Connect with us

Gulf

പി കെ ഉമര്‍ മുസ്‌ലിയാര്‍ പ്രവാസത്തോട് വിട പറയുന്നു

Published

|

Last Updated

പി കെ ഉമര്‍ മുസ്‌ലിയാര്‍ക്ക് അബുദാബി സുന്നി സംഘകുടുംബം നല്‍കിയ യാത്രയയപ്പില്‍ ഉപഹാരം നല്‍കുന്നു

അബുദാബി: അബുദാബി സുന്നി സംഘ കുടുംബത്തിലെ കാരണവര്‍ പി കെ ഉമര്‍ മുസ്‌ലിയാര്‍ 38 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. 1980 ഒക്‌ടോബര്‍ 18ന് അറഫാദിനത്തില്‍ ഭാര്യാ സഹോദരന്‍ നല്‍കിയ വിസയില്‍ ബോംബെ വഴി ദുബൈയില്‍ വിമാനമിറങ്ങി .

പിറ്റേ ദിനത്തിലെ പെരുന്നാള്‍ നിസ്‌കാരത്തിനായി അബുദാബി ഈദ് ഗാഹില്‍ സംഗമിച്ചപോള്‍ ശൈഖ് സായിദ്ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ നേരില്‍ കാണാന്‍ സാധിച്ചു.
കണ്ണൂര്‍ മാട്ടൂലില്‍ മദ്‌റസയില്‍ ജോലിയിലിരിക്കെയാണ് ഉമര്‍ മുസ്‌ലിയാര്‍ അബുദാബിയിലേക്ക് വരുന്നത്. കുറച്ച് കാലം ജോലി അന്വേഷിച്ച് നടന്നെങ്കിലും സ്ഥിരമായി പങ്കെടുത്തിരുന്ന ദീനീ ക്ലാസില്‍ അവചാരിതമായി പരിചയപെട്ട വ്യക്തിയുടെ സഹായത്താല്‍ അബുദാബി ഔഖാഫുമായി ബന്ധപ്പെട്ട് പള്ളിയില്‍ ഇമാം ജോലി ലഭിച്ചു. 1981ല്‍ താത്കാലികമായി ലഭിച്ച ഈ ജോലി മാസങ്ങള്‍ക്കകം സ്ഥിരമായി. നരിക്കോട് മമ്മു ഹാജിയുടെ ആറ് മക്കളില്‍ നിന്ന് ആദ്യമായി ഗള്‍ഫിലെത്തിയ ഉമര്‍ മുസ്‌ലിയാര്‍ ആദ്യമായി നാട്ടിലെത്തിയത് നൂറ് കിലോ ലഗേജുമായാണ്.

പള്ളിയില്‍ ജോലിയായതുകൊണ്ട് കുടുംബത്തോടൊപ്പം പ്രവാസ ജീവിതം നയിക്കാന്‍ സാധിച്ചു. ഒരു ആണ്‍കുട്ടിയടക്കം അഞ്ച് മക്കളുള്ള ഉമര്‍ മുസ്‌ലിയാരുടെ രണ്ട് പെണ്‍മക്കള്‍ ജനിച്ചത് അബൂദാബിയിലാണ്. 21 വര്‍ഷത്തെ ജോലിയില്‍നിന്ന് 2001ല്‍ വിരമിച്ചു. പിന്നീട് അഞ്ച് വര്‍ഷക്കാലം അബുദാബിയില്‍ തുടര്‍ന്നു. 2005ല്‍ അല്‍ മസൂദ് കമ്പനിയില്‍ ചേര്‍ന്ന ഈ 65കാരന്‍ 12 വര്‍ഷം സന്തോഷകരമായി ജോലി നിര്‍വഹിച്ച് സന്തുഷ്ടിയോടെയാണ് പ്രവാസത്തോട് വിട പറയുന്നത്.

കണ്ണുര്‍ ജില്ലയിലെ സുന്നി പ്രസ്ഥാന നായകരില്‍ ഒരാളായ പി കെ അബൂബക്കര്‍ മുസ്‌ലിയാരുടെ സഹോദരനായ ഉമര്‍ മുസ്‌ലിയാര്‍ സഹോദരനെപ്പോലെതന്നെ സംഘടനാ രംഗത്ത് ഒരു മുതല്‍കൂട്ടാണ് അബുദാബിക്കാര്‍ക്ക്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഉപദേശ പ്രകാരം സുന്നി പ്രവര്‍ത്തകരെയെല്ലാം ഒരുമിച്ചുകൂട്ടി 1983ല്‍ എസ് വൈ എസിന് രൂപംനല്‍കി പ്രഥമ സെക്രട്ടറിയായി. പിന്നീട് നിരവധി തവണ എസ് വൈ എസിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി സുന്നി സംഘടനയെ നയിച്ചു. 1999കളില്‍ സജീവമായിരുന്ന സ്ഥാപന കമ്മിറ്റികളിലും ഉമര്‍ മുസ്‌ലിയാര്‍ പങ്കാളിത്തം വഹിച്ചിരുന്നു. 1985ല്‍ കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണി കേന്ദ്രീകരിച്ച് സ്ഥാപിച്ച അല്‍ മഖര്‍ സുന്നിയ്യക്ക് വേണ്ടി നാടുകാണിയില്‍ 10 ഏക്കര്‍ ഭൂമി അബുദാബി കമ്മിറ്റി വാങ്ങിക്കൊടുത്തത് അബുദാബി ഘടകം പ്രഥമ അമരക്കാരനായ ഇദ്ദേഹം അഭിമാന പൂര്‍വം സ്മരിക്കുകയാണ്. അല്‍ മഖര്‍ യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റായി വിരമിച്ചാണ് മടക്കം. മര്‍കസ് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.
നാളെ (വ്യാഴം) വൈകുന്നേരം 7.45ന് അബുദാബി സലാം സ്ട്രീറ്റ് ഐ ഐ സി സി ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും അല്‍ മഖര്‍ കമ്മിറ്റിയും ഉമര്‍ മുസ്‌ലിയാര്‍ക്ക് യാത്രയയപ്പ് നല്‍കും.
അബുദാബി സുന്നി സംഘകുടുംബം ഐ ഐ സി സി ഓഡിറ്റോറിയതില്‍ നല്‍കിയ യാത്രയയപ്പില്‍ ഹംസ അഹ്‌സനി അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. ഐ സി എഫ്, ആര്‍ എസ് സി എന്നിവയുടെ സെന്‍ട്രല്‍, ജില്ലാ കമ്മിറ്റികള്‍ക്ക് പുറമെ മുഴുവന്‍ സ്ഥാപന കമ്മറ്റികളുടെ ഉപഹാരവും നല്‍കി. മുസഫ്ഫ ഐ സി എഫ് കമ്മിറ്റിയും കെ സി എഫും ഉമര്‍ മുസ്‌ലിയാര്‍ക്ക് യാത്രയപ്പ് നല്‍കി. നാട്ടിലെത്തിയാല്‍ സംഘടനാ രംഗത്ത് സജീവമാകാനാണ് ഉമര്‍ മുസ്‌ലിയാരുടെ ആഗ്രഹം. വിവരങ്ങള്‍ക്ക് 050-7722957.

 

---- facebook comment plugin here -----

Latest