Kerala
അപകടം ക്ഷണിച്ച് വരുത്തി വാഹനങ്ങളുടെ ആള്‍ട്രേഷന്‍; നിയമം നോക്കുകുത്തി
തിരുവനന്തപുരം: ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും എതിരെ വരുന്ന വാഹനങ്ങളുടെ ദിശ തെറ്റിക്കുന്ന ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ അപകട ഭീഷണിയാകുന്നു. ബസുകളില്‍ നിയമം ലംഘിച്ച് ലേസര്‍ ലൈറ്റുകള്‍, പുക (സ്‌മോക്കര്‍), വലിയ മ്യൂസിക് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. 10,000 മുതല്‍ 20,000 വാട്‌സ് വരെയുള്ള മ്യൂസിക് സിസ്റ്റങ്ങള്‍ വരെ ചില ടൂറിസ്റ്റ് ബസുകള്‍ ഉപയോഗിക്കുന്നുണ്ട്. അതിനുവേണ്ടി 15 മുതല്‍ 20 വരെ സ്പീക്കറുകളും ഉണ്ടാകും. കൃത്യമായ നിയമ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്തരം ബസുകള്‍ക്കെതിരെ നടപടിയെടുക്കാനാകാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കുകുത്തിയാകുകയാണ്.
എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്നതാണ് കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍. ബസിലെ വലിയ ശബ്ദംകാരണം എതിരെ വരുന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയാല്‍ ഡ്രൈവര്‍മാര്‍ അറിയുന്നില്ല. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം സംവിധാനങ്ങളില്ലെങ്കില്‍ ഓട്ടം ലഭിക്കില്ലെന്നും 35 ലക്ഷം മുതല്‍ 50 ലക്ഷം വരെ ലോണ്‍ എടുത്താണ് ഒരു ടൂറിസ്റ്റ് ബസ് ഇറക്കുന്നതെന്നും ബസ് ഉടമകള്‍ പറയുന്നു. ലേസര്‍ ലൈറ്റുകളോടും ശബ്ദവിന്യാസങ്ങളോടും കൂടിയ ബസുകളാണ് വിനോദയാത്രക്ക് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. രജിസ്‌ട്രേഷന്‍ സമയത്ത് വാഹനങ്ങളില്‍ ഇത്തരം ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉണ്ടാകാറില്ല. അതിനുശേഷമാണ് ഇവയെല്ലാം ഘടിപ്പിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പരിശോധനയില്‍ കൂടുതല്‍ ലൈറ്റുകളും മ്യൂസിക് സിസ്റ്റങ്ങളും കണ്ടെത്തിയാല്‍ നീക്കം ചെയ്ത് 500 രൂപ പിഴ അടപ്പിക്കാനേ നിയമമുള്ളൂ. വീണ്ടും തുടര്‍ന്നാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യാം. മോടിപിടിപ്പിച്ച കാറുകള്‍ക്കും ബൈക്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവുണ്ട്. അന്ന് പോലീസ് പരിശോധന ശക്തമാക്കിരുന്നു. എന്നാല്‍ പിന്നീട് ഇത് കാര്യക്ഷമമായി നടന്നിട്ടില്ല. വാഹനപരിശോധനക്ക് മതിയായ ഉദ്യോഗസ്ഥരില്ലാത്തതും നടപടികളില്‍ നിന്ന് പിന്തിരിയാന്‍ പ്രധാന കാരണമാണ്. സംസ്ഥാനത്ത് 212 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 425 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും മാത്രമാണുള്ളത്.