Connect with us

Articles

പ്രവാസം ഒരു രാഷ്ട്രീയ ആശയം ആകുമോ?

Published

|

Last Updated

ഒരു സ്റ്റേറ്റിന്റെ മുഖ്യമായ ഘടകം ജനങ്ങളായിരിക്കും. ഈ ജനതയുടെ ജീവിതത്തെ സര്‍വോന്മുഖവും പുരോഗമനപരവുമായി അഭിസംബോധന ചെയ്യുന്ന ആശയത്തെ രാഷ്ട്രീയം എന്നും നിര്‍വചിക്കാം. അങ്ങനെയാണ് ജനതയുടെ പാര്‍പ്പിടവും ആഹാരവും വിദ്യാഭ്യാസവും ആരോഗ്യവും സര്‍വോപരി തൊഴിലും സംസ്‌കാരവുമെല്ലാം സ്റ്റേറ്റിന്റെ മുഖ്യ രാഷ്ട്രീയ ആശയമായി മാറുന്നത്. അനുബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ വേറെയും. കാലം പുരോഗതി പ്രാപിക്കുമ്പോഴും ലോകത്തെ ബഹുഭൂരിഭാഗം രാജ്യങ്ങളും മേല്‍പറഞ്ഞ ഘടകങ്ങളില്‍ ജനതയെ ശരാശരിക്കു മുകളിലേക്കു കൊണ്ടു വരുന്നതിനുള്ള വെല്ലുവിളി നിറഞ്ഞ പ്രയത്‌നത്തിലാണ്. ജനം എന്ന ഘടകത്തെ സ്ത്രീ, പുരുഷന്‍, കുട്ടികള്‍, വൃദ്ധര്‍, യുവാക്കള്‍, ന്യൂനപക്ഷം, പിന്നാക്കം ഇങ്ങനെ വര്‍ഗീകരിച്ചു പരിഗണിക്കുന്നത് അവരിലേക്ക് കൂടുതല്‍ ശ്രദ്ധ പതിയുന്നതിനും ക്ഷേമാധിഷ്ഠിതമായ രാഷ്ട്രീയ സേവനം പ്രയോഗിക്കുന്നതിനും വേണ്ടിയാണ്.
കേരളം എന്ന സ്റ്റേറ്റിലെ ജനസമൂഹത്തില്‍ ഒരു വര്‍ഗം കൂടി ന്യായമായും അധികമുണ്ട്, പ്രവാസികള്‍. അടിസ്ഥാന പുരോഗതികള്‍ കൈവരിക്കുന്നതില്‍ സ്റ്റേറ്റിനും മുമ്പേ നടക്കാനും സ്‌റ്റേറ്റിനെ വഴി നടത്താനും സന്നദ്ധരായി ഇറങ്ങിപ്പുറപ്പെട്ടവര്‍. പ്രവാസ കേരളത്തിന്റെ ചരിത്രം അതാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ പൊതു അവസ്ഥകളും ഗ്രാമീണ ജീവിതങ്ങളും കേരളവുമായി താരതമ്യം ചെയ്താല്‍ ഇത് ലളിതമായി ബോധ്യപ്പെടും. പ്രവാസത്തെ മലയാളിയുടെ തൊഴിലും വികസനവും വിദ്യാഭ്യാസവും സംസ്‌കാരവുമൊക്കെയായാണ് കാലം വികസിപ്പിച്ചത്.

പതിയെ പ്രവാസി മലയാളി ഒരു സമൂഹമായി, വര്‍ഗമായി രൂപപ്പെട്ടു. സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ ജീവിക്കുന്ന ജനസംഖ്യയുടെ അത്രയും പേര്‍ ഇന്നു പ്രവാസികളായുണ്ട്. അതുകൊണ്ട്, പ്രവാസി മലയാളികള്‍ അഥവാ സംസ്ഥാനത്തെ 24 ലക്ഷം ജനങ്ങള്‍ അടങ്ങുന്ന സമൂഹം കേരള സ്റ്റേറ്റിനെ സംബന്ധിച്ച് ഒരു രാഷ്ട്രീയം തന്നെയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോയ കാലങ്ങളില്‍ അത്ര ഗൗനിക്കാതെ വിട്ട ഈ ആശയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് നല്‍കുന്ന പരിഗണനയുടെ അടയാളമായാണ് ഇന്ന് തിരുവനന്തപുരം നിയസഭാ മന്ദിരത്തില്‍ ആരംഭിക്കുന്ന ലോകകേരളസഭയുടെ പ്രഥമ സമ്മേളനത്തെ വിലയിരുത്തേണ്ടത്.
ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും ചരിത്രം മാതൃക രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു കല്‍പ്പിത ലജിസ്ലേറ്ററിനാണ് ഇന്ന് കേരള നിയമസഭാ സ്പീക്കര്‍ ആദ്യബെല്‍ മുഴക്കുന്നത്. സഭാനാഥനായി മുഖ്യമന്ത്രിയും ഉപനാഥനായി പ്രതിപക്ഷനേതാവും.

കാബിനറ്റ് അംഗങ്ങളും നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും സംസ്ഥാനത്തെ പാര്‍ലിമെന്റ് അംഗങ്ങളും ഉള്‍കൊള്ളുന്ന സഭയിലെ പകുതിയോളം അംഗങ്ങള്‍ പ്രവാസി പ്രതിനിധികളാണ്. ഗള്‍ഫ്, അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആസ്‌ട്രേലിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രവാസി മലയാളി പ്രതിനിധികള്‍ ലോക കേരള സഭയിലുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക പുരോഗമന യശസ്സ് രാജ്യാതിര്‍തികള്‍ക്കപ്പുറത്തേക്കു പടര്‍ത്തിയ വ്യത്യസ്ത തുറകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ കൂടി ചേരുന്നതാണ് ഈ സഭ. ഭരണപ്രതിപക്ഷ ഭേദമില്ലാത്ത ഒരു ഒരുമ. ചുരുക്കിപ്പറഞ്ഞാല്‍, എത്ര കുറവുകളുണ്ടെങ്കിലും ലോകകേരള സഭ എന്ന വാക്യം അന്വര്‍ഥമാക്കിക്കൊണ്ട് കേരളീയരുടെ ഒരു സമ്പൂര്‍ണ പ്രാതിനിധ്യസഭക്കു കൂടിയാണ് രണ്ടു ദിവസങ്ങള്‍ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
ലോക കേരളസഭയില്‍ അവതരിപ്പിക്കാനായി മുഖ്യമന്ത്രി തയാറാക്കിയ രേഖയില്‍ പറയുന്നു; “ലോക കേരളത്തെ ഒരുമിച്ചു നിര്‍ത്തുന്ന പൊതുവേദി എന്ന ധര്‍മം നിര്‍വഹിക്കുകകൂടിയാണ് ലോകകേരള സഭയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നിലവിലുള്ള നമ്മുടെ വികസന പ്രശ്‌നങ്ങളുമായി പ്രവാസികളെ ബന്ധിപ്പിക്കുന്നതിനുതകുന്ന യാതൊരുവിധ സംവിധാനവും കാര്യക്ഷമമായി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. അത്തരം ഒരു സംവിധാനം രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുകയും അവിടെ ജനാധിപത്യപരമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഈ സഭയുടെ പ്രധാന സവിശേഷത. പ്രവാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ ഇതുവരെ നടന്നിട്ടില്ല.

പ്രവാസികളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതോടൊപ്പം പ്രവാസത്തിന്റെ സാധ്യതള്‍ ഉപയോഗിക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ട് ദൗത്യങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ലോകകേരളസഭയുടെ നടപടിക്രമങ്ങളും വിഭാവനം ചെയ്തിട്ടുള്ളത്”. പ്രവാസവുമായി ബന്ധപ്പെട്ട ചരിത്രവും വര്‍ത്തമാനവും സ്ഥിതിവിവരവുമെല്ലാം വിശദമാക്കുന്ന രേഖയില്‍ ലോകകേരളസഭയുടെ താത്പര്യത്തിന്റെ രത്‌നച്ചുരുക്കം ഈ ഖണ്ഡികയില്‍ അടക്കം ചെയ്തിട്ടുണ്ട്.
രേഖ മുന്നോട്ടു വെക്കുന്ന രണ്ടു സുപ്രധാന ദൗത്യങ്ങളില്‍ ഒന്ന്, പ്രവാസികളോടുള്ള സ്‌റ്റേറ്റിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുക എന്നതും രണ്ട്, പ്രവാസത്തിന്റെ സാധ്യതകള്‍ ആസൂത്രിതമായി പ്രയോജനപ്പെടുത്തുക എന്നതുമാണ്. ഇതു രണ്ടും രാഷ്ട്രീയമാണ്. ഒന്ന് ഒരു സ്റ്റേറ്റ് ജനതയോടു നിര്‍വഹിക്കേണ്ട കടമയും രണ്ട് ജനം സ്റ്റേറ്റിനോടു നിര്‍വഹിക്കേണ്ട ചുമതലയും. പ്രവാസ കേരളം സംസ്ഥാനത്തിനു പ്രയോജനപ്പെട്ടിട്ടുണ്ട് എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. അത് സഭാരേഖ സമ്മതിക്കുന്നുമുണ്ട്. പക്ഷേ അത് സ്റ്റേറ്റ് ആസൂത്രിതമായി ചെയ്തതല്ല, പ്രവാസികള്‍ സ്വമേധയാ നിര്‍വഹിച്ചു പോന്നതാണ്. പ്രവാസികളോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തില്‍ സ്റ്റേറ്റിനു സംഭവിച്ച കുറവുകളാകട്ടേ അവരെ ഒരു സമൂഹമായി പരിഗണിക്കുന്നതില്‍ സംഭവിച്ച ആശയത്തിന്റെ പോരായ്മയും. ഈ പ്രശ്‌നത്തെ സംബോധന ചെയ്യാനുള്ള രാഷ്ട്രീയമായ തീരുമാനവും സാധ്യതകളുടെ സമീപത്തുനിന്നു കൊണ്ടുള്ള ഔദ്യോഗികമായ ചുവടുവെപ്പുമാണ് ഈ കല്‍പ്പിത പ്രവാസി പാര്‍ലിമെന്റ്, അഥവാ ലോകകേരസഭ. ഈ രാഷ്ട്രീയ സ്ഥാപനത്തിന് ഫലപ്രദമായി മുന്നോട്ടുപോകാനായാല്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പുരോഗതിയിലേക്കു നയിക്കാനും സാധിക്കും.

പ്രശ്‌നങ്ങളോരോന്നും ഘട്ടംഘട്ടമായി പരിഹാര പരിഗണനയില്‍ വരും എന്നും പ്രതീക്ഷിക്കാം.
“പ്രവാസികളെ സംബന്ധിച്ച് വ്യക്തവും സമഗ്രവുമായ ഒരു ചിത്രം പോലും നമുക്കില്ല” എന്ന് മുഖ്യമന്ത്രിയുടെ രേഖ വ്യക്തമാക്കുന്നുണ്ട്. സമ്പൂര്‍ണ പൗരത്വം എന്ന അവകാശം നിലനിന്നപ്പോഴും സ്റ്റേറ്റിനാല്‍ അശ്രദ്ധ പുലര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ ഗതിയെപ്പറ്റിയുള്ള പരമമായ ഒരു പ്രസ്താവമാണിത്. ഫെഡറല്‍ സംവിധാനത്തില്‍ രാജ്യമാണ് (കേന്ദ്രം) ഇവിടെ സ്റ്റേറ്റിന്റെ ചുമതലയില്‍ വരുന്നത്. എങ്കില്‍ പോലും സംസ്ഥാനവും ഈ രംഗത്ത് സാധ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിന്റെ പ്രശ്‌നംകൂടിയാണ്. തിരുവനന്തപുരം സെന്റര്‍ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സി ഡി എസ്), പതിനയ്യായിരം പേരെ തിരഞ്ഞെടുത്ത് നടത്തുന്ന സാംപിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന മതിപ്പു കണക്കുകള്‍ മാത്രമാണ് കേരളത്തിന്റെ കൈവശമുള്ളതത്രെ. 24 ലക്ഷം പ്രവാസി മലയാളികളെക്കുറിച്ച് നാം പതിനയ്യായിരം പേരില്‍ നിന്ന് വിവരങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് ചുരുക്കം. ഇതു ബോധ്യപ്പെടുത്തുന്നത്, പൗരന്‍ എന്ന നിലയില്‍ തന്നെ ഓരോ പ്രവാസിയും സ്റ്റേറ്റിന്റെ കണക്കു പുസ്തകത്തിലെങ്കിലും ഇടം പിടിക്കുകയും അഭിമുഖീകരിക്കപ്പെടുകയും വേണ്ടതുണ്ട് എന്നതാണ്. മറ്റെല്ലാ ക്ഷേമങ്ങളും അതിന്റെ തുടര്‍ച്ചയായി വരേണ്ടതാണ് എന്നര്‍ഥം. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവകാശം പോലും പ്രവാസിക്കു വകവെച്ചു കിട്ടിയത് ഈയടുത്ത കാലത്താണ് എന്നത് ചേര്‍ത്തു വായിക്കേണ്ടതാണ്.
കല്‍പ്പിതമെങ്കിലും കേരളത്തിന്റെ ഭരണകൂടവും പ്രതിപക്ഷവും കേന്ദ്ര, സംസ്ഥാന നിയമനിര്‍മാണ സഭയിലെ സംസ്ഥാനത്ത് നിന്നുള്ള മുഴുവന്‍ അംഗങ്ങളും ഉള്‍കൊള്ളുന്ന ഒരു വിശാലസഭയിലേക്കാണ് പ്രവാസികളില്‍ നിന്നുള്ള പ്രതിനിധികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളതും ഇന്ന് സമ്മേളിക്കുന്നതും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗ്യതയും മാനദണ്ഡവും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. രണ്ടു ദിവസത്തെ സമ്മേളനവും അവിടെ നടക്കുന്ന ചര്‍ച്ചകളും പ്രവാസി സമൂഹത്തിന്റെ ആകെ സാധ്യതകളെയും സമസ്യകളെയും സ്വാംശീകരിക്കും എന്നു കരുതുക വയ്യ. എന്നാല്‍, സമ്മേളനത്തിന്റെ തുടര്‍ച്ചയായി ഏറ്റെടുക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍, സഭാംഗങ്ങള്‍ അവരുടെ കാലയളവില്‍ നിര്‍വഹിക്കുന്ന ഉത്തരവാദിത്വങ്ങള്‍, സഭാംഗങ്ങള്‍ക്ക് നല്‍കുന്ന അവസരങ്ങള്‍, അവകാശങ്ങള്‍ എന്നിവയൊക്കെ ആശ്രയിച്ചാണ് ലോകകേരളസഭ അതിന്റെ സ്വപ്‌നങ്ങളെ സാര്‍ഥകമാക്കുക. ആണ്ടു തോറും നടന്നുവരുന്ന പ്രവാസി സമ്മേളനങ്ങള്‍ പോലെ ചടങ്ങുകളാകാതെ ക്രിയാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു ലജിസ്ലേറ്റര്‍ ആക്ടിവിസത്തിന് തുടക്കം കുറിക്കാന്‍ ഇന്ത്യയില്‍ ഇതാദ്യമായി വിളിച്ചുചേര്‍ക്കപ്പെടുന്ന ഈ സഭക്കു സാധിക്കേണ്ടതുണ്ടെന്നതാണ് പ്രവാസികള്‍ മുന്നോട്ടു വെക്കുന്ന താത്പര്യം.

പ്രവാസത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ലോകകേരളസഭയുടെ ആമുഖരേഖ എടുത്തു പറയുന്നുണ്ട്. പ്രവാസത്തിലും മുമ്പും ശേഷവുമുള്ള പ്രതിസന്ധികളും കുടിയേറ്റ നിയമമുള്‍പ്പെടെയുള്ള വിഷയങ്ങളും രേഖ സംബോധന ചെയ്യുന്നു. പുനരധിവാസം പോലുള്ളവയിലേക്കും രേഖ സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ നൈപുണ്യവും സമ്പത്തും സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചും ആശയങ്ങള്‍ ഉത്പാദിപ്പക്കുന്നു. ഭക്ഷ്യം, വിദ്യാഭ്യാസം, ആരോഗ്യം, കല, സാഹിത്യം, സാങ്കേതികം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലേക്കും പ്രവാസി പങ്കാളിത്തത്തോടെയുള്ള കേരളത്തിന്റെ ഭാവിയിലേക്കു ആശയജാലകം തുറക്കാനും ശ്രമിക്കുന്നുണ്ട്. “സഭയിലെ ചര്‍ച്ചകള്‍ക്കു ശേഷം, സഭാംഗങ്ങളുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് വിശദമായ രേഖ തയാറാക്കണം” എന്ന താത്പര്യത്തോടെയുള്ള രേഖയുടെ ഉപസംഹാരത്തില്‍ നിന്നാണ് ലോകകേരള സഭയുടെ രാഷ്ട്രീയ ദൗത്യം ആരംഭിക്കുന്നത്.

 

Latest