Articles
മികവുറ്റ വിജ്ഞാനം, മെച്ചപ്പെട്ട ഭാവി
മര്‍കസിന്റെ ആദ്യ സമ്മേളനത്തിനു വേണ്ടി തയ്യാറാക്കിയ മര്‍കസുല്‍ ഉലൂം വാര്‍ഷികപതിപ്പില്‍ പ്രിയങ്കരനായ ഉസ്താദ് പാറന്നൂര്‍ പി പി മുഹ് യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ “മര്‍ക്കസിലെ ഒരു ദിവസം” എന്ന തലക്കെട്ടില്‍ എഴുതിയ ഒരു ലേഖനം കാണാം. കേരള മുസ്‌ലിംകളുടെ ആശയും ആവേശവുമായി മാറിക്കഴിഞ്ഞ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ഏതു മുക്കിലും മൂലയിലുമുള്ള മുസ്‌ലിം സുഹൃത്തുക്കള്‍ അത്യാവേശത്തോടെ വീക്ഷിക്കുന്നുവെന്നും അവരുടെ ഹൃദയത്തില്‍ വേരൂന്നിക്കഴിഞ്ഞ അത്തരമൊരു സ്ഥാപനത്തിന്റെ ഓരോ ദിവസത്തെയും ചലനങ്ങള്‍ അറിയാന്‍ വായനക്കാര്‍ക്കു താത്പര്യമുണ്ടാകുമല്ലോ എന്നുമുള്ള ആമുഖത്തോടുകൂടെയാണ് ആ ലേഖനം ആരംഭിക്കുന്നത്. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപ ചെലവില്‍ പത്തു വര്‍ഷം കൊണ്ട് പത്തു സ്ഥാപനങ്ങള്‍ എന്ന, അക്കാലത്തു ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വം ഏറ്റെടുത്ത് അഞ്ച് വര്‍ഷം തികയും മുമ്പ് തന്നെ എട്ട് സ്ഥാപനങ്ങളും ആരംഭിച്ചു കഴിഞ്ഞ ശേഷമായിരുന്നു ആദ്യത്തെ ആ സനദ് ദാന സമ്മേളനം നടന്നത്. അക്കാലത്തെ കേരളത്തിലെ സുന്നികള്‍ നേരിട്ട വ്യത്യസ്തമാര്‍ന്ന പ്രശ്‌നങ്ങള്‍ക്ക്, പ്രയാസങ്ങള്‍ക്ക്, മര്‍കസ് എങ്ങനെയാണ് ഒരത്താണിയായി ത്തീര്‍ന്നതെന്നു ഓരോ സ്ഥാപനത്തിന്റെയും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ആ ലേഖനം വിശദീകരിക്കുന്നുണ്ട്.
“മര്‍കസ് ഇപ്പോള്‍ ഒരഭയ കേന്ദ്രമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവിടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് ജനങ്ങളുടെ വിശ്വാസം. തൊഴിലില്ലാത്ത സുന്നികള്‍ക്കെല്ലാം തൊഴില്‍ കിട്ടണം. സുന്നികളുടെ മക്കള്‍ക്കെല്ലാം ബോര്‍ഡിംഗില്‍ പ്രവേശനം വേണം. മുതഅല്ലിമീങ്ങളെല്ലാം മര്‍കസ് അറബിക്കോളജില്‍ പഠിക്കാന്‍ കൊതിക്കുന്നു. തീര്‍ന്നില്ല, നാട്ടിലുള്ള പള്ളികളെല്ലാം പുതുക്കിപ്പണിയാന്‍ അറബികളെ കിട്ടണം”. ആവശ്യങ്ങളുടെ പട്ടിക നീണ്ടതാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിക്കിട്ടാന്‍ മഹല്ല് ജമാഅത്തിലെ മുഴുവന്‍ അംഗങ്ങളെയും മര്‍കസ് ഓഫീസില്‍ ഹാജരാക്കി അപേക്ഷ കൊടുത്ത അനുഭവങ്ങളൊക്കെ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തന്റെ സ്വത സിദ്ധമായ നര്‍മത്തോടെ ആ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. നിലനില്‍പ്പിന് വേണ്ടി മര്‍കസ് തന്നെ അങ്ങേയറ്റം പ്രയാസപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു ഇത്തരം ദൈനം ദിന ആവശ്യങ്ങളുമായി നൂറുകണക്കിന് ആളുകള്‍ മര്‍കസില്‍ കയറിയിറങ്ങിയത് എന്നോര്‍ക്കണം.
മര്‍കസിലെ തന്നെ അന്തേവാസികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും മറ്റു സൗകര്യങ്ങളും ഒപ്പം ഇവരെ നോക്കിനടത്തുന്ന ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടിയ ഘട്ടത്തില്‍, ജോലിയില്ലാത്തവര്‍ക്കു ജോലി നല്‍കുക എന്നതൊക്കെ എത്രമാത്രം പ്രായോഗികമായിരുന്നു? സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ഈ ആവശ്യങ്ങളോട് അവര്‍ ആഗ്രഹിക്കും വിധത്തില്‍ പ്രതികരിക്കാനുള്ള സന്നാഹങ്ങള്‍ അന്നു മര്‍കസിനുണ്ടായിരുന്നില്ല. വരുന്നവര്‍ക്കും അതറിയാമായിരുന്നു. പക്ഷേ, അതൊന്നും പരാതികളും പരാധീനതകളുമായി മര്‍കസിന്റെ വാതില്‍ക്കല്‍ വീണ്ടും വീണ്ടുമെത്തുന്നതില്‍ നിന്നും അവരെ തടഞ്ഞില്ല. അവരുടെ ആവശ്യങ്ങളോടൊക്കെ ഏതൊക്കെയോ തലത്തില്‍ അക്കാലത്ത് മര്‍കസ് തുടക്കം കുറിച്ച വിനീതമായ സംരംഭങ്ങള്‍ പ്രതികരിക്കുന്നുണ്ട് എന്നു തന്നെയായിരുന്നു അവരുടെ വിശ്വാസം. സ്വയമിങ്ങനെ പ്രശ്‌ന സങ്കീര്‍ണമായ അന്തരീക്ഷത്തിലൂടെ യാത്ര തുടരുമ്പോഴും, വലിയൊരു ജന സമൂഹത്തിനു മുന്നില്‍ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നുവെക്കാന്‍ തുടക്കത്തിലേ കഴിഞ്ഞു എന്നതാണ് മര്‍കസ് സാധിച്ചെടുത്ത ഏറ്റവും വലിയ വിജയം.
സ്വാതന്ത്ര്യാനന്തര കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക പരിതാവസ്ഥകളില്‍ നിന്നു വേറിട്ടു നിര്‍ത്തി മര്‍കസിന്റെ തുടക്കത്തെ വായിച്ചെടുക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യ സമര കാലത്തു തന്നെ ഇവിടുത്തെ വിവിധ മത സാമൂഹിക സമുദായങ്ങള്‍ക്കിടയില്‍ നടന്ന ജാഗരണ പ്രവര്‍ത്തനങ്ങള്‍ അതാതു സമുദായങ്ങളെ ശാക്തീകരിക്കുകയും അവരുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ സമുദായത്തിലെയും മത വിഭാഗങ്ങള്‍ക്കിടയിലെ താഴേക്കിടയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ക്കിടയിലായിരുന്നു ഈ മാറ്റങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയത്. ഇത്തരം ജാഗരണ ശ്രമങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവ സമുദായത്തിനകത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നാം കേട്ട് തഴമ്പിച്ച അവകാശവാദങ്ങള്‍ക്കപ്പുറത്താണ് മലയാളി മുസ്‌ലിംകളുടെ യഥാര്‍ഥ ചരിത്രം കിടക്കുന്നത്. കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായകനായി ചിലരെങ്കിലും പരിചയപ്പെടുത്തുന്ന വക്കം മൗലവിയുടെ പത്രാധിപരായിരുന്നു പിന്നാക്ക ജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കെതിരെ ശക്തമായി വാദിച്ചത് എന്നത് ഇപ്പോള്‍ കൗതുകകരമായി തോന്നാം. താഴ്ന്ന ജാതിക്കാരും ഉയര്‍ന്ന ജാതിക്കാരും ഒരേ ബെഞ്ചിലിരുന്നു പഠിക്കണം എന്നാവശ്യമുന്നയിക്കുന്നവരെ ചാട്ടവാറു കൊണ്ട് അടിക്കണം എന്നു മുഖപ്രസംഗം എഴുതിയയാളെ പത്രം ഏല്‍പ്പിച്ചുകൊടുത്തവരെയാണ് ഈ സമുദായം സാമൂഹിക പരിഷ്‌കര്‍ത്താക്കളായി ആഘോഷിച്ചത് എന്നത്, മുസ്‌ലിം സമുദായത്തില്‍ ഉണ്ടായി എന്നു പറയപ്പെടുന്ന മാറ്റങ്ങളുടെ ജാതീയ മാനം എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. നഗരങ്ങളെ കേന്ദ്രീകരിച്ചു അക്കാലത്തു തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ 1960 കള്‍ വരെ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിരുന്ന സാക്ഷരതാ നിരക്കിന്റെ തോത് പരിശോധിച്ചാല്‍ നിരവധി കാര്യങ്ങള്‍ വ്യക്തമാകും. ഒന്ന്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയെ കുറിച്ച് നാം കേട്ട കഥകള്‍ പലതും വസ്തുതാ വിരുദ്ധമാണ്. രണ്ട്, മുസ്‌ലിംകള്‍ക്കിടയില്‍ ചെറിയ തോതിലെങ്കിലും ഉണ്ടായ മാറ്റങ്ങള്‍ നഗര കേന്ദ്രീകൃതവും സമ്പന്ന കുടുംബങ്ങളില്‍ പരിമിതവുമായിരുന്നു. മൂന്ന്, മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ജനകീയ സ്വഭാവം കൈവരിച്ചത് എഴുപതുകളോട് കൂടിയാണ്. ഒരു കാലത്ത് മുസ്‌ലിം സമൂഹത്തിലെ പരിമിതരായ സമ്പന്ന തറവാട്ടുകാര്‍ക്കിടയിലെ പ്രൗഢിയുടെ അടയാളമായി കരുതപ്പെട്ടിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സാധാരണക്കാര്‍ക്ക് പ്രാപ്യമാകും വിധത്തില്‍ പുനഃക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കാനിടയായ, അല്ലെങ്കില്‍ അതിനോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ അവരെ നിര്‍ബന്ധിച്ച സാമൂഹികവും മതപരവുമായ ഘടകങ്ങള്‍ കണ്ടെത്തി അവക്ക് പരിഹാരം കണ്ടെത്തുന്നതിലൂടെയാണ് ഈ സാമൂഹിക മാറ്റം മര്‍കസും സമാനമായ സ്ഥാപനങ്ങളും സാധിച്ചത്. സമൂഹത്തില്‍ വ്യത്യസ്ത ശ്രേണിയിലുള്ളവര്‍ ഒരുമിച്ചു പഠിച്ചുകൂടെന്ന നിലപാടുകളെ സ്വയം ചോദ്യം ചെയ്തുകൊണ്ടാണ് മര്‍കസ് സ്ഥാപിതമായത്. മര്‍കസിന്റെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളുടെയും പ്രതിഷേധങ്ങളുടെയും ആശയ സ്രോതസ്സ് എന്തായിരുന്നു എന്നു വിലയിരുത്തുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. വിദ്യാഭ്യാസം നേടാന്‍ മുസ്‌ലിയാക്കന്മാരുടെ കാലു പിടിക്കേണ്ടിവരുമോ എന്ന ആശങ്കയായിരുന്നല്ലോ അക്കാലത്ത് പലരെയും അടക്കി ഭരിച്ചത്. ആ ആശങ്കയാകട്ടെ, കൃത്യമായ അധികാര ബോധത്തില്‍ നിന്ന് ഉണ്ടായതും.
“നവോത്ഥാന വാദികളുടെ” ചാട്ടവാര്‍ അടി ഏല്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ പിന്‍തലമുറ ഉണ്ടാക്കിയെടുത്ത സാമൂഹിക മാറ്റങ്ങളുടെ ചരിത്രമാണ് മര്‍കസ് സാധിച്ചെടുത്ത വിദ്യാഭ്യാസ വിപ്ലവത്തിന്റെ രത്‌ന ചുരുക്കം. ആബാലവൃദ്ധം ജനങ്ങള്‍ മര്‍കസിനെ അവരുടെ അത്താണിയായി കണ്ടതിന്റെ പൊരുളും മറ്റൊന്നല്ല. ഒരുകാലത്തു അപ്രാപ്യമായിരുന്ന സാമൂഹിക പദവികള്‍ കൈപ്പിടിയിലൊതുക്കാന്‍ മര്‍കസ് അവരെ സഹായിച്ചു. അതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ മര്‍കസ് ഒരുക്കിക്കൊടുത്തു. കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയിലെ മര്‍കസിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഊന്നല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ജനകീയ വത്കരിക്കുന്നതില്‍ ആയിരുന്നു. കഴിയുന്ന പരമാവധി സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുക എന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ആ ശ്രദ്ധയില്‍ നിന്നാണ് ഇരുപത്തി രണ്ട് സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഇപ്പോഴത്തെ നേട്ടം മര്‍കസ് കൈവരിച്ചത്. ആ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ ഇന്ന് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു സുന്നി മുസ്‌ലിമിന് സാമൂഹികമായ പിന്നാക്കാവസ്ഥ കാരണം അവസരങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നു ഉറപ്പുവരുത്തുകയായിരുന്നു ഇക്കാലത്തിനിടയിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മര്‍കസ് ലക്ഷ്യം വെച്ചത്. ആ ലക്ഷ്യം മര്‍കസ് സാധിച്ചുവെന്നതിനു മര്‍കസ് സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ തന്നെ സാക്ഷി.
റൂബി ജൂബിലി വര്‍ഷത്തോടെ മര്‍കസ് അതിന്റെ പ്രവര്‍ത്തനങ്ങളിലെ നിര്‍ണായകമായ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. മര്‍കസ് ആരംഭിച്ച സ്ഥാപനങ്ങളിലെ ഗുണ നിലവാരം ഉയര്‍ത്തുകയും കൂടുതല്‍ മെച്ചപ്പെട്ട പഠന രീതികളും കോഴ്‌സുകളും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് അടുത്ത ലക്ഷ്യം. ഗവേഷണ സ്വഭാവത്തോടെയുള്ള ഒരു സമീപനം നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകേണ്ടതുണ്ടെന്നും മര്‍കസ് ആഗ്രഹിക്കുന്നു. ഈ ആഗ്രഹങ്ങളുടെ സാക്ഷാത്കാരം കൂടിയാണ് മര്‍കസിന്റെ പുതിയ പദ്ധതിയായ നോളേജ് സിറ്റിയില്‍ ഉയര്‍ന്നുവരുന്ന പുതിയ സ്ഥാപനങ്ങള്‍. ഉന്നത വിദ്യാഭ്യാസ രംഗത്തു സ്വയം പര്യാപ്തരായ ഒരു സമുദായം എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. അതിലൂടെ ഈ സമുദായത്തിന് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുക എന്നതും.