Connect with us

Gulf

ദോഹ മെട്രോയില്‍ പ്രധാനമന്ത്രിയുടെ സ്റ്റേഷന്‍ സന്ദര്‍ശനം

Published

|

Last Updated

ദോഹ: നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോയുടെ ഇകണോമിക് സോണ്‍ സ്റ്റേഷന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സന്ദര്‍ശിച്ചു. മെട്രോ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ പുരോഗതികളും ഭാവി പദ്ധതികളും പ്രധാനമന്ത്രി വിലയിരുത്തി.

ഇകണോമിക് സോണ്‍ ഉഖ്ബ ബിന്‍ നാഫിഈ സ്റ്റേഷനുകള്‍ക്കിടയിലെ തുരങ്കത്തിലൂടെ ആദ്യമായി സഞ്ചരിക്കുന്ന പുതിയ ട്രെയിനും പ്രധാനമന്ത്രി യാത്ര ചെയ്തു പരിശോധിച്ചു. വക്‌റയിലെ മുകള്‍ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍കൂടിയാണിത്. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ഡ്രവറില്ലാത്ത ട്രെയിനുകളാണ് ദോഹ മെട്രോക്കു വേണ്ടി തയാറാക്കിയിരിക്കുന്നത്. യാത്രാക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും വേഗതയേറിയ സേവനവും സൗകര്യവും നല്‍കുന്നതാണ് ട്രെയിനുകളെന്ന് മെട്രോ അധികൃതര്‍ വിശദീകരിച്ചു.

ഡിജിറ്റല്‍ മീഡിയ സൂചനാ ബോര്‍ഡുകള്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളും സേവനങ്ങളും ട്രെയിന്‍ ബോഗികളുടെ പ്രത്യേകതയാണ്. ഇന്റഗ്രേറ്റഡ് ഫ്‌ളൈറ്റ് പ്ലാനിംഗ്, സെല്‍ഫ് കാറ്ററിംഗ് ടിക്കറ്റിംഗ്, സ്മാര്‍ട്ട് എയര്‍ കണ്ടീഷനിംഗ്, സമ്പൂര്‍ണ വൈഫൈ കവറേജ് എന്നിവയും ദോഹ മെട്രോയുടെ പ്രത്യേകതകളാണ്. നമ്പര്‍ ആറ് റിംഗ് റോഡ്, വക്‌റ റോഡ് ഇന്റര്‍ സെക്ഷനിലാണ് ഇകണോമിക് സോണ്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 15000 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് സ്റ്റേഷനുണ്ടാവുക. ഹമദ് രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നു എന്നതിനാല്‍ റാസ് അബു ഫന്‍താസിലെ ഖത്വര്‍ ഇകണോമിക് സോണിന്റെ പ്രധാന ഹബ്ബായി ഈ സ്റ്റേഷന്‍ മാറും.ഖത്വര്‍ പൈതൃക മാതൃകയും ആധുനികവും സമകാലികവുമായ വാസ്തുകലയും സമ്മേളിക്കുന്ന രൂപകല്പനയാണ് ഇകണോമിക് സോണ്‍ സ്റ്റേഷന്റെതെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷ, സുസ്ഥിരത, പ്രായോഗികത, ആധുനികത എന്നിവക്കു തുല്യ പ്രാധാന്യം നല്‍കിയാണ് സ്റ്റേഷന്‍ നിര്‍മാണം. യാത്രക്കാര്‍ക്ക് രൂപകല്പനയുടെ സൗന്ദര്യം ആസ്വദിക്കാനാകുംവിധം വിശാലമായാണ് സ്റ്റേഷന്റെ ഉള്‍വശം തയാറാക്കിയിരിക്കുന്നത്. സ്വാഭാവിക വെളിച്ചം, സുഗമമായ സഞ്ചാരം എന്നിവയും മികച്ച അനുഭവം സമ്മാനിക്കും.