Connect with us

Gulf

സഊദിയിലും യു എ ഇയിലും വാറ്റ്; ജീവിതച്ചെലവ് കുത്തനെ കൂടി

Published

|

Last Updated

ദുബൈ/ റിയാദ്: യു എ ഇ യിലും സഊദി അറേബ്യയിലും മൂല്യവര്‍ധിത നികുതി നിലവില്‍ വന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭക്ഷ്യ, വസ്ത്ര, ഇന്ധനം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്കാണ് വാറ്റ് ചുമത്തിയത്. ഇതോടെ സാധനങ്ങളുടെ വില വര്‍ധിച്ചു. ആറ് ജി സി സി രാജ്യങ്ങളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണത്തിന്റെ ആദ്യപടിയെന്നോണമാണ് ഇരുരാജ്യങ്ങളിലും പുതുവത്സരം മുതല്‍ വാറ്റ് നടപ്പാക്കി തുടങ്ങിയത്. നികുതി വരുമാനം കൂട്ടുകയെന്നതാണ് വാറ്റ് കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് സഊദി ശൂറ കൗണ്‍സില്‍ അംഗം വ്യക്തമാക്കി.
വാറ്റ് നടപ്പായ ആദ്യദിവസം യു എ ഇയിലെ മാളുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും തിരക്ക് കുറവായിരുന്നു. വാറ്റ് മുന്നില്‍ കണ്ട് കഴിഞ്ഞ വാരം ആളുകള്‍ വന്‍ തോതില്‍ വാണിജ്യ മേഖലകളില്‍ എത്തിയിരുന്നു.

ഓരോ ഉത്പന്നത്തെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കിയായിരിക്കണം നികുതി ഈടാക്കേണ്ടത്. വാറ്റ് ഈടാക്കുന്നത് ഏത്, അല്ലാത്തത് ഏത് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
നാട്ടിലേക്ക് പണം അയക്കുമ്പോള്‍ മണി എക്‌സ്‌ചേഞ്ചുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന് അഞ്ച് ശതമാനം വാറ്റ് നല്‍കണം. ഇത് പ്രവാസികള്‍ക്ക് കടുത്ത തിരിച്ചടിയാകും. അഗോളതലത്തില്‍ നിന്നുള്ള പ്രതിഷേധം മാനിക്കാതെയാണ് നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്തിയത്. വായ്പകള്‍, ഈടുവെക്കല്‍, ശമ്പളം എന്നിങ്ങനെയുള്ള കാര്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് പലിശക്ക് വാറ്റ് നല്‍കേണ്ടതില്ലെങ്കിലും വാര്‍ഷിക പുതുക്കല്‍ ഫീസിന് നല്‍കേണ്ടിവരും.

വാറ്റ് നടപ്പാക്കിയതോടെ സഊദിയിലെ ജീവിതച്ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായി. കടകളില്‍ നിന്ന് വാങ്ങുന്ന മിക്ക സാധനങ്ങള്‍ക്കും അഞ്ച് ശതമാനം അധിക നികുതി ഈടാക്കാന്‍ തുടങ്ങി. പെട്രോള്‍ വിലയും വര്‍ധിച്ചതിനാല്‍ ഹോട്ടലുകളിലടക്കം വില വര്‍ധന പ്രാബല്യത്തില്‍ വന്നു.

ലിറ്ററിന് 75 ഹലാല ഉണ്ടായിരുന്ന 91 ഗ്രേഡ് പെട്രോളിന് 1.37 റിയാലായും ലിറ്ററിന് 90 ഹലാല ഉണ്ടായിരുന്ന 95ഗ്രേഡ് പെട്രോളിന് 2.04 റിയാലായുമാണ് വര്‍ധിച്ചത്. വാറ്റ് അടക്കമുള്ള വര്‍ധനവാണിത്. അതേസമയം ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ മാറ്റമില്ല.
സഊദിയില്‍ താമസിക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളെ സംബന്ധിച്ച് വന്‍ ബാധ്യതയാണ് ഈ പരിഷ്‌കരണങ്ങള്‍. തൊഴിലാളികളുടെ വര്‍ധിച്ച ലെവിയും ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ആളൊന്നിന് 300, 400 റിയാല്‍ വീതം പ്രതിമാസ ലെവി അടച്ചെങ്കിലേ താമസ രേഖയായ ഇഖാമ പുതുക്കാനാകൂ.

ഒരു വര്‍ഷത്തേക്കുള്ള ലെവി ഒന്നിച്ചടക്കണം. അതായത് പകുതിയെങ്കിലും സ്വദേശികളുള്ള സ്ഥാപനമാണെങ്കില്‍ ആളൊന്നിന് 3600 റിയാലും, അതില്ലാത്തവര്‍ ആളൊന്നിന് 4800 റിയാലും ഒടുക്കണം. ഇത് വരും വര്‍ഷം 2400 റിയാലായും, 2020 ല്‍ 4800 റിയാലായും പിന്നെയും വര്‍ധിക്കുന്നു. നേരത്തേ നടപ്പാക്കിത്തുടങ്ങിയ കുടുംബാംഗങ്ങള്‍ക്കുള്ള ലെവിക്ക് പുറമേയാണിത്. കുടുംബത്തിലെ ഒരംഗത്തിന് 100 റിയാലാണ് നിലവില്‍ പ്രതിമാസ ലെവി.

 

---- facebook comment plugin here -----

Latest