Connect with us

Articles

കൂടെയുള്ളവര്‍ പോലും ഫാസിസത്തിന്റെ ചൂടറിയുമ്പോള്‍

Published

|

Last Updated

നട്ടു വളര്‍ത്തിയവരില്‍ നിന്ന് തന്നെ നിരന്തരം എതിര്‍പ്പുകളുയരുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് സംഘ്പരിവാറും അവരുടെ സര്‍ക്കാറും കടന്നു പോകുന്നത്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശിവസേനയുടെ പിന്മാറ്റം. സമീപ കാലത്ത് ബി ജെ പി സര്‍ക്കാറിനെതിരെ അകത്ത് നിന്ന് ധാരാളം വെല്ലുവിളികളും വിമര്‍ശനങ്ങളുമുയരുകയാണ്. വഴിതെളിച്ചവരില്‍ നിന്നും വഴിമരുന്നിട്ടവരില്‍ നിന്നും ഉയരുന്ന ഈ എതിര്‍പ്പുകളൊന്നും സര്‍ക്കാറിനെയോ പരിവാരത്തെയോ ലവലേശവും പിന്നോട്ടടിപ്പിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശിവസേനയുടെ ഒഴിഞ്ഞു പോക്കിനോട് ബി ജെ പി നേതൃത്വം നടത്തിയ പ്രതികരണം പോലും ഇക്കാര്യം വ്യക്തമാക്കുന്നു. മുന്നണിയും ഭരണവും വിട്ടുപോയാല്‍ ശിവസേനക്ക് തന്നെയാണ് നഷ്ടമെന്നാണ് ബി ജെ പി പറഞ്ഞത്. അധികാരവും ഭൂരിപക്ഷവും അതിന്റെ ഹുങ്കും കാട്ടി എതിരാളികളെയെല്ലാം പല്ലിളിച്ചു കാണിക്കുകയാണ് പരിവാര്‍ ശക്തികള്‍.

ശിവസേനയുടെ തന്നെ കാര്യമെടുത്താല്‍ വളരെ നാളുകളായി അവര്‍ സര്‍ക്കാറിന്റെയും മുന്നണിയുടെയും കടുത്ത വിമര്‍ശകരാണ്. മോദിക്കും അമിത് ഷാക്കുമെതിരെ പ്രതിപക്ഷ കക്ഷികളെയെല്ലാം കടത്തിവെട്ടിയുള്ള വിമര്‍ശനങ്ങളാണ് ശിവസേന കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. എതിരാളികള്‍ക്ക് ആയുധം നല്‍കി ശിവസേന നടത്തുന്ന ഈ എതിര്‍പ്പുകള്‍ മുഖവിലക്കെടുക്കാന്‍ ബി ജെ പി തയ്യാറായിട്ടില്ല. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി മുംബെയിലും മഹാരാഷ്ട്രയിലാകെയും സംഘര്‍ഷത്തിന്റെ വിത്ത് പാകിയത് ശിവസേനയും സ്ഥാപകനായ ബല്‍താക്കറെയുമാണ്. ക്രിക്കറ്റിന്റെപേരില്‍ പോലും പാക്കിസ്ഥാന്‍ വിരോധത്തിന്റെ വിദ്വേഷം നിറച്ചാണ് ശിവസേന വളര്‍ന്നു വന്നത്. തങ്ങളുണ്ടാക്കിയ പ്ലാറ്റ് ഫോമിലാണ് മോദിയും കൂട്ടരും വളര്‍ന്നു വന്നതും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതും. ക്രെഡിറ്റും അധികാരവും മേല്‍ക്കോയ്മയും അവര്‍ക്കാകുന്നു എന്നതും കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്നതിനാലുമാകാം ശിവസേന ഇപ്പോള്‍ മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. ശിവസേന തുടങ്ങിയ മണ്ണിന്റെ മക്കള്‍ വാദവും മുസ്‌ലിംകളോട് പാക്കിസ്ഥാനിലേക്ക് പോകാനുള്ള ആഹ്വാനവും അതിലപ്പുറവും പതിന്മടങ്ങ് തീവ്രതയോടെയും ശക്തിയോടെയും പ്രഖ്യാപിക്കാന്‍ ബി ജെ പി മുന്നോട്ട് വന്നിട്ടുണ്ട്. അതിന്റെ മുന്നില്‍ ശിവസേനയുടെ വാദങ്ങള്‍ ഒന്നുമല്ല എന്ന സ്ഥിതി സംജാതമായിട്ടുണ്ട്.
തങ്ങളുടെ മുന്‍ഗാമികളെയും വഴികാട്ടികളെയും മാത്രമല്ല ഇംഗിതം അംഗീകരിക്കാത്തവര്‍ കൂടെ പ്പിറപ്പുകളാണെങ്കില്‍ പോലും പൊറുക്കില്ലെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ സമീപകാല സംഭവങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകും. പ്രവീണ്‍ തെഗാഡിയ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. മോദി സംഘ്പരിവാര്‍ കൂട്ടുകെട്ടിനെതിരെയാണ് തൊഗാഡിയ വാളോങ്ങിയത്. സ്വേച്ഛാധിപതികള്‍ എന്നുമങ്ങനെയായിരുന്നുവല്ലോ. അവിടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ല. എതിര്‍ ശബ്ദങ്ങള്‍ അവിടെ തെല്ലും ഏശില്ല. അവിടെ പിന്നെ തൊഗാഡിയ അല്ല സുപ്രീം കോടതിയിലെ ഉന്നത നീതിമാന്മാര്‍ വരെ സമമാണ്. അധികാരമാണ് അവരെ ഭരിക്കുന്നത്. അതിനോട് ഒട്ടിനിന്ന് മുന്നോട്ടു നീങ്ങാത്തവരെയെല്ലാം അത് അരിഞ്ഞു വീഴ്ത്തും. ഫാസിസത്തിന്റെ ഈ കരാള ഹസ്തങ്ങള്‍ സ്വന്തം സഹയാത്രികരെയും സഖ്യ കക്ഷികളെയും വരെ വീര്‍പ്പു മുട്ടിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

മറ്റൊരു രീതിയില്‍ ചിന്തിക്കുമ്പോള്‍ സഹയാത്രികരായവര്‍ക്ക്, തുടങ്ങുമ്പോള്‍ കൂടെയുണ്ടായവര്‍ക്കോ ഒന്നിച്ചു തുഴഞ്ഞുവന്നവര്‍ക്കു പോലുമോ അസഹ്യമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വരികില്‍ എത്ര മേല്‍ ഭീകരമാണ് ഫാസിസത്തിന്റെ തേര്‍വാഴ്ചയെന്നു ബോധ്യപ്പെടും. തൊഗാഡിയയുടെ കാര്യം തന്നെയെടുക്കാം. അദ്ദേഹം കൊണ്ടുവന്ന ആശയവും ആയുധങ്ങളും സ്വീകരിച്ചാണ് സംഘ്പരിവാര്‍ വളര്‍ന്നു വന്നത്. മോദിയോടൊപ്പം തൊഗാഡിയയുണ്ടായിരുന്നു. അല്ല തൊഗാഡിയക്കൊപ്പമായിരുന്നു മോദി. തൊഗാഡിയ കാണിച്ചു തന്ന പാതയിലൂടെയാണ് ഇന്ന് പലരും ഭീകര പ്രസ്താവനകളും വെല്ലുവിളികളും നടത്തുന്നത്.
തിരിച്ചടികള്‍ പാഠമാകുന്നത് നേര്‍വഴിയില്‍ പോകുന്നവര്‍ക്കാണ്. അത്തരക്കാര്‍ മാത്രമേ വിമര്‍ശനങ്ങളേയും അഭിപ്രായങ്ങളേയും മുഖവിലക്കെടുക്കുകയുള്ളൂ. അവരാണ് തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുക. അല്ലാത്തവര്‍ കൂടുതല്‍ വാശിയോടെ അവരുടെ തന്നെ മാര്‍ഗത്തിലൂടെ ചലിച്ചുകൊണ്ടേയിരിക്കും. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അവരെ പ്രകോപിതരാക്കുകയെ ഉള്ളൂ.
കേന്ദ്ര സര്‍ക്കാറിന്റെ കരാള ഹസ്തങ്ങള്‍ ജുഡീഷ്യറിയെ പോലും പിടികൂടിയെന്ന യാഥാര്‍ഥ്യത്തിലേക്കാണ് സുപ്രീം കോടതിയിലെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. തെറ്റുകള്‍ ന്യായീകരിക്കാനുള്ള നീക്കങ്ങളാണ് മറ്റു പല വിഷയങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും നടക്കുന്നത്. ഭരണഘടനാ ബഞ്ചു രൂപവത്കരണത്തിലും മറ്റും ഇതാണ് കാണുന്നത്. അസാധാരണമായ സംഭവത്തിലൂടെ സഹികെട്ടു നിവൃത്തിയില്ലാതെയാണെന്ന് പറഞ്ഞു നാല് ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് വാര്‍ത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ പ്രതികരിച്ചത് അതീവ ഗൗരവമായാണ് രാജ്യം നോക്കിക്കാണുന്നത്. കൊളീജിയം ഒഴിവാക്കി ജുഡീഷ്യല്‍ കമ്മീഷന്‍ രൂപവത്കരിക്കാനുള്ള നീക്കം എതിര്‍പ്പിനെതുടര്‍ന്ന് ഒഴിവാക്കിയെങ്കിലും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കൈകള്‍ ഇവിടെയും കാര്യമായ കളികള്‍ നടത്തുന്നുവെന്ന നിരീക്ഷണങ്ങള്‍ ശരിയാണോയെന്ന് തോന്നിപ്പിക്കുന്നതാണ് ഇതെല്ലാം.

ഫാസിസം അതിവേഗമാണ് ആളി പടരുന്നതെന്നും എക്‌സിക്യൂട്ടീവില്‍ പിടിമുറുക്കിയ അത് ഭാഗികമായി ജുഡീഷ്യറിയിലേക്കും പടര്‍ന്നിരിക്കയാണെന്നും അവസാനമായി അത് ഭരണഘടനയെയും പിടികൂടുമെന്നുമായിരുന്നു ഭയപ്പെട്ടിരുന്നത്. ഭരണഘടനയും മാറ്റുമെന്ന് പറഞ്ഞത് ബി ജെ പിയുടെ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ്. പ്രതിഷേധം കനത്തപ്പോഴാണ് അത് പിന്‍വലിച്ചത്. ജുഡീഷ്യറിയെയാകട്ടെ ഭാഗികമായല്ല അതിന്റെ അസ്ഥിവാരത്തെ തന്നെ അത് കാര്‍ന്നു തിന്നുകയാണെന്നാണ് ഒടുവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.
ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായത് മറ്റൊരു ഉദാഹരണമാണ്. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു ആ പ്രസ്താവനയുടെ ചുരുക്കം. അതായത് മുസ്‌ലിംകളും ക്രിസ്ത്യാനികളും മറ്റും ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളണമെന്ന്. ഇന്ത്യക്കാരെല്ലാം ആര്‍ എസ് എസ് മുന്നോട്ടു വെക്കുന്ന ഹിന്ദു സംസ്‌കാരം ഉള്‍ക്കൊണ്ട് ജീവിക്കണമെന്ന്. ഹിന്ദുക്കളല്ലാത്തവരെല്ലാം ഇന്ത്യ വിട്ടു പോകണമെന്ന പഴയ പല്ലവിയുടെ പുതിയ രൂപം. അതിനു പുതിയൊരു വ്യാഖ്യാനവുമായി വരികയായിരുന്നു ഭാഗവത്. പക്ഷേ, ഇതിനൊരു തിരിച്ചടി കിട്ടി. നല്ല ചുട്ട മറുപടി. ആര്‍ എസ് എസിന്റെയോ ബി ജെ പിയുടെയോ എതിരാളികള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ അല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ഹിന്ദു മതത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്തു അതിന്റെ സംരക്ഷകരായി ചമയുകയല്ലേ ആര്‍ എസ് എസ് പ്രഭൃതികള്‍ ചെയ്യുന്നത്. ഈ പിതൃത്വം ഏറ്റെടുക്കലിനെതിരെ ഹിന്ദു മതാചാര്യരില്‍ നിന്നു തന്നെയുണ്ടായ തിരുത്താണ് ഇവിടെ പ്രസക്തമാകുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുക്കളാക്കാനുള്ള മോഹന്‍ ഭാഗവതിന്റെ നീക്കത്തിനെതിരെ ഹിന്ദു മതാചാര്യനായ ശ്രീ ശങ്കരാചാര്യര്‍ തന്നെയാണ് രംഗത്ത് വന്നത്. ഹിന്ദു മതമെന്നത് ചില വിശ്വാസങ്ങളുടെയും സനാതന മൂല്യങ്ങളുടെയും സംഹിതയാണെന്നും അത് അംഗീകരിക്കുന്നവര്‍ക്ക് മാത്രമെ ഹിന്ദുക്കളാകാനാകൂ എന്നും ശങ്കരാചാര്യര്‍ പറഞ്ഞു.
ഹിന്ദു മതത്തിന്റെ മൊത്തകുത്തക അവകാശപ്പെട്ടു കൊണ്ട് സംഘ്പരിവാര്‍ നടത്തുന്ന എല്ലാ പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും ആ മതത്തിന്റേതായി വെച്ചു കെട്ടപ്പെടുകയും അത് നടത്തുന്നവരെ ആ മതത്തിന്റെ യഥാര്‍ഥ വക്താക്കളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നു. അവരുടെ വിടുവായത്തങ്ങള്‍ അംഗീകരിക്കാത്തവരും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരും ഹിന്ദു വിരുദ്ധരായി മുദ്രകുത്തപ്പെടുകയും ചെയ്യുന്ന ഭീതിതാവസ്ഥയും നിലനില്‍ക്കുന്നു. ഏറ്റവുമൊടുവില്‍ കമല്‍ ഹാസനും താന്‍ ഹിന്ദുക്കള്‍ക്കെതിരല്ലെന്നും എന്നാല്‍ അമിത്ഷാക്കും മോദിക്കുമെതിരാണെന്നും പറയേണ്ടി വന്നു. സംഘ് പരിവാര്‍ നടത്തുന്ന എല്ലാ പേക്കൂത്തുകള്‍ക്കും മതത്തിന്റെ മേല്‍വിലാസം നല്‍കുന്ന സംഘ് പരിവാറിന്റെ ഹീനമായ ശ്രമങ്ങള്‍ക്കെതിരെയുള്ള നല്ലൊരു മുന്നറിയിപ്പായി ഇത് വിലയിരുത്തപ്പെടുന്നു.

 

 

Latest