Connect with us

Articles

മുത്തുനബിയുടെ പാഠങ്ങള്‍

Published

|

Last Updated

കഴിഞ്ഞ ദിവസങ്ങളില്‍ ലോക പ്രശസ്തരായ ചില അതിഥികള്‍ മഅ്ദിന്‍ സന്ദര്‍ശിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഇബ്‌നു അറബി ഫൗണ്ടേഷനിലെ ഫാകല്‍റ്റിയുമായ എറിക്ക് അബുമുനീര്‍ വിങ്കിള്‍, ബ്രിട്ടീഷ് കനേഡിയന്‍ കവിയായ പോള്‍ അബ്ദുല്‍ വദൂദ് സതര്‍ലാന്റ്, ഒ പി ജിന്‍ഡാല്‍ യുനിവേഴ്‌സിറ്റിയിലെ പ്രൊഫ. അമാന്‍ ഷാ, ശൈഖ് നൂറുല്‍ ഹസ്സന്‍ ആസ്‌ത്രേലിയ തുടങ്ങി ഒരുപാട് പേര്‍. ഇവരില്‍ മിക്കവരും ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തവരാണ്. “എന്തായിരുന്നു ഇസ്‌ലാമിലേക്ക് വരാനുള്ള കാരണം? ” ഒരു സൗഹൃദ സംഭാഷണത്തില്‍ എറിക്ക് വിങ്കിളിനോട് ചോദിച്ചു. എല്ലാവരെയും തുല്യമായി ഉള്‍കൊള്ളാന്‍ സാധിക്കുന്ന നബി(സ)യുടെ വിശാലതയാണ് എന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത് എന്നായിരുന്നു ഉത്തരം. വളരെ ചെറുപ്പത്തിലെ നന്നായി വായിക്കുന്ന വ്യക്തിയായിരുന്നു ഞാന്‍, അതുകൊണ്ടു തന്നെ എന്റെ അന്വേഷണ പഠന മേഖലയിലേക്ക് എല്ലാ മതങ്ങളും കടന്നുവന്നു. ലോകത്തുള്ള മറ്റെല്ലാ സെമിറ്റിക് മതങ്ങളും ചിലപ്രവാചകരെ അംഗീകരിക്കുമ്പോള്‍ മറ്റുചിലരെ നിഷേധിക്കും. എന്നാല്‍ ഇസ്‌ലാം എല്ലാവരെയും തുല്യമായി അംഗീകരിക്കുന്നു. ഇതെന്നെ വല്ലാതെ ആകര്‍ഷിച്ചു. നബി(സ) തങ്ങളെ ആടുത്തറിഞ്ഞപ്പോള്‍ അതിന്റെ സൗന്ദര്യത്തിലാകൃഷ്ടനായിട്ടാണ് 2004ല്‍ പോള്‍ അബ്ദുല്‍ വദൂദ് സതര്‍ലാന്റും ഇസ്‌ലാമിലേക്ക് വരുന്നത്. ഇങ്ങനെ പ്രവാചകാധ്യാപനങ്ങളിലും ഇസ്ലാമിന്റെ ബഹുസ്വരതയിലും പരിപൂര്‍ണതയിലും ആകൃഷ്ടമായിട്ടാണ് ലോകം ഈ വിശ്വാസ ധാരയെ നെഞ്ചേറ്റുന്നത്.

എന്തുകൊണ്ട് നബി(സ) തങ്ങളുടെ ആശയം എന്ന ചോദ്യത്തിന് മനുഷ്യ ജീവിതത്തോട് പരിപൂര്‍ണമായും സമരസപ്പെടുന്ന ദര്‍ശനം എന്നതാണ് ഉത്തരം. അഷ്‌റഫുല്‍ ഖല്‍ഖിലൂടെ ഇസ്‌ലാം ലോക സഞ്ചാരം തുടങ്ങിയത് മുതലേ ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ഇങ്ങനെയാണ്. വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ സംഗമ ഭൂമിയില്‍ നിന്നാണ് അഷ്‌റഫുല്‍ ഖല്‍ഖ് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ലോക മാതൃകയായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്. 14 ശതാബ്ദങ്ങള്‍ക്കപ്പുറം മുത്ത് നബി(സ) മക്കയില്‍ തന്റെ ദൗത്യവുമായി രംഗത്തിറങ്ങുമ്പോള്‍ മക്കയിലെ സാമൂഹിക സ്ഥിതി എന്തായിരുന്നു എന്ന് പ്രവാചക പ്രണയികള്‍ക്കും ചരിത്രാവബോധമുള്ളവര്‍ക്കും വ്യക്തമായ ധാരണയുണ്ട്. മദ്യം ദാഹശമനിയാണെന്നും വികാരം ലൈംഗികതയാണെന്നും വിനോദം യുദ്ധമാണെന്നും നിര്‍വചിച്ചിരുന്നു ആ ഇരുണ്ട സമുദായം. ഇത്തരം ഒരവസ്ഥയില്‍ നിന്ന് അവരെ പരിവര്‍ത്തിച്ച് ശുദ്ധീകരിച്ചെടുത്തതിന് ശേഷം അഷ്‌റഫുല്‍ ഖല്‍ഖ് പ്രഖ്യാപിച്ചു: “എന്റെ അനുചരന്മാര്‍ നക്ഷത്ര സമന്മാരാണ് വല്ലവരും അവരെ പിന്‍പറ്റിയാല്‍ അവര്‍ സന്മാര്‍ഗം സിദ്ധിക്കും”. എന്താണ് ഈ തിരുവചനത്തിന്റെ വിവക്ഷ? ലൈറ്റ് ഹൗസ് കണ്ടിട്ടില്ലേ? പാതിരാ സമയത്ത് സമുദ്രമധ്യത്തില്‍ ദിശയറിയാതെ അലയുന്ന കപ്പലുകള്‍ക്ക് വഴിക്കാട്ടികളാണീ പ്രകാശ ഗോപുരങ്ങള്‍. എന്നത് പോലെ ഏത് ദിക്കില്‍ നിന്ന് നോക്കിയാലും പ്രകാശം ചൊരിഞ്ഞ് നിങ്ങള്‍ക്ക് ഋജുവായ ദിശയറിയാന്‍ സഹായിക്കുന്ന നക്ഷത്രങ്ങളെ പോലെയാണ് എന്റെ അനുചരന്മാര്‍ എന്നതാണ് അവിടുന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം.

ജാഹിലിയ്യാ കാല സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ഇവിടെ നാം പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. അവര്‍ വഴികേടിലാണ് എന്ന് പറയുന്നതിന് പകരം അവര്‍ വഴികേടില്‍ മുങ്ങികുളിച്ചവരാണ് എന്നാണ് അല്ലാഹു പറഞ്ഞത്. വസ്ത്രത്തില്‍ ചെളി പുരണ്ടാല്‍ നമുക്കത് കഴുകി വൃത്തിയാക്കാം. എന്നാല്‍ ചെളിയും വസ്ത്രവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയില്‍ കൂടികലര്‍ന്നാല്‍ എന്ത് ചെയ്യും? ഇത് പോലെയായിരുന്നു തിരുദൂതര്‍ വന്ന സമയത്ത് ജാഹിലിയ്യാ സമൂഹം. എന്നാല്‍ ഇത്തരം ഒരു സമൂഹത്തെയാണ് വെറും 23 വര്‍ഷത്തെ തന്റെ കഠിന പ്രയത്‌നത്തിലൂടെ തിരുനബി ലോകര്‍ക്ക് മാതൃകാ യോഗ്യരായ ഒരു സമൂഹമാക്കി നല്‍കിയത്.

നമ്മുടെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ധനം നീക്കിവെക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസം. വര്‍ഷംതോറും എത്ര കോളജുകളില്‍ നിന്നാണ് ബിരുദ ധാരികളും ബിരുദാനന്തര ബിരുദ ധാരികളുമായി നമ്മുടെ കുട്ടികള്‍ പുറത്തിറങ്ങുന്നത്. നാലാം വയസ്സില്‍ കെ ജി ക്ലാസിലേക്ക് വരുന്ന ഈ ബാല്യങ്ങളെ പത്തും പതിനഞ്ചും വര്‍ഷങ്ങളെടുത്ത് പഠിപ്പിച്ചിട്ടും ഇവരില്‍ എത്ര പേര്‍ മാതൃകായോഗ്യരാണെന്ന് നമുക്ക് പറയാന്‍ സാധിക്കുന്നു.

എന്തുകൊണ്ട് പ്രവാചകര്‍ക്ക് സമൂഹത്തില്‍ ലഭിച്ച സ്വീകാര്യതയും വിജയവും നമുക്ക് നമ്മുടെ സമൂഹത്തില്‍ നിന്ന് ലഭിക്കുന്നില്ല? എന്തായിരുന്നു ഇത്തരം ഒരു സ്വീകാര്യത ലഭിക്കാന്‍ അവിടുന്ന് ചെയ്തത്? വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. പ്രധാനമായും അഞ്ചു കാര്യങ്ങളാണ് നബിതങ്ങള്‍ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിരുന്നത്. അതില്‍ ഒന്നാമത്തേത് തന്റെ അനുവാചകരെ ഉള്‍കൊള്ളാനും അവര്‍ തന്നെ ഉള്‍കൊള്ളാനും പറ്റിയ രൂപത്തില്‍ സ്വജീവിതത്തെ അവിടുന്ന് മയപ്പെടുത്തിയിരുന്നു. അനുചരന്മാരോടൊന്നിച്ചുള്ള ഒരു യാത്രാമധ്യേ വിശന്നവശരായപ്പോള്‍ ഒരാടിനെ അറുത്ത് ഭക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു. ഒരാള്‍ ആടിനെ അറുക്കാന്‍ സന്നദ്ധനായി മറ്റൊരാള്‍ ആടിന്റെ തോലൂരാന്‍ മുന്നോട്ട് വന്നു ഈ സന്ദര്‍ഭത്തില്‍ തിരുനബി പറഞ്ഞു: “ആവശ്യമായ വിറകുകള്‍ ഞാന്‍ ശേഖരിക്കാം”. ഇത് കേള്‍ക്കേണ്ട താമസം സ്വഹാബികള്‍ക്ക് വിഷമമായി. അവര്‍ പറഞ്ഞു: വേണ്ട നബിയേ ഞങ്ങള്‍ ചെയ്‌തോളാം. തിരുനബി പ്രതിവചിച്ചു: ഞാന്‍ നിങ്ങളില്‍ ഒരാളായിരിക്കാനാണാഗ്രഹിക്കുന്നത്. വിറകു ശേഖരിക്കുക എന്ന ഏറ്റവും പ്രയാസകരമായ ജോലിയാണ് അവിടുന്ന് ഏറ്റെടുത്തത്. അധികാരവും അനുയായികളും ഗമനടിക്കാനും തന്റെ കല്‍പ്പന അംഗീകരിക്കാനും വേണ്ടി ഉള്ളവര്‍ മാത്രമാണ് എന്ന് കരുതുന്ന ആധുനിക നേതാക്കള്‍ക്ക് മുമ്പില്‍ തിരുനബി പറഞ്ഞു വെച്ചു സമുദായ നേതാവ് ആ സമൂഹത്തിന്റെ സേവകനാണെന്ന്. അനാഥകള്‍ക്കും അഗതികള്‍ക്കും അശരണര്‍ക്കും അവിടുന്ന് അത്താണിയായിരുന്നു. അനസ് (റ)നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദിസില്‍ കാണാം പെരുന്നാള്‍ സുദിനത്തില്‍ പള്ളിയിലേക്ക് പുറപ്പെട്ട തിരുനബി വഴിമധ്യേ നുരുമ്പിയ വസ്ത്രം ധരിച്ച് വിതുമ്പികരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ അരികില്‍ ചെന്ന് ചോദിച്ചു: മോനെന്തിനാ കരയുന്നത്? തന്റെ മുമ്പിലൂടെ പുതുവസ്ത്രങ്ങളണിഞ്ഞ് ആര്‍ത്തുല്ലസിച്ച് സന്തോഷിക്കുന്ന സമപ്രായക്കാരിലേക്ക് നോക്കി ആ പിഞ്ചുബാലന്‍ മുമ്പില്‍ നില്‍ക്കുന്നത് തിരുദൂതരാണെന്നറിയാതെ വിതുമ്പി: എന്റെ ഉപ്പ ഒരുയുദ്ധത്തില്‍ മരണപെട്ടു. ഉമ്മ വേറെ വിവാഹം കഴിച്ചു. പല കാരണങ്ങള്‍ കൊണ്ടും ഞാനാവീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇന്നെനിക്ക് വസ്ത്രമില്ല, വീടില്ല, വെള്ളമില്ല. എന്റെ കൂട്ടുകാരെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞ് കളിച്ച് രസിച്ച് ഉപ്പമാരുടെ കൈ പിടിച്ച് പള്ളിയിലേക്ക് പോകുന്നത് കണ്ടപ്പോള്‍ എന്റെ ഉപ്പയെ അലോചിച്ചുപോയതാണ് ഞാന്‍ കരയാനുള്ള കാരണം. ഇതു കേള്‍ക്കേണ്ട താമസം ആവശ്യക്കാരന്റെ ആവശ്യം മനസ്സിലാക്കി പ്രതികരിക്കുന്ന അശ്‌റഫുല്‍ ഖല്‍ഖ് ആ കുഞ്ഞുമോന്റെ കൈപിടിച്ച് ചോദിച്ചു: ഞാന്‍ നിന്റെ ഉപ്പയും ആഇശ നിന്റെ ഉമ്മയും അലിയാര് നിന്റെ എളാപ്പയും ഹസന്‍ ഹുസൈന്‍ നിന്റെ സഹോദരങ്ങളും ഫാത്തിമ നിന്റെ സാഹോദരിയുമാകുന്നതിനെ നീ ഇഷ്ടപെടുന്നുണ്ടോ? ആ കുഞ്ഞുമോന്‍ സര്‍വസമ്മതനായി, ലോകത്ത് തനിക്ക് കിട്ടുന്നതില്‍ വെച്ച് ഏറ്റവും വലിയ ഭാഗ്യത്തെ ആവേശത്തോടെ സ്വീകരിച്ചു. പറഞ്ഞുവന്നത് അവിടുന്ന് സമൂഹത്തിലിടപെട്ടത് ഇത്രമേല്‍ മയപ്പെട്ടതിന് ശേഷമായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തന്നെ പൂര്‍ണമായും തന്നിലര്‍പ്പിതമായ വിഷയത്തിന് വേണ്ടി സമര്‍പ്പിക്കുകയായിരുന്നു തിരുദൂതര്‍.

രണ്ടാമതായി അവിടുന്ന് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിരുന്ന ഒന്നാണ് അനുചരന്മാരില്‍ നിന്ന് തെറ്റുകള്‍ കണ്ടാല്‍ അവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി മാപ്പ് നല്‍കിയതിന് ശേഷം ആ സംഭവം മനസ്സില്‍ വെക്കാതിരിക്കുക എന്നത്. മറ്റുള്ളവര്‍ തന്നോട് ചെയ്ത പാതകത്തിന് പ്രതികാരം ചെയ്യാന്‍ വേണ്ടിമാത്രം ഒരായുസ്സ് മുഴുവന്‍ മാറ്റിവെക്കുന്ന എത്ര ഉദാഹരണങ്ങളുണ്ട് നമ്മുടെ പരിസരങ്ങളില്‍. മാപ്പ് നല്‍കിയാലും വിട്ടുവീഴ്ച ചെയ്താലും പരിഹിരിക്കാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങളേ ഇവിടെ സംഭവിക്കുന്നുള്ളൂ. പക്ഷേ, അതിനു സന്നദ്ധമാകുന്ന മനസ്സ് നമുക്കില്ലാതെപോകുന്നു എന്നതാണ് ഏറ്റവും ഭീകരമായ പ്രതിസന്ധി. മൂന്നാമതായി അവിടുന്ന് ചെയ്തത് മാപ്പാക്കിയതിന് ശേഷം അല്ലാഹുവിനോട് അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടലായിരുന്നു. നാലാമതായി എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും ആ വിഷയത്തില്‍ പ്രാഗത്ഭ്യമുള്ളവരുമായി കൂടിയാലോചന(മുശാവറ)നടത്തുമായിരുന്നു. അഞ്ചാമതായി ഒരു കാര്യത്തില്‍ തീരുമാനമെടുത്താല്‍ പൂര്‍ണമായും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുമായിരുന്നു. ഒരു നേതാവിന് എങ്ങനെ വിജയിക്കാന്‍ സാധിക്കുമെന്നും ഒരു അനുയായി എങ്ങനെ ജീവിക്കണമെന്നും തിരുനബി ഇതിലൂടെ ലോകത്തിന് കാണിച്ച് തരുന്നുണ്ട്. ഇതിനെ നമ്മള്‍ സ്വജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചാല്‍ വിജയം സുനിശ്ചിതമാണ്. ഈ റബീഉല്‍ അവ്വലില്‍ നമ്മളുടെ ജീവിതത്തിലേക്ക് കടന്നുവരേണ്ട മാതൃകകളാവട്ടെ ഇവ ഓരോന്നും.

 

 

 

 

Latest