Kerala
കശ്മീരില്‍ നിന്ന് മര്‍കസിലൂടെ കലോത്സവ വേദിയില്‍; പത്തരമാറ്റ് നേട്ടവുമായി മഹ്മൂദും അസ്ഹറും
തൃശൂര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് കോഴിക്കോട് കാരന്തൂരിലെ മര്‍കസിലൂടെ കലോത്സവ വേദിയിലെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ് രണ്ട് വിദ്യാര്‍ഥികള്‍. ആറ് വര്‍ഷമായി മര്‍കസ് പകര്‍ന്നു നല്‍കുന്ന സ്‌നേഹവും സാന്ത്വനവും തണലും നിര്‍ലോഭ പിന്തുണയും ഹൃദയത്തിലേറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന മഹ്മൂദ് അഹമ്മദും അസ്ഹര്‍ മഹ്മൂദുമാണ് ഈ മിന്നും താരങ്ങള്‍. ഉറുദു പ്രസംഗത്തിലും കവിതാ രചനയിലുമാണ് മഹ്മൂദ് എ ഗ്രേഡ് മധുരം നുണഞ്ഞതെങ്കില്‍ ഉപന്യാസത്തിലാണ് അസ്ഹര്‍ പ്രതിഭ തെളിയിച്ചത്. പ്രസംഗത്തില്‍ തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് മഹ്മൂദ് വെന്നിക്കൊടി പാറിക്കുന്നത്.
കശ്മീരിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് മഹ്മൂദിന്റെ വരവ്. ഉപ്പക്കു പുറമെ ഉമ്മയും രണ്ട് സഹോദരിമാരും സഹോദരനും ചേര്‍ന്നതാണ് കുടുംബം.
കശ്മീരിനെ അപേക്ഷിച്ച് എന്തുകൊണ്ടും നല്ല സ്ഥലമാണ് കേരളമെന്ന് നെഞ്ചത്ത് കൈവച്ച് പറയുമ്പോള്‍ മഹ്മൂദിന്റെ കണ്ണുകളില്‍ ഈ നാടിനോട് കുറച്ചു കാലമായുള്ള സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും നക്ഷത്രങ്ങള്‍ തിളങ്ങി. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്ന് മര്‍കസില്‍ വന്നപ്പോഴാണ് അറിയാനായത്. എന്തു ചെയ്യണം, എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ചു ഇതിനു മുമ്പൊരു രൂപവുമുണ്ടായിരുന്നില്ല. കേരളത്തില്‍ വന്നതു തന്നെ മര്‍കസിനെ കണ്ടാണ്. ജമ്മു കുഞ്ചില്‍ മര്‍കസ് സ്‌കൂളുണ്ട്. അവിടുത്തെ പഠനത്തിനു ശേഷമാണ് മലയാള മണ്ണിലേക്ക് ചേക്കേറിയത്. ഇവിടെ എത്തിപ്പെട്ടിരുന്നില്ലെങ്കില്‍ ബംഗാളികളെ പോലെ ചെറുപ്പത്തില്‍ തന്നെ തൊഴില്‍ തേടി തെണ്ടി നടക്കേണ്ട അവസ്ഥയുണ്ടായേനെ. ഇത്രയും മാനുഷികമായ പകര്‍ന്നേകലുകള്‍ മറ്റെവിടെ നിന്ന് ലഭിക്കും…..മഹ്മൂദ് പറഞ്ഞുകൊണ്ടേയിരുന്നു.
ഔരത്ത് ഓര്‍ സമാജ് (സ്ത്രീകളും സമൂഹവും) എന്നതായിരുന്നു പ്രസംഗത്തിന് ലഭിച്ച വിഷയം. ഈയിനത്തില്‍ പത്തു പേരുമായി മത്സരിക്കുമ്പോള്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുമെന്നതില്‍ മഹ്മൂദിന് ഒരു സംശയവുമുണ്ടായിരുന്നില്ല. ഫലം വന്നപ്പോള്‍ ദൃഢമായ ആത്മവിശ്വാസം അസ്ഥാനത്തായതുമില്ല. ആര്‍സു (കണ്ണുനീര്‍) എന്ന വിഷയത്തിലുള്ളകവിതാ രചനയിലും ഈ ആത്മവിശ്വാസം തന്നെയാണ് മഹ്മൂദിനെ തുണച്ചത്.
കേരളത്തിലും മര്‍കസിലും വന്നത് നൂറ് ശതമാനവും നല്ലതായാണ് തോന്നുന്നതെന്ന് മഹ്മൂദിനൊപ്പം പഠിക്കുന്ന സുഹൃത്ത് അസ്ഹര്‍ മഹ്മൂദും പറഞ്ഞു. എന്താണ് ലോകം, ജീവിതം എന്നതു സംബന്ധിച്ചെല്ലാം കൃത്യമായ ധാരണയും ദിശാബോധവും നല്‍കിയത് മര്‍കസാണ്്- അസ്ഹര്‍ പറഞ്ഞു. വൃത്തിയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം എന്ന വിഷയത്തില്‍ ഉപന്യാസം രചിച്ചാണ് അസ്ഹര്‍ എ ഗ്രേഡിലേക്ക് പറന്നത്.
മര്‍കസിലെ ഉറുദു അധ്യാപകന്‍ കെ വി അഹമ്മദ് ആറ് വര്‍ഷത്തോളമായി ശക്തമായ പിന്തുണയുമായി ഇവരുടെ കൂടെത്തന്നെയുണ്ട്. കലാമത്സരങ്ങളിലേക്ക് ആവശ്യമായ പഠന സാമഗ്രികളെല്ലാം എത്തിച്ചു കൊടുക്കുന്നത് ഇദ്ദേഹമാണ്. കോഴിക്കോട് നാദാപുരം കുറുവഞ്ചേരി സ്വദേശിയും അലി-ബിയ്യാത്തു ദമ്പതികളുടെ മകനുമായ അഹമ്മദ് നേരത്തെ യൂനിവേഴ്‌സിറ്റി തലങ്ങളില്‍ ഉറുദു കഥാ രചന, പ്രസംഗം എന്നിവയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സല്‍മയാണ് സഹധര്‍മ്മിണി.