Articles
കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത്
1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു. അന്നു മുതല്‍ ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി. ഇതിന്റെ ആഘോഷമാണ് ഓരോ ജനുവരി 26ന്റെയും റിപ്പബ്ലിക് ദിനം. തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയിലാണ് രാജ്യം ഔപചാരികമായ ആഘോഷ കര്‍മപരിപാടികള്‍ സംവിധാനിക്കുന്നത്. മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് മുഖ്യാതിഥികള്‍ എത്തുന്നു. കര, നാവിക, വ്യോമ സേനകളുടെ പരേഡുകള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആനന്ദം പകരുന്നു. രാഷ്ട്രപതി ഭവനില്‍ നിന്നാരംഭിച്ച് രാജ്പഥിലൂടെ ചെങ്കോട്ട വരെ നിറഞ്ഞുനില്‍ക്കുന്നു ഈ ആഘോഷങ്ങളുടെ തിരയേറ്റം. പത്തിലേറെ രാഷ്ട്രങ്ങളുടെ പ്രാതിനിധ്യമാണ് ഇത്തവണ ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു ഒരുക്കം. രാഷ്ട്രത്തിന് പൗരന്മാരോടും ലോകത്തോടുമുള്ള സന്ദേശങ്ങളും ആശീര്‍വാദങ്ങളും പരിപാടിയില്‍ പങ്കുവെക്കുന്നു. ഓരോ കാലസന്ധിയിലും രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളോട് പുലര്‍ത്തേണ്ട സമീപനങ്ങളും നിലപാടുകളും നാം നവീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. കാരണം ഇത് രാജ്യത്തിന്റെ ആഘോഷമാണ്. പൗരന്മാരുടെ ആഘോഷമാണ്. വെള്ളക്കാരുടെ കോളനി വ്യവസ്ഥയോട് പൊരുതി നേടിയ പരമാധികാരത്തിന്റെ ആഘോഷമാണ്.
2018 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് വേറിട്ടൊരു പരിപാടി സംവിധാനിക്കുന്നു. “കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത്” എന്നാണ് ശീര്‍ഷകം. രാഷ്ട്രവും രാഷ്ട്രത്തിന്റെ അനുഭവ വ്യവഹാരങ്ങളും അവരുടേതു കൂടിയാണല്ലോ.
കുട്ടികളും വിദ്യാര്‍ഥികളും രാജ്യനിര്‍മാണത്തിന്റെ പുതിയ പുലരികള്‍ സ്വപ്‌നം കാണാനാണ് സംഘടന താത്പര്യപ്പെടുന്നത്. അതിനവര്‍ക്ക് രാഷ്ട്രത്തോട് ചിലത് പറയാനുണ്ട്. പ്രതീക്ഷയുടെ തുരുത്തുകളിലേക്കാണ് രാഷ്ട്രം കുട്ടികളെ വിളിക്കേണ്ടത്.
പേടിയുടെ തിരുത്തലുകളാണ് അവര്‍ ആശിക്കുന്നത്. സ്‌നേഹവും സമാധാനവും നിറഞ്ഞ ചിത്രങ്ങളാണ് അവരുടെ കാഴ്ചകള്‍ നിറക്കേണ്ടത്. അതിന് രാഷ്ട്രവും സമൂഹവും ചിലതുകൂടി ചെയ്യേണ്ടതുണ്ട്.
അവര്‍ നാളെയുടെ സാധ്യതകളാണ്. അവരുടെ അവകാശങ്ങളോട് നൈതികമായി നാം ഇടപെടണം. അവരുടെ സര്‍ഗാത്മക നൈസര്‍ഗിക ശേഷികള്‍ക്കും ചിന്തകള്‍ക്കും വേദിയൊരുക്കണം. ഉയരുന്ന വേദികള്‍ കളങ്കമറ്റതാകണം. മാഫിയ റാക്കറ്റുകള്‍ നൃത്തമാടുന്ന വേദികള്‍ കുട്ടികളോടുള്ള അവകാശഭഞ്ജനമാണ്.
ഐക്യരാഷ്ട്രസഭ മുതല്‍ ഗ്രാമീണതലങ്ങളില്‍ വരെ കുട്ടികള്‍ക്ക് വേണ്ടി ചുട്ടെടുക്കുന്ന നിയമങ്ങളും നയങ്ങളും പേരിലൊതുങ്ങരുത്. പ്രയോഗത്തിലെത്തണം. കുട്ടികള്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളുമുള്ളവരാണ്. വീടും നാടും അവയെ താലോലിക്കാനുതകുന്നതാകണം. അവരുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ഉന്നത ഉദ്യോഗത്തിനും ഒന്നും വിലങ്ങാവരുത്.
ഗൃഹാന്തരീക്ഷമാണ് കുട്ടികളുടെ ഒന്നാം പാഠശാല. മാതാവും പിതാവുമാണ് അവരുടെ ആദ്യഗുരുനാഥന്മാര്‍. കുട്ടികളുടെ കാഴ്ചവട്ടത്തെ വിശുദ്ധമാക്കേണ്ടതും വിശാലമാക്കേണ്ടതും ഇവിടെ നിന്നാണ്. മൂന്ന് വയസ്സുകാരിയായ സ്വന്തം മകള്‍ക്ക് നേരെ കാമക്കണ്ണ് എറിയുന്ന അച്ഛന്മാര്‍ക്ക് നല്ല ലോകത്തെയും ധന്യബാല്യത്തെയും ആലോചിക്കാനാവില്ല. വിദ്യാലയങ്ങള്‍ കുട്ടികളുടെ ബലമാണ്. അത് ഭാരമാവരുത്. അധ്യാപകര്‍ അഭയമാണ്, അവര്‍ ഭയമായി മാറരുത്. പ്രതീക്ഷയും സുരക്ഷയുമാണ് കുട്ടികള്‍ക്ക് വേണ്ടത്. നേരും വേരും അഭ്യസിപ്പിക്കേണ്ടത് അധ്യാപകരാണ്. ജീവിക്കാനുള്ള അവകാശങ്ങള്‍ വരെ ലംഘിക്കപ്പെടുന്ന കാലത്ത് കുട്ടികള്‍ രാഷ്ട്രത്തോട് ചിലതുകൂടി ഉച്ചത്തില്‍ പറയുന്നുണ്ട്. അവരെ രാഷ്ട്രം ബാധ്യതയായി തള്ളരുത്. ഭ്രൂണഹത്യകളെ നിയമപരിരക്ഷ നല്‍കി തലോടരുത്. ആണ്‍ പിറന്നാല്‍ ലക്ഷങ്ങള്‍ കൊണ്ടുവരും പെണ്‍പിറന്നാല്‍ ലക്ഷങ്ങള്‍ കൊണ്ടുപോകും എന്ന വിവേചന സ്വരങ്ങള്‍ക്ക് സമൂഹം കാത് നല്‍കരുത്. അന്യന്റെ പൂച്ചെടി നനക്കുന്നത് പോലെ പാഴ്‌വേലയാണ് പെണ്‍മക്കളെ പരിപാലിക്കുന്നത് എന്ന പായാരങ്ങള്‍ നാം ഓര്‍ത്തുവെക്കരുത്. കുട്ടികള്‍ക്ക് ജനിക്കാനും ജീവിക്കാനും അറിയാനും പറയാനും കൊള്ളാനും കൊടുക്കാനുമുള്ള അവസരങ്ങളും അവകാശങ്ങളുമുണ്ട്.
സന്താന വാണിഭ മാര്‍ക്കറ്റുകള്‍ പച്ച പിടിക്കുകയാണ്. മോഷണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കുട്ടികളില്‍ വലിയ സാധ്യതകളാണ് ഈ മാര്‍ക്കറ്റുകള്‍ കണ്ടുവെച്ചിരിക്കുന്നത്. അവയവങ്ങള്‍ പൊള്ളിയും ഒടിഞ്ഞും കീറിയും മുറിഞ്ഞും ഭിക്ഷാടന വ്യവസായത്തിന്റെ ഇരകളാകുന്നുണ്ട് കുറേ ബാല്യങ്ങള്‍.
1959ല്‍ യു എന്‍ ഒ പാസാക്കിയ കണ്‍വെന്‍ഷന്‍ ഓണ്‍ റൈറ്റ് ഓഫ് ദി ചൈല്‍ഡ് നിയമത്തില്‍ ഇന്ത്യയും ഒപ്പ് വെച്ചിട്ടുണ്ട്. ബാലാവകാശങ്ങള്‍ക്ക് മതിയായ ഉറപ്പും ഭദ്രതയും രാജ്യത്ത് ഇപ്പോഴും നടപ്പിലായിട്ടില്ല. ജീവിത സംവിധാനങ്ങള്‍ മെച്ചപ്പെട്ട കേരളത്തില്‍ പോലും ബാല പീഡന നിരോധന നിയമം(2012) നടപ്പിലാക്കിയതിന്റെ തൊട്ടുശേഷമുള്ള വര്‍ഷം 637 പീഡനകഥകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ 1877 കുറ്റകൃത്യങ്ങള്‍ അതേ വര്‍ഷം തന്നെ റിപ്പോര്‍ട്ട് ചെയ്തു. നടപ്പുവര്‍ഷത്തിലും വലിയ മാറ്റങ്ങളില്ല. അധികാര കേന്ദ്രങ്ങള്‍ പുതിയ ബാല നിയമങ്ങള്‍ക്ക് വണ്ടി വട്ടമിട്ടിരിക്കുമ്പോഴും ബാലവേലകളും വിദ്യാഭ്യാസ നിഷേധങ്ങളും പീഡനങ്ങളും ഇടതടവില്ലാതെ പുരോഗമിക്കുന്നു. യാത്രകളില്‍, പഠന കേന്ദ്രങ്ങളില്‍, വീടുകളില്‍, വഴികളില്‍ കുട്ടികളനുഭവിക്കുന്ന അസ്വസ്ഥതകളും അന്യത്വവും നാം കേള്‍ക്കണം. രാഷ്ട്രത്തിന് വേണ്ടി, നാളേക്ക് വേണ്ടി, നമുക്ക് വേണ്ടി, അവര്‍ക്ക് വേണ്ടി.