Connect with us

Gulf

ഹരിത സമ്പദ്ഘടനയുടെ ആഗോള തലസ്ഥാനമാകാന്‍ ദുബൈയുടെ കുതിപ്പ്

Published

|

Last Updated

    ദുബൈ എമിറേറ്റ്‌സ് ടവേര്‍സില്‍ സംഘടിപ്പിച്ച യൂത്ത് ഹബ്ബില്‍ ഹരിത സാമ്പത്തിക റിപ്പോര്‍ട്ട്-2018 ദുബൈ ഊര്‍ജ ഉന്നതാധികാര സമിതി വൈസ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ പുറത്തിറക്കുന്നു

ദുബൈ ഊര്‍ജ ഉന്നതാധികാര സമിതിയുടെ ഹരിത സാമ്പത്തിക റിപ്പോര്‍ട്ട്-2018 വൈസ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ പുറത്തിറക്കി. എമിറേറ്റ്‌സ് ടവേര്‍സില്‍ നടന്ന യൂത്ത് ഹബ്ബിലായിരുന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം (യു എന്‍ ഡി പി), ദുബൈ കാര്‍ബണ്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (ദുബൈ കാര്‍ബണ്‍) എന്നിവയുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഹരിത സമ്പദ് വ്യവസ്ഥാ വികസനത്തിനുള്ള എട്ട് അധ്യായങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്. ലോക ഹരിത സാമ്പത്തിക സമ്മേളനം, നവീനതയും സാങ്കേതിക വിദ്യയും, ഭാവിയില്‍ കൈവരിക്കേണ്ട നേട്ടങ്ങളും പദ്ധതികളും, ഊര്‍ജം, പുനരുപയുക്ത സാങ്കേതിക വിദ്യ, സ്മാര്‍ട് സിറ്റി തുടങ്ങിയ നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

രാജ്യത്ത് ഹരിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനും വികസന സുസ്ഥിരത കൈവരിക്കാനുമുള്ള പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തില്‍ നേടിയെടുത്ത വിജയ നേട്ടങ്ങളുടെ പിന്‍ബലത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നതെന്ന് സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ഭാവി തലമുറക്ക് മികച്ച ജീവിതം ഉറപ്പുവരുത്തുകയും ലോകത്തിലെ മികച്ച രാജ്യമായി യു എ ഇയെ മാറ്റുകയുമാണ് യു എ ഇ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സുസ്ഥിര വികസനം ഉറപ്പുവരുത്തുകയും പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക-സാമൂഹിക വികസനം സന്തുലിതമാക്കുകയുമാണ് ലക്ഷ്യം. യു എ ഇ വിഷന്‍ 2021ന്റെ ഭാഗമായി പ്രകൃതി വിഭവങ്ങളെ പരിപാലിക്കുകയും ഹരിത വികസന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. യു എ ഇ ഗ്രീന്‍ ഗ്രോത്ത് സ്ട്രാറ്റജിയുടെ മുദ്രാവാക്യം തന്നെ “സുസ്ഥിര വികസനത്തിന് ഹരിത സമ്പദ് ഘടന” എന്നാണ്. ഐക്യ രാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് മികച്ച സംഭാവന നല്‍കാന്‍ സഹായിക്കുന്നവയാണ് യു എ ഇയുടെ പദ്ധതികള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിത സമ്പദ് ഘടനയുടെ ആഗോള തലസ്ഥാനമായി മാറാന്‍ ദുബൈ, വാഗ്ദാനങ്ങള്‍ നിറവേറ്റുന്നുണ്ട്. പരിസ്ഥിതി പങ്കാളിത്തത്തിനും ധന വിനിയോഗത്തിനും ഊര്‍ജ കാര്യക്ഷമതക്കും പുനരുപയുക്ത ഊര്‍ജ രംഗത്തെ നിക്ഷേപത്തിനും ദുബൈ മുന്നിട്ടിറങ്ങുന്നു. ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050ന്റെ ലക്ഷ്യങ്ങളിലൊന്നായ കാര്‍ബണ്‍ മലിനീകരണം തടയുന്നതിനാണ് ദുബൈയുടെ ശ്രമങ്ങള്‍. 2020ഓടെ ദുബൈയുടെ ഊര്‍ജോത്പാദനത്തിന്റെ ഏഴ് ശതമാനം പ്രകൃതി സൗഹൃദ ഊര്‍ജമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 2030ല്‍ ഇത് 25 ശതമാനമായും 2050ഓടെ 75 ശതമാനമായും ഉയര്‍ത്തും. ഇതോടെ ലോകത്ത് ഏറ്റവും കുറവ് കാര്‍ബണ്‍ മലിനീകരണമുള്ള നഗരമായി ദുബൈ മാറും.

ചടങ്ങില്‍ ഹരിത സാമ്പത്തിക റിപ്പോര്‍ട്ടിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. സ്മാര്‍ട് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ ബിശ്ര്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സ്ട്രാറ്റജി ആന്‍ഡ് ഇന്നൊവേഷന്‍ അസി. ഡയറക്ടര്‍ ജനറല്‍ ഹുദ അല്‍ ഹാശിമി, ഊര്‍ജ ഉന്നതാധികാര സമിതി സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ ബുതി അല്‍ മുഹൈരിബി, എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം എം ഡിയും സി ഇ ഒയുമായ അബ്ദുല്ല കല്‍ബാന്‍, എംപവര്‍ സി ഇ ഒ അഹ്മദ് ബിന്‍ ശഫര്‍, ദുബൈ കാര്‍ബണ്‍ ചെയര്‍മാന്‍ വലീദ് സുലൈമാന്‍, യു എന്‍ ഡി പി പ്രതിനിധി ഫ്രോഡ് മൗറിംഗ് തുടങ്ങി പൊതു-സ്വകാര്യ മേഖലാ, അന്താരാഷ്ട്ര സംഘടനാ, മാധ്യമ പ്രതിനിധികളും സംബന്ധിച്ചു.

 

 

 

 

 

 

 

 

 

 

 

 

Latest