനും ബുദ്ധനും സൂഫികളും ഭഗതുകളും ഈ രാജ്യത്തിന് വേണ്ടിയാണ് ജീവിച്ചത്.
താജ്മഹല്‍ തമസ്‌കരിച്ച് ഇന്ത്യയുടെ മാനം കെടുത്തണമെന്ന് ബി ജെ പി മാത്രമല്ല ആഗ്രഹിക്കുന്നത്. ഇസില്‍ തീവ്രവാദികളും അത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതേ തുടര്‍ന്ന് സര്‍ക്കാര്‍ സുരക്ഷ കര്‍ശനമാക്കി. ഇപ്പോള്‍ സര്‍ക്കാറും തീവ്രവാദികളോടൊപ്പം നില്‍ക്കുകയാവുമോ? അക്രമികളാണ് താജ്മഹലുണ്ടാക്കിയതെങ്കില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളും മറ്റും അടിമകളായ ശൂദ്രന്‍മാരെക്കൊണ്ട് എല്ലുമുറിയെ പണി ചെയ്യിച്ചുണ്ടാക്കിയതാണ്. പാവം ദളിതരെ നൂറ്റാണ്ടുകളോളം പീഡിപ്പിച്ചില്ലേ? ഇന്നും അക്കഥ തുടരുകയല്ലേ? അക്രമികളായ ഈ ക്ഷത്രിയരുണ്ടാക്കിയ ക്ഷേത്രങ്ങളും ഇക്കണക്കിന് രാജ്യത്തിന് അപമാനമല്ലേ? ഒരു സമുദായത്തോട് രോഷമുണ്ടെന്ന് വെച്ച് അവരുണ്ടാക്കിയ സ്മാരകങ്ങള്‍ തുടച്ചുനീക്കണമെന്ന് പറയുന്നവര്‍ ബാമിയാനിലെ ബുദ്ധ വിഗ്രഹങ്ങള്‍ തകര്‍ത്ത താലിബാന് തുല്യരാണ്. വെറുതെയല്ല ബി ജെ പിയെ ഫാസിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്.

ചരിത്ര പീഡനം

ചരിത്രത്തെ പീഡിപ്പിച്ചു കൊല്ലുന്ന ചില ചരിത്രകാരന്‍മാരെ സംഘ്പരിവാര്‍ പടച്ചുവിട്ടിരുന്നു. അവര്‍ക്ക് താജ്മഹല്‍ വേണം. പക്ഷേ അത് മുസ്‌ലിംകള്‍ നിര്‍മിച്ചതാകരുത്. അതിന് പേന ചുമക്കുന്ന ഓക് എന്നൊരുത്തനെ ശട്ടം കെട്ടി. അയാള്‍ താജ്മഹല്‍ ശിവക്ഷേത്രമാണെന്ന വാദം എഴുന്നള്ളിച്ചു. ഇപ്പോള്‍ ബാബരി മസ്ജിദിനെപ്പറ്റി കെ കെ മുഹമ്മദ് എന്നൊരു പുരാവസ്തു ഗവേഷകനെ കൂടി കിട്ടിയിരിക്കുന്നു. ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കരുത് എന്ന് കമ്യൂണിസ്റ്റുകാരാണത്രേ മുസ്‌ലിംകളോട് പറഞ്ഞത്. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്ന് കൂടി കെ കെ പറഞ്ഞപ്പോള്‍ ഒരുമുസല്‍മാനെക്കൊണ്ട് അത് പറയിപ്പിച്ചതില്‍ ബി ജെ പിക്കാര്‍ സന്തോഷിച്ചു. എം ജി എസ് നാരായണനെപ്പോലെ കമ്യൂണിസ്റ്റുകളോടുള്ള വിരോധം തീര്‍ക്കാന്‍ കെ കെയും ബി ജെ പിക്കൊപ്പം നില്‍ക്കുകയാണ്. ഇവരുടെ കൂട്ടത്തിലാണ് താജ്മഹലിനെ ശിവക്ഷേത്രമാക്കിയ ഓക് എന്നയാളും. ശിവക്ഷേത്രം എന്നര്‍ഥമുള്ള തേജോ മഹാലയ് എന്ന പേര് മുസ്‌ലിംകള്‍ താജ്മഹല്‍ എന്നാക്കിയതാണത്രേ. പള്ളി പൊളിച്ച് പാപം തീര്‍ക്കണമെന്ന് പറയുന്നവര്‍ ഒരു കാര്യം കൂടി ചെയ്യട്ടെ. അധഃസ്ഥിതരായി ദുരിതമനുഭവിച്ച ദളിതരുടെ മുമ്പില്‍ ബ്രാഹ്മണരും ക്ഷത്രിയരും കുമ്പിട്ടുനിന്നു കൊടുക്കട്ടെ. മതി വരുവോളം ഇവരെ ചാട്ടവാറ് കൊണ്ടടിച്ച് പ്രതിക്രിയ ചെയ്യട്ടെ. ക്ഷേത്രങ്ങള്‍ നിരവധി ബുദ്ധമതക്കാര്‍ക്കും ജൈനന്‍മാര്‍ക്കുമുള്ളതാണ്. അതൊക്കെ തിരിച്ചുകൊടുത്ത് കുമ്പസരിക്കട്ടെ.

ക്രിസ്മസ് ഹിന്ദുക്കളുടെ ഉത്‌സവമാണെന്നും അത് കൃഷ്ണ മാസമാണെന്നും ഓക് തട്ടിവിട്ടിരുന്നു. ഒരു കാലത്ത് ഇറ്റലി ഹിന്ദുക്കളുടെ കൈയിലായിരുന്നെന്നും ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബി ഒരു ശിവ ക്ഷേത്രമായിരുന്നുവെന്നും കൂടി ഓക് പറഞ്ഞപ്പോള്‍ ഇയാള്‍ക്ക് ശരിക്കും വട്ടാണെന്ന് ബി ജെ പിക്ക് തന്നെ ബോധ്യപ്പെടുകയും ശിവ ശിവ എന്ന് പറഞ്ഞ് അയാളെ തള്ളുകയും ചെയ്തു. ഉത്തര്‍പ്രദേശ് ബി ജെ പിയുടെ പ്രസിഡന്റ് ലക്ഷ്മി കാന്ത് വാജ്‌പേയി പറയുന്നത് ജയ്പാല്‍ എന്ന ഹിന്ദു രാജാവ് താജ്മഹല്‍ എന്ന ക്ഷേത്രം ഷാജഹാന്‍ ചക്രവര്‍ത്തിക്ക് വിറ്റുവെന്നാണ്. സമാധാനം; പിടിച്ചെടുത്തതല്ലല്ലോ. ആര്‍ എസ് എസുകാരന്‍ ശങ്കര്‍ ജെയിന്‍ താജ് മഹല്‍ ഹിന്ദുക്കളുടേതാണെന്നും അതവര്‍ക്ക് വിട്ടുകിട്ടണമെന്നും പറഞ്ഞ് ആഗ്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വേറെയും കേസുകള്‍ പലരായി കൊടുത്തു. താജ്മഹലിലെ ഖബറിടം നീക്കം ചെയ്ത് അവിടെ ശിവ പ്രതിമയും ലിംഗവുമൊക്കെ സ്ഥാപിക്കണം. ഇതാണാവശ്യം. പാര്‍ലിമെന്റിലുമെത്തി പ്രശ്‌നം. താജ്മഹല്‍ ശിവക്ഷേത്രമാണോ എന്ന ചോദ്യത്തിന് സംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ പറഞ്ഞു: ആ വാദത്തിന് ഒരു തെളിവുമില്ല. എന്നിട്ടും ആര്‍ എസ് എസ് പണി നിറുത്തിയിട്ടില്ല.

താജ്മഹല്‍

42 ഏക്കര്‍ വിശാലമായ ഭൂമിയുടെ മധ്യത്തിലാണ് മഹലിന്റെ കിരീടം എന്നര്‍ഥമുള്ള താജ്മഹല്‍ നിര്‍മിച്ചത്. മഹല്‍ എന്നത് ഇഷ്ട പത്‌നിയായ മുംതാസ് മഹലിനേയാണ് സൂചിപ്പിക്കുന്നത്. 1632ല്‍ തുടങ്ങി 1653ല്‍ പൂര്‍ത്തിയാക്കിയ ഈ സൗധത്തിന് ഇന്നത്തെ നിലക്ക് 527 മില്യണ്‍ ഡോളര്‍ ചെലവ് വരും. അഹ്മദ് ലാഹോരി എന്ന കൊട്ടാര ശില്‍പിയുടെ നേതൃത്വത്തില്‍ ഇരുപതിനായിരം പേര്‍ അന്ന് താജിന് വേണ്ടി വിയര്‍പ്പൊഴുക്കി. വെളുത്ത മാര്‍ബിളില്‍ തീര്‍ത്ത താജ് പൂര്‍ണ ചന്ദ്രന്റെ നിലാവില്‍ ഒരപ്‌സര കന്യകയെപ്പോലെ നൃത്തമാടുന്നത് കാണാമെന്നാണ് ഒരു ഇംഗ്ലീഷുകാരന്‍ പറഞ്ഞത്. മുംതാസ് മഹല്‍ പൂര്‍ണ നഗ്‌നയായി യമുനയില്‍ കുളിക്കാനിറങ്ങിയ പോലെ തോന്നും എന്ന് മറ്റൊരു വെള്ളക്കാരന്‍. പ്രിയതമയെ ഇത്രമാത്രം സ്‌നേഹിച്ച ഒരു പുരുഷനും ഈ ലോകത്തില്ലെന്ന് മറ്റൊരു കവി. ഉര്‍ദു കവി ലുധിയാനിയുടെ വാക്കുകളില്‍ “താജ് മഹല്‍ നിങ്ങള്‍ക്ക് വലിയ കാര്യമാവാം. അവിടെ പാവപ്പെട്ടവര്‍ക്കെന്ത്? ഇതേക്കാള്‍ വിലയുണ്ട് ഈ ദരിദ്രന്റെ പ്രേമത്തിന്” (മെരീ മഹ്ബൂബ് കഹീ ഔര്‍ മിലാ കര്‍ മുജ് സെ; ബസ്‌മെ ഷാഹീ മെം ഗരീബോം കാ ഗുസര്‍ ക്യാ മആനി). താജ്മഹലും ചുറ്റുമുള്ള ചുവന്ന കെട്ടിടവും മനോഹരമായ കവാടവും ചുറ്റും പച്ചപ്പരവതാനി വിരിച്ച വിശാലമായ മുറ്റങ്ങളും പൈന്‍ മരങ്ങള്‍ക്കിടയില്‍ വിവിധ ദീപങ്ങളില്‍ വര്‍ണരാജിയൊരുക്കുന്ന ജല ധാരകളും നിറഞ്ഞ താജ് ഭൂമിയിലെ സ്വര്‍ഗം പോലെ തോന്നും. സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കും ദൈവത്തിന്റെ പ്രൗഢിയെ കുറിച്ച് ചിന്തിക്കുന്നവര്‍ക്കും ആ കരവിരുതിന്റെ വിസ്മയം കണ്‍കുളിര്‍ക്കുന്നത് തന്നെയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ സൗന്ദര്യബോധവും ദൈവീക വിലാസങ്ങളുടെ ആഴവും മനസ്സിലാക്കണം. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമാണത്. ഒപ്പം ഈ മഹാരാജ്യത്തിന് വിശ്വ പ്രശസ്തി നല്‍കിയ വിസ്മയവും.

മുംതാസ് മഹല്‍

മുംതാസ് മഹല്‍ എന്ന അര്‍ജുമന്‍ദ് ബാനു, അബുല്‍ ഹസന്‍ അസഫ് ഖാന്‍ എന്ന പേര്‍ഷ്യന്‍ പ്രഭുവിന്റെ മകളാണ്. ചക്രവര്‍ത്തി പദത്തിലേറും മുമ്പേ ഖുര്‍റം എന്ന ഷാജഹാന്‍ പതിമൂന്ന് കാരി ബാനുവിനെ നിക്കാഹ് കഴിച്ചിരുന്നു. അതൊരു പ്രേമ കഥയാണ്. പക്ഷേ, പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു സഫവീ രാജകുമാരിയെ വേള്‍ക്കേണ്ടിവന്നെങ്കിലും ബാനുവിനോടുള്ള പ്രേമം പുഷ്പിച്ചു തന്നെ നിന്നു. അവരെ ഷാജഹാന്‍ രണ്ടാം ഭാര്യയായി സ്വീകരിച്ചു. അന്ന് തന്നെ മുംതാസ് മഹല്‍ എന്ന പേരും നല്‍കി. അന്നവര്‍ക്ക് 19 വയസ്സ്. രാഷ്ട്രീയ കാരണങ്ങളാല്‍ വേറെ രണ്ട് ഭാര്യമാരെ കൂടി വേള്‍ക്കേണ്ടിവന്നു. എന്നും ഇഷ്ടം ബാനുവിനോട് തന്നെ. മുംതാസ് എന്നല്ലാതെ ഷാജഹാന്‍ അവരെ വിളിക്കുമായിരുന്നില്ല. ഇഷ്ടം കൂടുമ്പോള്‍ “മാലികാ ജഹാന്‍ മാലികാ സമാന്‍” എന്നൊക്കെയും വിളിച്ചിരുന്നു. യാത്രകളിലും പടയോട്ടങ്ങളിലും അവര്‍ ചക്രവര്‍ത്തിയെ അനുഗമിക്കും. ആഗ്ര കൊട്ടാരത്തിലെ ഖാസ് മഹലിലാണ് മുംതാസിന് വീടൊരുക്കിയത്. കണ്ണഞ്ചിപ്പിക്കുന്നതാണ് ഈ കൊട്ടാരം. മുംതാസിന്റെ സൗന്ദര്യത്തെ കുറിച്ച് കവികളും കഥാകാരന്‍മാരും എഴുതിയ വര്‍ണനകള്‍ക്ക് കൈയും കണക്കുമില്ല. മറ്റു ഭാര്യമാരും അത് സമ്മതിച്ചു കൊടുത്തു. ശാസനകളിലും രേഖകളിലും ഒപ്പിടാനുള്ള അവകാശവും മുംതാസിനു തന്നെ. നല്ല സാമര്‍ഥ്യമുള്ളതിനാല്‍ ഭരണകാര്യങ്ങളില്‍ വലിയ സഹായമായി. അതോടൊപ്പം പാവപ്പെട്ടവരോടും കവികളോടും വളരെ സ്‌നേഹമായിരുന്നു. നന്നായി ദാനം ചെയ്യും. ദാരയും ഔറംഗസേബും ജഹാന്‍ ആരയുമടങ്ങുന്ന 14 മക്കള്‍ക്ക് മുംതാസ് ജന്‍മം നല്‍കി. ഏഴ് ആണ്‍ മക്കളും ഏഴ് പെണ്‍ മക്കളും. ആറ് പേര്‍ അകാലത്തിലേ മരിച്ചു.

ഡക്കാനിലെ ബുര്‍ഹാന്‍പൂരിലേക്ക് യുദ്ധത്തിന് പോകുന്ന ചക്രവര്‍ത്തിയെ മുംതാസും അനുഗമിച്ചു. പൂര്‍ണ ഗര്‍ഭിണിയായിരുന്നു. വഴിക്ക് വെച്ച് അവസാനത്തെ കുട്ടിക്ക് ജന്‍മം നല്‍കവേയാണ് മരണപ്പെട്ടത്. ബുര്‍ഹാന്‍പൂരിലെ സൈനി ഉദ്യാനത്തിലാണ് അന്ന് മറവ് ചെയ്തത്. ഷാജഹാന്റെ ദുഃഖത്തിന് അതിരുണ്ടായില്ല. അദ്ദേഹം ഒരു വര്‍ഷം വീട്ടിന് പുറത്തിറങ്ങിയില്ലത്രേ. പിന്നെ കാണുമ്പോള്‍ ആ മുഖത്ത് വാര്‍ധക്യം ചാലിട്ടിരുന്നു. നരച്ച തലയും വളഞ്ഞ മുതുകും ഷാജഹാനെ പറ്റേ വൃദ്ധനാക്കി. മുംതാസിന്റെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് ഒരു സ്വര്‍ണ പേടകത്തിലാക്കി മകന്‍ ഷൂജ ആഗ്രയിലേക്ക് കൊണ്ടുവന്നു. അവിടെ യമുനാ തീരത്തെ ഒരു കെട്ടിടത്തിനകത്ത് സംസ്‌കരിച്ചു. ആ കെട്ടിടമാണ് താജ്മഹലായി മാറിയത്. താജ്മഹലിന്റെ താഴെ നിലയില്‍ മുംതാസും ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മുകള്‍ ഭാഗത്ത് അതേ മാതൃകയുണ്ടാക്കിയത് കൂടുതല്‍ അലങ്കാരത്തിന് വേണ്ടിയാണ്. അവിടെ മുത്തും രത്‌നവുമൊക്കെ പതിച്ചത് ബ്രിട്ടീഷുകാര്‍ കട്ടുകൊണ്ടുപോയി. ദൈവത്തിന്റെ തൊണ്ണൂറ്റി ഒമ്പത് നാമങ്ങളും അവിടെ കൊത്തിവെച്ചിരിക്കുന്നു.

എന്തിനായിരുന്നു താജ്മഹല്‍?

ഒരു ചോദ്യം ഇവിടെ ബാക്കി നില്‍ക്കുന്നു. എന്തിനാണ് രാജ്യത്തെ മുക്കിപ്പിഴിഞ്ഞ് പാവങ്ങളെ പട്ടിണിക്കിട്ട് ഇങ്ങനെയൊരു സൗധം പണിതത്? താജിനായി പണം ഇങ്ങനെ വാരിക്കോരുമ്പോള്‍ മുഗള്‍ പ്രവിശ്യകളില്‍ അന്നത്തിന് വകയില്ലാതെ ജനം പട്ടിണി കിടന്ന് മരിക്കുകയായിരുന്നു. ഗുജറാത്തില്‍ മനുഷ്യര്‍ ശവങ്ങള്‍ തിന്ന് വിശപ്പകറ്റിയെന്ന് ചരിത്രകാരന്‍മാര്‍. ഡക്കാനിലിരുന്ന് എല്ലാം നോക്കിക്കണ്ട മകന്‍ ഔറംഗസീബ് ഇത് കണ്ട് സഹിക്കവയ്യാതെയാണ് പിതാവില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്. അപ്പോഴും താജ്മഹല്‍ കോംപ്ലക്‌സിനകത്ത് യമുനാ നദിക്കക്കരെ മറ്റൊരു ചുവന്ന സൗധം സംവിധാനിക്കുകയായിരുന്നു പിതാവ്. ജനം പട്ടിണി തിന്ന് മരിക്കുന്നത് ഷാജഹാനും സുഖലോലുപനായ മൂത്ത സഹോദരന്‍ ദാരയും കണ്ടില്ല. ഔറംഗസീബാണ് ഈ ഭ്രാന്തിന് ചങ്ങലയിട്ടത്. അദ്ദേഹം പിതാവിന് താജ്മഹല്‍ കണ്‍കുളിര്‍ക്കെ കാണാന്‍ കൊട്ടാരത്തില്‍ തന്നെ സൗകര്യമൊരുക്കി. പിതാവിന്റെ സംരക്ഷണച്ചുമതല ഇഷ്ട മകളായ ജഹാന്‍ ആരയെ ഏല്‍പ്പിച്ചു. രാജ്യത്തെ നിര്‍മാണങ്ങളെല്ലാം നിറുത്തി വെച്ചു. പണം പ്രവിശ്യകളിലേക്ക് അയച്ച് പട്ടിണിക്കറുതിവരുത്തി. എന്നിട്ടും ഔറംഗസീബ് പിതാവിനെ തടവിലിട്ടു എന്ന ഇംഗ്ലീഷുകാരുടെ വ്യാജ പ്രചാരണങ്ങളെ താലോലിക്കുകയാണ് ചരിത്രകാരന്‍മാര്‍.

എന്തൊക്കെയായാലും താജ്മഹല്‍ ഇന്നൊരു യാഥാര്‍ഥ്യമാണ്. ഇന്ത്യയുടെ ഐശ്വര്യവുമാണത്. അതിനെ തമസ്‌കരിക്കുന്നത് ഏറ്റവും വലിയ ദേശദ്രോഹമാണ്. മുസ്‌ലിം സ്മാരകങ്ങളെ തമസ്‌കരിച്ചാല്‍ അത് രാജ്യസ്‌നേഹമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ആദ്യം മനുഷ്യ സ്‌നേഹം പഠിക്കട്ടെ.