Connect with us

Kerala

പ്രധാന വേദികളില്‍ നിന്ന് മാപ്പിള കലകള്‍ ഔട്ട്; സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദമെന്ന്‌

Published

|

Last Updated

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദികളില്‍ നിന്ന് ഒപ്പനയും കോല്‍ക്കളിയുമുള്‍പ്പെടെയുള്ള മാപ്പിള കലകളെ മുഴുവന്‍ ഒഴിവാക്കിയതിന് പിന്നില്‍ ചില തീവ്ര ഹൈന്ദവ സംഘടനകളുടെ കത്തെന്ന് സൂചന. പ്രധാന വേദികള്‍ സ്ഥിതിചെയ്യുന്ന തേക്കിന്‍ കാട് മൈതാനി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭൂമിയാണെന്നും ഇവിടെ മറ്റ് മതസ്ഥരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിച്ച് ചില സംഘടനകള്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്ത് നല്‍കിയതായാണ് വിവരം. ഇതിന് വഴങ്ങിയ സംഘാടക സമിതി എല്ലാ വര്‍ഷവും ഒന്നാം വേദിയില്‍ അരങ്ങേറിയ ഒപ്പനയുള്‍പ്പെടെയുള്ള കലാമത്സരങ്ങള്‍ തേക്കിന്‍ കാട് മൈതാനിക്ക് പുറത്തുള്ള മറ്റ് വേദികളിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ തേക്കിന്‍ കാട് മൈതാനിയില്‍ മൂന്ന് പ്രധാന വേദികളാണ് സജ്ജീകരിച്ചിരുന്നത്. ഇതില്‍ മൂന്നിലും കലാമത്സരങ്ങള്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും അവസാന ഘട്ടത്തില്‍ രണ്ട് വേദികളില്‍ മാത്രമായി ഒതുക്കുകയായിരുന്നു. തെക്കേ ഗോപുര നടക്ക് സമീപം മൂന്നാമത് വേദി സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കലാമത്സരങ്ങളൊന്നും നടക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. പകരം സാധാരണയില്‍ നിന്ന് വിഭിന്നമായി ഇത്തവണ സംഘാടക സമിതി അവസാന ഘട്ടത്തില്‍ തീരുമാനിച്ച സാംസ്‌കാരിക പരിപാടി മാത്രമാണ് നടക്കുന്നത്. ഒന്നാം വേദിയില്‍ നടക്കാറുള്ള ഒപ്പനയെ നഗരമധ്യത്തില്‍ നിന്ന് മാറി തൃശൂര്‍ ഹോളി ഫാമിലി ഹൈസ്‌കൂളിലുള്ള 16ാം വേദിയിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്ത് മത്സരാര്‍ഥികളും പരിശീലകരും രക്ഷിതാക്കളും കലോത്സവം തുടങ്ങിയ ആദ്യ ദിനം തന്നെ രംഗത്തെത്തിയിരുന്നു. മാപ്പിളപ്പാട്ടിന് പോലും 14ാം വേദിയിലായിരുന്നു സ്ഥാനം.

ഇതിന് പുറമെ കോല്‍ക്കളിയും അറബനമുട്ടും വട്ടപ്പാട്ടുമുള്‍പ്പെടെയുള്ള മുഴുവന്‍ മാപ്പിള കലാരൂപങ്ങളെയും പ്രധാന വേദികളെല്ലാം ഒഴിവാക്കി ആസ്വാദകര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള 23ാം വേദിയിലേക്ക് മാറ്റിയത് പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ തൃശൂര്‍ മേയറായ കെ രാധാകൃഷ്ണനുള്‍പ്പെടെയുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു. ഒന്നാം വേദിയില്‍ തിരുവാതിരക്കളി ഉള്‍പ്പെടുത്തിയപ്പോള്‍ തുല്യ പ്രാധാന്യമുള്ള ഒപ്പനയെ ഒന്നാം വേദിയില്‍ നിന്ന് മാറ്റിയത് ശരിയായില്ലെന്നും കെ രാധാകൃഷ്ണന്‍ സിറാജിനോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന വേദിയില്‍ നിന്ന് മറ്റു മതസ്ഥരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത് ഒഴിവാക്കിയതിന് പിന്നില്‍ ചില തീവ്ര ഹൈന്ദവ സംഘടനകളുടെ ഇടപെടലുകളായിരുന്നെന്ന് സംഘാടകസമിതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സിറാജിനോട് വെളിപ്പെടുത്തിയത്.
എന്നാല്‍ മാപ്പിള കലകളെ പ്രധാന വേദിയില്‍ നിന്ന് മാറ്റിയതല്ലെന്നും ഏഴ് ദിവസത്തെ കലോത്സവം അഞ്ച് ദിവസങ്ങളിലാക്കി പരിഷ്‌കരണം വന്നപ്പോള്‍ സംഭവിച്ചതാണെന്നും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി വി മദന മോഹനന്‍ സിറാജിനോട് പറഞ്ഞു. ഇപ്പോള്‍ ഒന്നാം വേദിയിലും രണ്ടാം വേദിയിലും നടക്കുന്നതെല്ലാം പ്രധാനപ്പെട്ട കലാരൂപങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ കലകളല്ലാത്തവയെ തേക്കിന്‍ കാട് മൈതാനിയില്‍ നിന്ന് ഒഴിവാക്കിയത് ഹിന്ദു ഐക്യവേദി കലക്ടര്‍ക്ക് കത്ത് നല്‍കിയത് മൂലമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗം വിനോദ് ഉമ്പര്‍നാതും സിറാജിനോട് പറഞ്ഞു.

 

Latest