Articles
ജ്ഞാന സംസ്‌കരണത്തിന്റെ ഇര്‍ശാദിയ്യ കാലം
അറിവ് വിശ്വാസിയുടെ വീണ് പോയ സമ്പത്തും മതത്തിന്റെ ആത്മാവുമാണെന്നത് ഇസ്‌ലാമിക പാഠം. ഇതു മനസ്സിലാക്കിയ പൂര്‍വികര്‍ വിജ്ഞാന പ്രസരണ ശേഖരണ രംഗത്ത് കഠിനാദ്ധ്വാനം ചെയ്തു. ആത്മീയ മേഖലകളില്‍ പരിമിതപ്പെടാതെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലൊക്കെ വന്‍ മുന്നേറ്റം നടത്താന്‍ അവര്‍ക്കായി. യൂറോപ്യര്‍ കക്ക പെറുക്കി നടന്നിരുന്ന കാലത്ത് ഇസ്‌ലാമിക ലോകം വിജ്ഞാന വിപ്ലവത്തിന്റെ നെറുകിലായിരുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്‌റു എഴുതുയിട്ടുണ്ട്. എന്നാല്‍, പില്‍കാലത്ത് പല കാരണങ്ങളാല്‍ സമൂഹം ജ്ഞാന വേദികളില്‍ നിന്ന് പൊതുവെയും ഭൗതിക വിജ്ഞാനങ്ങളില്‍ നിന്ന് പ്രത്യേകിച്ചും പിന്തിരിഞ്ഞു നിന്നു.
സുന്നീ കേരളത്തിന്റെ ഗതിനിശ്ചയിച്ച ചരിത്ര പ്രസിദ്ധമായ എറണാംകുളം സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം എടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തുകയെന്നത്. ഈ സന്ദര്‍ഭത്തില്‍ കൊളത്തൂര്‍ ആസ്ഥാനമാക്കി ഒരു സ്ഥാപനം തുടങ്ങണം എന്ന് സമസ്ത കേരള സുന്നി യുവജന സംഘം മേഖലാ കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനമാണ് പിന്നീട് ജ്ഞാന തലങ്ങളില്‍ അര്‍ഥ പുഷ്ടി നല്‍കി ഇര്‍ശാദിയ്യ: എന്ന അഞ്ചക്ഷരം കൊണ്ട് കൊളത്തൂരിന് മേല്‍വിലാസമുണ്ടാക്കിയത്.
സ്ഥലം ഫണ്ട് സമാഹരണം പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായിരുന്ന മര്‍ഹും ശൈഖുനാ മമ്മദ് മുസ്‌ലിയാര്‍ ആദ്യ സംഭാവന നല്‍കി ഉദ്ഘാടനം ചെയ്തതോടെ സ്ഥാപനം അതിന്റെ ജൈത്രയാത്രക്കു തുടക്കമിടുകയായിരുന്നു. ആദ്യസ്ഥാപനമായ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 1992 ജൂണ്‍ ഒന്നിന് പിറവിയെടുത്തു. ഇര്‍ശാദിയ്യ: പിന്നീട് കുതിക്കുകയായിരുന്നു. പ്രധാന കെട്ടിടത്തിന് മുകളില്‍ ഒരു നില കൂടി ഉയര്‍ന്നു. 1997മെയ് മാസത്തില്‍ ശൈഖുനാ കാന്തപുരം ഉസ്താദിന്റെ കരങ്ങളാല്‍ രണ്ടാമത്തെ കെട്ടിടത്തിനു ശില പാകി. ഇരുനിലകളുള്ള പ്രസ്തുത കെട്ടിടവും തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചത് സന്തോഷിപ്പിക്കുന്നതായിരുന്നു. കാന്റീനിന് ഒരു കെട്ടിടം പണിയുകയും 1997 നവംബറില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ഇന്ന് ഇര്‍ശാദിയ്യക്കഭിമാനിക്കാന്‍ മാത്രം കെട്ടിടങ്ങള്‍ നിലവിലുണ്ട്. വിദ്യാര്‍ഥികളുടെ ബാഹുല്യം കാരണം സ്ഥല പരിമിത അനുഭവപ്പെടുകയും ചെയ്യുന്നു.
മത വിജ്ഞാനത്തോടൊപ്പം ഭൗതിക വിജ്ഞാനത്തിലും ആഴത്തില്‍ അവഗാഹമുള്ള പണ്ഡിത തലമുറയെ സൃഷ്ടിക്കാനുള്ള ഇര്‍ശാദിയ്യയുടെ സംരംഭമാണ് ദഅ്‌വ കോളജ്. ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ പ്രസ്ഥാന ബന്ധുക്കളും നിര്‍ധനരും സമര്‍ഥരുമായ വിദ്യാര്‍ഥികളെ ദത്തെടുത്ത് പഠനം, താമസം, വസ്ത്രം, ഭക്ഷണം തുടങ്ങിയവ തീര്‍ത്തും സൗജന്യമായി നല്‍കിക്കൊണ്ടുള്ള ജൂനിയര്‍ ദഅ്‌വയും പത്താം തരത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ ദഅ്‌വ കോളജും നടന്നു വരുന്നു.
നിത്യജീവിതത്തില്‍ ഒഴിച്ച് നിര്‍ത്താനാവാത്ത ഘടകമായി ഇംഗ്ലീഷ് മാറി. ലോകത്തിന്റെ ഗതിവിഗതികള്‍ വായിക്കാതെ ഇത്തരം കാര്യങ്ങളോട് പുറം തിരിഞ്ഞ് നിന്നാല്‍ അത് സമുദായത്തിന് നഷ്ടവും ദോഷവുമാണ് വരുത്തിവെക്കുക. അതിനൊരു പരിഹാരമെന്ന നിലക്കാണ് ഇര്‍ശാദിയ്യ: ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. അതു കൂടാതെ ഇന്നു നാലുപാടും ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇതര ആശയക്കാരുടെയും സുന്നിവിരുദ്ധരുടെയും ഇംഗ്ലീഷ് മീഡിയങ്ങള്‍ ഇസ്‌ലാമിനു തന്നെ ഭീഷണിയായി തീര്‍ന്നു കൊണ്ടിരിക്കുന്നു. യുക്തിവാദവും ക്രിസ്ത്യന്‍ തിയറികളും മുസ്്‌ലിം വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിച്ച് വിശ്വാസം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ഇസ്‌ലാമിന്റെ തനിമയാര്‍ന്ന ആശയങ്ങളില്‍ അധിഷ്ഠിതമായ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങാന്‍ ഇര്‍ശാദിയ്യയെ നിര്‍ബന്ധിക്കുകയായിരുന്നു.
മതപഠനം ഒരുകാട്ടിക്കൂട്ടല്‍ എന്നതില്‍ നിന്ന് മാറി സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പ്രകാരം മദ്‌റസാ രീതിയിലുള്ള പഠന സംവിധാനമാണ് നടപ്പിലാക്കുന്നത്. ആറുപതോളം മതാധ്യാപകര്‍ ഇതിനുണ്ട്. പ്രാക്ടിക്കല്‍ പഠന സംവിധാനവും ആദര്‍ശ, ആത്മീയ മജ്‌ലിസുകളും മറ്റു സ്‌കൂളുകളില്‍ നിന്ന് ഇര്‍ശാദിയ്യയെ വ്യത്യസ്തമാക്കുന്നു. കുട്ടികളുടെ ഇബാദത്തുകളില്‍ പ്രായോഗിക ശ്രദ്ധ ചെലുത്തുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ഇതോടൊപ്പം തന്നെ തികഞ്ഞ സംതൃപ്തിയോടെ അമുസ്്‌ലിം വിദ്യാര്‍ഥികളും സ്ഥാപനത്തില്‍ പഠിക്കുന്നു.
ആദര്‍ശ പഠനം
ആദം(അ) മുതല്‍ നബി(സ്വ) വരെയുള്ള ശൃംഖലയിലൂടെ പരിരക്ഷിക്കപ്പെട്ടതും സ്വഹാബത്ത്്, താബിഅ്, സലഫു സ്വാലിഹീങ്ങള്‍ വഴി അണമുറിയാതെ കൈമാറിവന്ന ആദര്‍ശമാണ് വിശുദ്ധ ഇസ്്‌ലാം. വ്യതിയാന ചിന്തകളുമായി ഇസ്‌ലാമിനകത്ത് കടന്നുകൂടി ഭിന്നിപ്പിന്റെ വിത്തുകള്‍ വിതറി മതത്തെ വക്രീകരിച്ച് കൊണ്ടിരിക്കുന്ന ഛിദ്ര ശക്തികള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവര്‍ക്കെതിരെ നാക്ക് കൊണ്ടും തൂലിക കൊണ്ടും പടപൊരുതിയവരാണ് മഹത്തുക്കളായ ഇമാമീങ്ങള്‍. ശുഷ്‌കിച്ച് കൊണ്ടിരിക്കുന്ന ഈ ദൗത്യം ഒരു വെല്ലു വിളിയെന്നോണം ഏറ്റെടുത്ത് കൊണ്ടാണ് പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ ഇര്‍ശാദിയ്യ: ഫാക്വല്‍റ്റി ഓഫ് അഹ്‌ലുസുന്ന ഐഡിയോളജി രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ചത്. അഹ്‌ലുസ്സുന്നയും അവാന്തര വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ തലനാരിഴകീറി വിശകലന വിധേയമാക്കി ആഴത്തിലുള്ള പഠനമാണ് ആഴചതോറും നടന്ന് വരുന്ന ഐഡിയോളജി കോഴ്‌സ്. മതപഠനത്തില്‍ കഴിവും പ്രാപ്തിയുമുള്ള മതബിരുദ ധാരികള്‍ക്കാണ് കോഴ്‌സില്‍ പ്രവേശനം. കോഴ്‌സ് പൂര്‍ത്തീകരിച്ച് അര്‍ശദി ബിരുദം നേടിയ ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി. ആദര്‍ശ പ്രചരണ രംഗത്ത് സുന്നീ കേരളത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ് അര്‍ശദിമാര്‍.
ഇംഗ്ലീഷ് മീഡിയം ഓര്‍ഫനേജ്, എസ് എസ് എല്‍ സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കായുള്ള സഹ്‌റ ഗാര്‍ഡന്‍. കെ ജി വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആനും ഇസ്‌ലാമിക സംസ്‌കാരവും പഠിപ്പിക്കുന്ന അതിനൂതന സംവിധാനമായ സഹ്‌റതുല്‍ ഖുര്‍ആന്‍ എന്നിവ കൊളത്തൂരിലെ മെയിന്‍ ക്യാമ്പസില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ വളാഞ്ചേരിക്കടുത്ത കൊളമംഗലത്ത് രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എം ഇ ടി ഇംഗ്ലീഷ്-മലയാളം മീഡിയം സ്‌കൂള്‍, ദഅ്‌വ കോളജ്, സാഹിറ കോഴ്‌സ്, സഹ്‌റതുല്‍ ഖുര്‍ആന്‍ എന്നിവയും ഇര്‍ഷാദിയ്യയുടെ പ്രധാന സംരംഭങ്ങളാണ്. മൂര്‍ക്കനാട് സിറാജുല്‍ ഹുദയാണ് മറ്റൊരു ഓഫ് കാമ്പസ്. ഈ മേഖലയില്‍ സ്ഥാപനത്തിന് കീഴില്‍ മുപ്പതിലധികം പള്ളികളും പത്തിലധികം മദ്രസകളും പ്രവര്‍ത്തിച്ച് വരുന്നു. എം ഇ എസ് മെഡിക്കല്‍ കോളജിന് സമീപമുള്ള മസ്ജിദ് അടക്കം ചിലത് നിര്‍മാണത്തിലാണ്. ജന്മലക്ഷ്യം സഫലീകരിച്ചുകൊണ്ടാണ് സ്ഥാപനത്തിന്റെ യാത്ര. ഈ വിപ്ലവത്തിന്റെ ഓരം ചേര്‍ന്ന് നില്‍ക്കാനും അനുഗ്രഹം ചൊരിയാനും; ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സഹൃദയരോട് അഭ്യര്‍ഥിക്കുകയാണ്.