Kerala
'ജറൂസലം ട്രംപിന്റെ കുടുംബസ്വത്തല്ല; പിറന്ന നാടിനെ തിരികെ തന്നേ തീരൂ'
തൃശൂര്‍: “സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി ജീവിക്കേണ്ട ഗതികേടിലാണ് ഞങ്ങള്‍. തോക്കിന്‍ മുനയില്‍ അത്യന്തം ഭീതിയിലും ദുരിതത്തിലുമാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. 1946 ലാണ് എന്നെയും കുടുംബത്തെയും ഇസ്‌റാഈല്‍ ഭരണ നേതൃത്വം റാമല്ലയില്‍ നിന്ന് ബഹിഷ്‌കൃതരാക്കിയത്. എന്തു ത്യാഗം സഹിച്ചും ഫലസ്തീനു വേണ്ടിയുള്ള പോരാട്ടം തുടരും” – പറയുന്നത് നാടക പ്രവര്‍ത്തകനും പ്രശസ്തമായ ഏയ്കര്‍ പ്രൈസ് ജേതാവുമായ ജോര്‍ജ് ഇബ്‌റാഹിം. അന്താരാഷ്ട്ര തിയേറ്റര്‍ ഫെസ്റ്റിവലില്‍ (ഇറ്റ്‌ഫോക്) പങ്കെടുക്കാനെത്തിയ ജോര്‍ജ് ഇബ്‌റാഹിം നാടിന്റെ പോരാട്ടത്തെ കുറിച്ച് വാചാലനായി.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തന്നെയാണ് ജോര്‍ജ് ഇബ്‌റാഹിം ഏഴംഗ നാടക സംഘവുമായി ഇവിടെയെത്തിയതെന്നത് യാദൃച്ഛികം. ഈനാറ്റ് വൈസ്മാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച “ഫലസ്തീന്‍, ഇയര്‍ സീറോ” എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമാണ് ജോര്‍ജ്. ഇതിലെ അഭിനയത്തിനാണ് ഏയ്കര്‍ ഫ്രിഞ്ച് തിയേറ്റര്‍ ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കിയത്.
നാടകോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ 20ന് രാവിലെ 8.30നാണ് ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം അരങ്ങേറുന്നത്. വേരോടെ പിഴുതെറിയപ്പെട്ട ഫലസ്തീന്‍ ജനത അനുഭവിക്കുന്ന പ്രതിസന്ധി മാത്രമല്ല, തന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് “ഫലസ്തീന്‍, ഇയര്‍ സീറോ” യെന്ന് ഇബ്‌റാഹിം വ്യക്തമാക്കി. മറുപക്ഷത്ത് എന്ത് സംഭവിക്കുന്നുവെന്ന് അറിയാനുള്ള താത്പര്യം പോലും ഇസ്‌റാഈലി ജനത കാണിക്കുന്നില്ല. അത് ഉറക്കെ വിളിച്ചു പറയേണ്ടത് എന്റെ കടമയാണെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് നാടകങ്ങളില്‍ അഭിനയിക്കുന്നത്.
1946 ല്‍ ഇസ്‌റാഈല്‍ ഭരണകൂടം കവര്‍ന്നെടുത്ത് തങ്ങളുടെ ഭാഗമാക്കിയ റാമല്ലയില്‍ ജനിച്ച ഇബ്‌റാഹിം വെറും രണ്ടു വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ജോര്‍ദാനിലേക്ക് നാടുകടത്തപ്പെട്ടത്. മാതാപിതാക്കളും സഹോദരിയും മാത്രമാണ് ഇപ്പോള്‍ കൂടെയുള്ളത്. മറ്റു ബന്ധുക്കളെല്ലാം പല നാടുകളിലേക്കായി ചിതറിപ്പോയി.
ജറൂസലം ഇസ്‌റാഈലിന്റെ തലസ്ഥാനമാണെന്ന് പറയുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫലസ്തീനെയോ അവിടുത്തെ ജനതയെയോ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറയുമ്പോള്‍ ഇബ്‌റാഹിമിന്റെ മുഖത്ത് കടുത്ത രോഷത്തിന്റെ ചുവപ്പ്. ജറൂസലം ട്രംപിന്റെ കുടുംബ സ്വത്തല്ല. അദ്ദേഹം സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കിയാല്‍ മതി. സമാധാനമല്ല, അടക്കി ഭരിക്കാനാണ് അവര്‍ക്ക് താത്പര്യമെന്നും ജോര്‍ജ് ഇബ്‌റാഹിം പറഞ്ഞു.