Gulf
ലോക കേരളസഭയിൽ ഖത്വറിൽനിന്ന് ഏഴുപേർ
ദോഹ: പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ രൂപവത്കരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ ഖത്വറില്‍ നിന്ന ഏഴു പേര്‍ പ്രതിനിധീകരിക്കും. നോര്‍ക, ക്ഷേമനിധി ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ക്കു പുറമേ നാലു പേരെയാണ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഐ സി ബി എഫ് വൈസ് പ്രസിഡന്റും സംസ്‌കൃതി പ്രവര്‍ത്തകനുമായ പി എന്‍ ബാബുരാജന്‍, ഇന്‍കാസ് പ്രസിഡന്റ് ജോണ്‍ ഗില്‍ബര്‍ട്ട്, കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശംസുദ്ദീന്‍ പോക്കര്‍ എന്നിവരാണ് അംഗങ്ങള്‍. നോര്‍ക ഡയറക്ടര്‍മാരായ സി കെ മേനോന്‍, സി വി റപ്പായി, ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ കെ ശങ്കരന്‍ എന്നിവര്‍ ലേകകേരള സഭ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കും.
എസ് എ എം ബഷീര്‍, ശംസുദ്ദീന്‍ പോക്കര്‍ എന്നിവര്‍ക്ക് ആഴ്ചകള്‍ക്കു മുമ്പേ സര്‍ക്കാര്‍ അറിയിപ്പു ലഭിച്ചിരുന്നു. എന്നാല്‍ ജോണ്‍ഗില്‍ബര്‍ട്ടിന്റെയും ബാബുരാജിന്റെയും പേരുകള്‍ കഴിഞ്ഞ ദിവസമാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി അറിയിപ്പു നല്‍കിയത്. സഭയില്‍ പ്രാതിനിധ്യത്തിനു വേണ്ടി ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖേന വിവിധ കേന്ദ്രങ്ങളില്‍നിന്നും സമ്മര്‍ദങ്ങളുണ്ടായിരുന്നു. നോര്‍ക ഡയറക്ടര്‍മാര്‍ക്കും പോലും സ്വാധീനം ചെലുത്താനാകാത്തവിധം മുഖ്യമന്ത്രിയുടെ ഓഫീസാണ് പട്ടിക അന്തിമമാക്കിയതെന്നാണ് വിവരം. ഖത്വറിലെ സി പി എം സംഘടനയായ സംസ്‌കൃതി നിര്‍ദേശിച്ച പൊതു സാമൂഹിക പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെട്ടില്ല. സി പി ഐ സംഘടനയായ യുവകലാസാഹിതിക്കും പരിഗണിക്കപ്പെടാത്തതില്‍ അമര്‍ഷമുണ്ട്.
മുഖ്യധാരാ സംഘടനകള്‍ എന്ന നിലയില്‍ സംസ്‌കൃതി, ഇന്‍കാസ്, കെ എം സി സി പരിഗണിക്കപ്പെട്ടപ്പോള്‍ കൃത്യമായ സംഘടനാ പ്രാതിനിധ്യമല്ലാതെയാണ് ശംസുദ്ദീന്റെ തിരഞ്ഞെടുപ്പെന്നാണ് വിവരം.
ഈ മാസം 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലാണ് ലോകകേരളസഭ സമ്മേളിക്കുന്നത്. മുഖ്യമന്ത്രി സഭാനാഥനും പ്രതിപക്ഷേനേതാവ് ഉപനേതാവുമായ സഭയില്‍ പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരള നിയസഭാ അംഗങ്ങളും കേരളത്തില്‍നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളും സഭയില്‍ അംഗങ്ങളാണ്. രണ്ടു വര്‍ഷമാണ് സഭയുടെ കാലാവധി. ശേഷം പുതിയ അംഗങ്ങളെ തിരഞ്ഞെടക്കും. സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രസിഡിയമാണ് സഭ നിയന്ത്രിക്കുക.