Kerala
സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സ്‌കൂളുകളില്‍ ആര്‍ എസ് എസ് പുസ്തക വിതരണം; ഡി പി ഐ അന്വേഷിക്കുമെന്ന് മന്ത്രി
പാലക്കാട്: സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആര്‍ എസ് എസ് നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. വിവിധ ക്ലാസുകളിലേക്കായി ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷക്കായി വിതരണം ചെയ്ത പുസ്തകങ്ങളിലാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായതുമായ വിവരങ്ങളുള്ളത്. നാല് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷക്ക് വേണ്ടി എല്ലാ സ്‌കൂളുകളിലും വിദ്യാഭാരതി നേരിട്ടാണ് പ്രത്യേക പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. അതേസമയം കോഴിക്കോട് കൊയിലാണ്ടിയിലുളള സ്‌കൂളുകളില്‍ സംഘ്പരിവാര്‍ പുസ്തക വിതരണം നടത്തിയത് ഡി പി ഐ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
ഇന്ത്യയുടെ തെക്ക് ഭാഗത്ത് ഹിന്ദുമഹാസമുദ്രം എന്ന് പഠിപ്പിക്കുന്ന പുസ്തകത്തില്‍ അര്‍ധസത്യവും അസത്യവുമായ 20 പരാമര്‍ശങ്ങളാണ് ഉള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരീക്ഷയുടെ മറവില്‍ കുട്ടികളില്‍ സംഘ്പരിവാര്‍ ചിന്തകള്‍ കുത്തിവെക്കാനുള്ള ബി ജെ പി തന്ത്രമാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സവര്‍ക്കര്‍, ഹെഡ്‌ഗെവാര്‍ എന്നിവരുള്‍പ്പെടെയുള്ള ആര്‍ എസ് എസ് നേതാക്കളെ വീരപുരുഷന്മാരായാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്ധിജിക്കും ടാഗോറിനുമൊപ്പം സ്ഥാനമുള്ളവരാണ് ഇരുവരുമെന്നും ഈ പുസ്തകങ്ങളില്‍ അവകാശപ്പെടുന്നു.
ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്ന് തുരങ്കമുണ്ടാക്കിയ ബാലനാണ് ഹെഡ്‌ഗെവാറെന്നും രാജ്യത്തിന്റെ അഖണ്ഡതക്കായി കശ്മീരില്‍ രക്തസാക്ഷിത്വം വരിച്ച വീരബലിദാനിയാണ് ശ്യാമപ്രസാദ് മുഖര്‍ജിയെന്നുമൊക്കെയാണ് പുസ്തകത്തിലുള്ളത്. മഥുരയില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് പള്ളി സ്ഥാപിച്ചെന്നും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പുസ്തകം വിശദീകരിക്കുന്നു. ആര്‍ എസ് എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ അഖണ്ഡഭാരതത്തെയും പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.
ആറാം ക്ലാസില്‍ വിതരണം ചെയ്ത പുസ്തകത്തില്‍ കേരളത്തിലെ നിയമസഭാ സീറ്റുകളുടെ എണ്ണം 144 എന്നാണ് കൊടുത്തിരിക്കുന്നത്. രക്ഷാബന്ധന്‍ പോലുള്ള ആഘോഷങ്ങളെയാണ് നാലാം ക്ലാസിലെ പുസ്തകത്തില്‍ സാംസ്‌കാരിക ഉത്സവങ്ങളായി വിശദീകരിച്ചിരിക്കുന്നത്. തിരുവോണം വാമന ജയന്തിയായാണ് വിശദീകരിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ സംസ്‌കാരവും അഖണ്ഡതയുമായി ഏറ്റവും യോജിക്കുന്ന സാംസ്‌കാരിക ദേശീയ ഉത്സവമായി പറയുന്നത് കുംഭമേളയാണ്.
പല സ്‌കൂള്‍ അധികൃതരും പുസ്തക വിതരണത്തിന് അനുമതി നല്‍കിയിരുന്നില്ല. സ്‌കോളര്‍ഷിപ്പെന്ന് പറഞ്ഞാണ് പുസ്തകം വിതരണം ചെയ്തതെന്നും പിറ്റേന്ന് 50 രൂപ കൊടുത്താല്‍ പരീക്ഷ എഴുതാമെന്നുമാണ് വിദ്യാഭാരതി അധികൃര്‍ പറഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു.
മുന്‍വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്ക് കീഴിലെ സ്‌കൂളുകളില്‍ മാത്രം നടത്തിയിരുന്ന പരീക്ഷ കഴിഞ്ഞ വര്‍ഷം മുതലാണ് പൊതുവിദ്യാലയങ്ങളിലും വ്യാപകമായി നടത്തി തുടങ്ങിയത്. ഈ വര്‍ഷം മുതല്‍ പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് വിദ്യാഭാരതിയുടെ അഖിലേന്ത്യാ നേതാക്കള്‍ പറയുന്നത്. രാജ്യത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്ക് നുഴഞ്ഞു കയറി വികലമായ സംഘ്പരിവാര്‍ ആശയങ്ങള്‍ ചെറുപ്പത്തിലേ കുട്ടികളില്‍ കുത്തി നിറക്കാനുള്ള ഹിറ്റ്‌ലര്‍ മോഡല്‍ പദ്ധതി ആവിഷ്‌കരിക്കുകയാണ് ആര്‍ എസ് എസ് എന്നാണ് ആരോപണം.