Connect with us

Articles

സാമ്പത്തിക അച്ചടക്കം, സാമൂഹിക സുരക്ഷ

Published

|

Last Updated

സാമ്പത്തിക അച്ചടക്കം ഉറപ്പാക്കി റവന്യൂകമ്മി കുറക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഇത്തവണത്തെ ബജറ്റിന്റെ ഒരു പ്രധാന പ്രത്യേകത. റവന്യൂ കമ്മി കുറക്കുന്നതിനും സാമ്പത്തിക ദൃഢീകരണത്തിനുമുള്ള നിര്‍ദേശങ്ങളും ബജറ്റ് മുന്നോട്ടുവെക്കുന്നു. ധനക്കമ്മി 2016-17 4.28 ശതമാനമായും, അത് ഇപ്പോള്‍ റിവേഴ്‌സ്ഡ് എസ്റ്റിമേറ്റില്‍ 3.31 ശതമാനവും അടുത്ത വര്‍ഷം 3.1 ശതമാനവുമാകും. ഈ വരുമാനം വര്‍ധിക്കട്ടെ അപ്പോള്‍ കമ്മി കുറയും എന്ന നിലപാട് മാറി, എന്തു വന്നാലും കേരളത്തിന്റെ കമ്മി കുറക്കും എന്നായി. പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന് ഇത്രവലിയ ഇടപെടല്‍ ചരിത്രത്തിലുണ്ടായിട്ടില്ല.

എല്ലാ മേഖലയിലും കൂടുതല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. ലോട്ടറി വരുമാനം പൂര്‍ണമായും ആരോഗ്യ സുരക്ഷാ മേഖലയില്‍ ഉപയോഗിക്കും. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കേന്ദ്ര സഹായത്തോടെ ആര്‍ എസ് ബി വൈ, കാരുണ്യപോലുള്ള സമാന്തര ചികിത്സാ പദ്ധതികള്‍ ഏകീകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 13,000 ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. ഇനി ആവശ്യകത വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും പുതിയ തസ്തിക സൃഷ്ടിക്കുക. വകുപ്പുകളുടെ പുനഃസംഘടനകളിലൂടെ ആവശ്യമായിടത്ത് ജീവനക്കാരെ ഉറപ്പാക്കുന്നത് പരിഗണിക്കും. ചെലവ് ചുരുക്കലിന്റെ യാഥാസ്ഥികമായ സമീപനമാണോയെന്ന് ചോദിച്ചാല്‍ അല്ല എന്നാണ് മറുപടി. ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ 54,000 കോടി രൂപയുടെ കിഫ്ബി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയാണ്. ഇത്ര വലിയ തോതില്‍ വായ്പ അടിസ്ഥാനമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കണമെന്നുണ്ടെങ്കില്‍ ഫിക്‌സഡ് കണ്‍സോള്‍ട്ടേഷന്‍ വേണം. ആ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ബജറ്റാണ്. വളരെ നിരുത്തരവാദിത്ത പരമായി കിഫ്ബി വഴി വായ്പയെടുത്ത് ധാരളിത്തം കാണിച്ചുകൊണ്ടിരിക്കുകയാണെന്ന വിമര്‍ശനം ഉണ്ടല്ലോ..! ആ വിമര്‍ശകര്‍ക്കെല്ലാമുള്ള മറുപടിയാണ്. അപ്പോഴും സാമൂഹിക സുരക്ഷകത്വ കവചത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല.

കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കും. സൗജന്യ സേവനത്തിന് സര്‍ക്കാര്‍ പണം നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നല്‍കുകയെന്നതല്ല നയം. പൊതു മേഖലയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സഹകരണ ബേങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കെ എസ് ആര്‍ ടി സിക്ക് നല്‍കുന്ന വായ്പ ആറു മാസം കഴിഞ്ഞ് പാക്കേജ് വരുന്നതോടെ സര്‍ക്കാര്‍ തിരിച്ചടക്കും. 25,000 രൂപക്ക് മേലുള്ള പെന്‍ഷന്‍ തുക സര്‍ക്കാര്‍ നല്‍കണമെന്നാണ് ബേങ്ക് കണ്‍സോര്‍ഷ്യം ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചിട്ടില്ല.

തീരദേശ പുനരധിവാസത്തിന് 2000 കോടി വേണ്ടിവരും. റബ്ബറിനുള്ള വിലസ്ഥിരതാ പദ്ധതി നിലവിലെ രീതിയില്‍ തുടരും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴി തേടുമ്പോഴും സാമൂഹിക സുരക്ഷ അടക്കമുള്ള പദ്ധതികള്‍ക്ക് കുറവും വരുത്തിയിട്ടില്ല. സ്ത്രീ സമൂഹത്തിനൊപ്പം നില്‍ക്കുന്ന ഉറച്ച നിലപാടുള്ള ബജറ്റാണിത്. ഇന്നവേഷന്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയ വാഹന ഉടമകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വാഹന ഉടമകളുമായി യുദ്ധത്തിനില്ല. പിഴ അടക്കാന്‍ അവര്‍ക്ക് അവസരം നല്‍കും. കേസെടുക്കാനുള്ള അധികാരം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനാണ്. കേസെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാറിന് അധികാരമില്ല. അതേസമയം പിഴ ഒടുക്കിയാല്‍ കേസിന്റെ കാര്യം സര്‍ക്കാര്‍ പുനരവലോകനം ചെയ്യും.

പാര്‍പ്പിട മേഖലക്ക് വലിയ വകയിരുത്തലുണ്ട്. വിശപ്പ് രഹിത പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നതിന് തുടക്കമിടുന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഒരിക്കലുമില്ലാത്ത പരിഗണനയാണ് ബജറ്റ് നല്‍കുന്നത്. പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണത്തിന് ചരിത്രത്തിലില്ലാത്ത ഇടപെടലുണ്ട്്. കൈത്തറി തൊഴിലാളികള്‍ക്ക് 200 ദിവസത്തെ പണി കൊടുക്കാന്‍ വേണ്ടി 150 കോടി കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കയര്‍ തൊഴിലാളികള്‍ക്ക് 200 ല്‍പ്പരം കോടി രൂപ, കശുവണ്ടി തൊഴിലാളികള്‍ക്ക് 200 ദിവസം പണിയെടുക്കുന്നതിന് വേണ്ടി കാഷ്യു ബോര്‍ഡും അതിന് വേണ്ടിയുള്ള നടപടികളും. ഇതാണ് പരമ്പരാഗത മേഖലയോടുള്ള സമീപനം

പഴമ പറച്ചിലില്‍ മാത്രമല്ല, ഭാവിയിലേക്ക് ഈ തലമുറയെ കൈപ്പിടിച്ചുയര്‍ത്തുന്ന നവീന പദ്ധതികളും ബജറ്റ് മുന്നോട്ടുവെക്കുന്നു. കൃഷി, കുടിവെള്ളം, വ്യവസായം തുടങ്ങിയ മേഖലകളിലും നവീന ആശയങ്ങള്‍ ആര്‍ജിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുന്നു. കുടുംബശ്രീക്ക് 20 ഇന പരിപാടിയാണ് മറ്റൊരു പ്രത്യേകത. ഉയര്‍ന്ന പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായി ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഈ ബജറ്റ് പ്രകടിപ്പിക്കുന്ന ഉയര്‍ന്ന പാരിസ്ഥിതിക അവബോധം, അത് ഹരിത കേരള മിഷനെ കുറിച്ചുള്ള ബജറ്റിന്റെ വ്യാഖ്യാനത്തില്‍ നിന്ന് നിങ്ങള്‍ക്ക് വായിച്ചെടുക്കാവുന്നതാണ്. ലിംഗ സമത്വം ഉറപ്പാക്കാന്‍ പ്രതിരോധം സൃഷ്ടിക്കുന്ന സ്ത്രീ സമൂഹത്തിനൊപ്പമാണ് കേരളം എന്ന പ്രഖ്യാപനമാണ് ബജറ്റ് നടത്തുന്നത്.

 

 

Latest