Connect with us

Gulf

തുര്‍ക്കിയുമായി ബഹുമുഖ സഹകരണത്തിന് ഖത്വര്‍

Published

|

Last Updated

തുര്‍ക്കിയുമായി വിവിധ രംഗങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനും സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഖത്വര്‍. രാഷട്രീയ പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം കൂടെ നിന്നതിലൂടെ രൂപ്പെട്ട സൗഹൃദം രാഷ്ട്രീയത്തിനപ്പുറം വാണിജ്യ, വ്യാപാര, സൈനിക, സാംസ്‌കാരിക യോജിപ്പിലേക്കും ഒന്നായ പ്രവര്‍ത്തനങ്ങളിലേക്കും വികസിക്കുകയാണ്. ഇരു രാജ്യങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും തുര്‍ക്കി-ഖത്വര്‍ സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തുര്‍ക്കി പ്രസിഡന്റും ഖത്വര്‍ അമീറും നേരിട്ട് പങ്കെടുത്തു കൊണ്ടാണ് കമ്മിറ്റിയുടെ പ്രധാന ചര്‍ച്ചകള്‍ നടത്തുന്നത്.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സൈനിക സഹകരണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മുഖ്യം. ജൂണ്‍ അഞ്ചിന് അയല്‍ അറബ് രാജ്യങ്ങള്‍ ഖത്വറിന് ഉപരോധം ഏര്‍പ്പെടുത്തി മൂന്നാം ദിവസം ജൂണ്‍ ഏഴിന് തുര്‍ക്കി പാര്‍ലിമെന്റ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്താണ് ഖത്വറിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി തുര്‍ക്കി സൈനിക താവളം ഖത്വറില്‍ സ്ഥാപിക്കുന്നതിനായി നേരത്തേ ഒപ്പുവെച്ച കരാറുകള്‍ക്കാണ് പാര്‍ലിമെന്റ് അംഗീകാരം നല്‍കിയത്. ജൂണ്‍ 18ന് അഞ്ച് കവചിത വാഹനങ്ങളും 23 സൈനികരുമുടങ്ങുന്ന തുര്‍ക്കി മിലിറ്ററി രാജ്യത്തെത്തുകയും ചെയ്തു. ഭീകരതക്കെതിരായ പ്രവര്‍ത്തനത്തില്‍ ഖത്വറിന്റെ പ്രതിരോധശേഷി വളര്‍ത്തുകയും മേഖലയുടെ സ്ഥിരതയും സുരക്ഷിതത്വവും ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഇരു രാജ്യങ്ങളും വിശദീകരിച്ചിരുന്നു. 3000 സൈനികരുള്ള താവളമാണ് തുര്‍ക്കിയുടെ ലക്ഷ്യം. എന്നാല്‍ ഉപരോധം പിന്‍വലിക്കുന്നതിന് സഊദി സഖ്യം മുന്നോട്ടുവെച്ച 13 നിബന്ധനകളില്‍ ഒന്ന് തുര്‍ക്കി സൈനിക താവളം ഉപേക്ഷിക്കണമെന്നായിരുന്നു.

2016ല്‍ തുര്‍ക്കി ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള സൈനിക നീക്കം പ്രതിരോധിക്കാന്‍ ഖത്വര്‍ സഹകരണം നല്‍കിയിരുന്നു. തുര്‍ക്കി പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച് ലോകത്ത് ആദ്യമായി രംഗത്തു വന്ന രാജ്യനായകന്‍ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയായിരുന്നു. രാജ്യം പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായവുമായി എത്തിയ രാജ്യത്തെ തിരിച്ചു സഹായിക്കാതിരിക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ലെന്നാണ് ഉപരോധത്തില്‍ ഖത്വറിനു പിന്തുണ നല്‍കുന്നതു സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. ഉപരോധത്തിന്റെ ഭാഗമായി അതിര്‍ത്തികളും വ്യോമമാര്‍ഗവും അടച്ചപ്പോള്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ അടിന്തരമായി എത്തിച്ച് ഖത്വറിനെ പിന്തുണക്കുകയായിരുന്നു തുര്‍ക്കി. ഉപരോധത്തിന്റെ ആദ്യ മാസങ്ങളില്‍ ഖത്വറിലേക്കുള്ള കയറ്റുമതി 90 ശതമാനമാണ് തുര്‍ക്കി വര്‍ധിപ്പിച്ചത്. തുര്‍ക്കിയില്‍നിന്നും ഖത്വറിലേക്കുള്ള യാത്രാദൈര്‍ഘ്യത്തെത്തുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഖത്വറില്‍ വില ഉയരാനും ഇടയാക്കിയിരുന്നു.

ഖത്വറിലേക്കു നിരവധി ഉത്പന്നങ്ങളാണ് കൊണ്ടു വരുന്നതെന്ന് ദോഹയിലെ തുര്‍ക്കി അംബാസിഡര്‍ ഫിക്രിത് ഉസര്‍ പറഞ്ഞു. എന്നാല്‍ കരമാര്‍ഗം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറാനുമായുള്ള സഹകരണത്തിലൂടെ പുതിയ റൂട്ട് ഉപയോഗിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിയും സംഭരണവും നടത്തുന്നതിനായി 444 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് ഖത്വര്‍ 530,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഹമദ് തുറമുഖത്ത് ഭക്ഷ്യ സംഭരണ, സംസ്‌കരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉപരോധം ഇല്ലെങ്കില്‍കൂടി ഖത്വറുമായി വ്യാപാര സഹകരണം വികസിപ്പിക്കുന്നതിനാണ് തുര്‍ക്കി തയാറെടുക്കുന്നത്. ഉപരോധം പിന്‍വലിച്ചാലും തുര്‍ക്കി ഉത്പന്നങ്ങള്‍ ഖത്വറില്‍ ലഭ്യമായിരിക്കുമെന്ന് തുര്‍ക്കി കയറ്റുമതി ഏജന്‍സികള്‍ പറയുന്നു. ഖത്വറിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികളില്‍ സഹകരിക്കുന്നതിനും തുര്‍ക്കി സന്നദ്ധമായിട്ടുണ്ട്.
തുര്‍ക്കിയില്‍ നിക്ഷേപം നടത്തുന്നതിനും വ്യവാസായിക ബന്ധം വികസിപ്പിക്കുന്നതിനും ഖത്വറും സന്നദ്ധമാകുന്നു. തുര്‍ക്കിയില്‍ ഇതിനകം 2000 കോടി ഡോളര്‍ നിക്ഷേപമാണ് ഖത്വറിനുള്ളത്. തുര്‍ക്കിയില്‍ ഒരു വിദേശരാജ്യത്തിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഈ വര്‍ഷം 1900 കോടി ഡോളര്‍ കൂടി നിക്ഷേപം നടത്താന്‍ ഖത്വര്‍ കമ്പനികള്‍ സന്നദ്ധമാണെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 650 ദശലക്ഷം ഡോളര്‍ പച്ചക്കറി, കന്നുകാലി കാര്‍ഷിക രംഗത്താണ് നിക്ഷേപിക്കുക. ഇരു രാജ്യങ്ങളിലും പരസ്പരമുള്ള വ്യാപാരനിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്വര്‍ തുര്‍ക്കി ചേംബറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തുര്‍ക്കി ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണി രാജ്യത്ത് ആരംഭിച്ചിരുന്നു. ഖത്വര്‍ പോസ്റ്റുമായി സഹകരിച്ച് തുര്‍ക്കി ഉത്പന്നങ്ങള്‍ വീടുകളിലെത്തിക്കുന്നതിനാണ് സൗകര്യം.

 

 

 

Latest