Connect with us

Articles

സോഷ്യല്‍ മീഡിയയിലേക്ക് ചേക്കേറുന്ന ആത്മഹത്യകള്‍

Published

|

Last Updated

ടോക്കിയോവില്‍ നിന്ന് 1.5 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുളള സാമ സിറ്റിയിലാണ് ട്വിറ്റര്‍ കില്ലര്‍ എന്ന അപരനാമത്തില്‍ പ്രശസ്തനായ തകാഹിറോ ശിറൈസി പോലീസ് പിടിയിലാകുന്നത്. ആത്മഹത്യക്കൊരുങ്ങിയ ഒമ്പത് പേരെ അതിലേക്ക് പ്രേരിപ്പിക്കുകയും അവരുടെ തലയറുത്ത് സുഖമരണം ഉറപ്പാക്കുകയും ചെയ്തുവെന്നതാണ് ശിറൈസി ചെയ്ത പാതകം. 15 നും 26 നും ഇടയില്‍ പ്രായമുളള യുവാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ വാളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളിലൂടെയാണ് ട്വിറ്റര്‍ കില്ലര്‍ ഇവരെ കണ്ടെത്തുന്നത്. “ഞാന്‍ ആത്മഹത്യക്കൊരുങ്ങുന്നു. എന്റെ കൂടെ ആരുണ്ട്? ആത്മഹത്യക്കെന്നെ ആരാണ് സഹായിക്കുക” തുടങ്ങിയ ട്വീറ്റുകളാണ് അവസാന സമയത്ത് ഇവരുടെ വാളുകളില്‍ പ്രത്യക്ഷപ്പെട്ടത്. നിങ്ങളുടെ ആവശ്യങ്ങള്‍ ലളിതമാണെന്നും അവ പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നുമുളള ആശ്വാസവാക്കുകള്‍ തിരിച്ച് നല്‍കിയാണ് ശിറൈസിയെപ്പോലുള്ള സൈബര്‍ കാലന്മാര്‍ ഇവരെ അപകടത്തില്‍പ്പെടുത്തുന്നത്. 2005ലാണ് ഇത്തരത്തിലുളള സംഭവം ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 പേരാണ് ഓണ്‍ലൈന്‍ വഴി പരസ്പരം ബന്ധപ്പെട്ടതിന് ശേഷം ആത്മഹത്യ (ഗ്രൂപ്പ് സൂയിസൈഡ്) ചെയ്തത്. “യാത്ര പോകുന്നു”വെന്ന പോസ്റ്റ് ഫേസ്ബുക്കിലിട്ട് ജീവന്‍ ബലി നല്‍കിയ ചാനല്‍ അവതാരകനെ മലയാളികള്‍ മറക്കാന്‍ സമയമായിട്ടില്ല.

സാങ്കേതികവിദ്യ അസൂയാവഹമായ രീതിയില്‍ വളര്‍ച്ച കൈവരിച്ച രാഷ്ട്രങ്ങള്‍ക്കിടയില്‍ ജപ്പാനാണ് പ്രതിവര്‍ഷ ആത്മഹത്യാ നിരക്കില്‍ മുന്നില്‍. 20,000ത്തിലേറെ ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ ആത്മഹത്യ ചെയ്യുന്നത്. 2003ന്റെ അവസാനത്തോടെ ജപ്പാനിലെ അത്മാഹുതിയുടെ നിരക്ക് കുറയാന്‍ തുടങ്ങിയെങ്കിലും യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയിലെ നിരക്ക് വര്‍ധിക്കുകയാണുണ്ടായത്. കൗമാരക്കാര്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ അനന്തരഫലമാണിതെന്ന നിഗമനത്തിലെത്താന്‍ വലിയ ആലോചനയൊന്നും വേണ്ട. 20 വയസ്സിന് താഴെയുളള 5000 ജപ്പാനികളാണ് പ്രതിവര്‍ഷം ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്. ജപ്പാനില്‍ നാലില്‍ ഒരാള്‍ എന്ന നിരക്കില്‍ ആത്മഹത്യയെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടത്തിക്കൊണ്ടിരുന്നുവെന്നാണ് നിപ്പോണ്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫേസ്ബുക്കും വാട്ട്‌സാപ്പുമടക്കമുളള സാമൂഹിക മാധ്യമങ്ങളില്ലാത്ത ലോകത്തെക്കുറിച്ചുളള ആലോചന തന്നെ ഇന്ന് അപ്രസക്തമാണ്. തന്റെ വാളില്‍ മിന്നിമറയുന്ന ലൈക്കിലും കമന്റിലും അഭിരമിക്കുന്ന ന്യൂ ജനറേഷന്‍ നാര്‍സിസ്റ്റുകള്‍ പലപ്പോഴും ജീവിത യാഥാര്‍ഥ്യങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാകും. അങ്ങനെയുളളവരിലേക്കാണ്് തങ്ങള്‍ പോലുമറിയാതെ സോഷ്യല്‍ മീഡിയ മരണദൂതുമായി എത്തുന്നത്.

എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് വര്‍ഷം തോറും ലോകത്ത് നടക്കുന്ന ആത്മഹത്യകള്‍. 1960 നും 2012 നും ഇടയില്‍ ആത്മഹത്യാ നിരക്ക് 60 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2013ല്‍ മാത്രം 1,35,445 പേരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഒരു മണിക്കൂറില്‍ ശരാശരി 15 പേരും ഒരു ദിവസം 371 പേരും ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്കുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മൂന്നരക്കോടി വരുന്ന കേരളീയരില്‍ 70 ശതമാനത്തിന് മേലെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അംഗത്വമുളളവര്‍. ഇതില്‍ സജീവമായി ഇടപെടുന്നവര്‍ 50 ശതമാനം വരും. 2013 ല്‍ മാത്രം 450 പേരാണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് ശേഷം ആത്മഹത്യ ചെയ്തത് എന്നാണ് സൈബര്‍ സെല്ലിന്റെ കണക്ക്. കേരളത്തില്‍ ആത്മഹത്യാ നിരക്ക് കൂടി വരുന്നുവെന്നതും അതില്‍ത്തന്നെ മഹാഭൂരിപക്ഷവും മാനസികാസ്വാസ്ഥ്യം മൂലമാണ് ആത്മഹത്യക്കൊരുങ്ങുന്നത് എന്നും ചേര്‍ത്തു വായിക്കുമ്പോള്‍ ആധുനിക സാങ്കേതികവിദ്യ എത്രത്തോളം അപകടകരമായാണ് ഓരോരുത്തരുടെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.
സാമൂഹിക തിന്മകളുടെ വളര്‍ച്ചയും മനുഷ്യനെ കീഴ്‌പ്പെടുത്തുന്ന വിഷാദ രോഗവും അത് കൊണ്ടെത്തിക്കുന്ന ആത്മഹത്യയും പരസ്പര ബന്ധിതമാണെന്ന് പുതിയകാല പഠനങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്നു. ലോകത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ 80ശതമാനത്തിലധികം പേര്‍ക്കും മാനസിക രോഗങ്ങളുണ്ടായിരുന്നുവെന്ന് കാണാം. ഇതില്‍ 60 ശതമാനം പേര്‍ക്കും രോഗം വിഷാദമായിരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആത്മഹത്യാ സാധ്യത കൂടുതലുളള മാനസിക രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നിലാണ് വിഷാദരോഗം. വിഷാദ രോഗകാരണങ്ങളില്‍ ഏറ്റവും മുന്നിലാണ് സൈബര്‍ അഡിക്ഷന്‍. കൂട്ടുകാരില്ലാത്തവര്‍, അധികമാരോടും സംസാരിക്കാത്തവര്‍, മാതാപിതാക്കള്‍ ശ്രദ്ധിക്കാത്തവര്‍, നിഷേധ മനോഭാവം ഉള്ളവര്‍ തുടങ്ങിയവരാണ് സൈബര്‍ ലഹരിക്കടിമപ്പെടുന്നതില്‍ ഭൂരിഭാഗവും. നവ മാധ്യമങ്ങള്‍ വഴി ആത്മഹത്യയെ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതും കാല്‍പ്പനികമായ ഒന്നായി ചിത്രീകരിക്കുന്നതും ആത്മഹത്യാ നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേര്‍ണലില്‍ ഇതു സംബന്ധമായി പ്രസിദ്ധീകരിച്ച പഠനം പ്രസക്തമാണ്. സാന്‍ഡിയാഗോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ മനശ്ശാസ്ത്ര വിഭാഗം പ്രൊഫസറായ ജീന്‍ ട്വീന്‍ജ് കൗമാരക്കാരുടെ ആത്മഹത്യയും സോഷ്യല്‍ മീഡിയയുടെ അമിതോപയോഗവും പരസ്പരബന്ധിതമാണെന്ന് പറഞ്ഞു വെക്കുന്നുണ്ട്. ദിവസവും അഞ്ചോ അതിലധികമോ മണിക്കൂര്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരില്‍ 48 ശതമാനവും ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുന്നുവെന്ന നിരീക്ഷണമാണ് നമ്മെ കൂടുതല്‍ ഭയപ്പെടുത്തേണ്ടത്.
വിഷാദം, ആത്മഹത്യയെക്കുറിച്ചുളള ആലോചന, അതിനു വേണ്ടിയുളള ആസൂത്രണം എന്നിവ ഇത്തരക്കാരെ നിരന്തരം അലട്ടുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. “കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ആത്മഹത്യയും അവരനുഭവിക്കുന്ന മാനസിക സമ്മര്‍ദവും അവര്‍ ഇടപെടുന്ന സാമൂഹിക മാധ്യമങ്ങളും പരസ്പരബന്ധിതമാണെന്ന” നിരീക്ഷണം ന്യൂ മെക്‌സിക്കോ യൂനിവേഴ്‌സിറ്റിയിലെ ട്വീന്‍ സ്‌പെഷലിസ്റ്റായ വിക്ടര്‍ സ്ട്രാസ്ബര്‍ഗറും മുന്നോട്ടു വെക്കുന്നു. എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന രൂപത്തിലുളള ചെറിയ പോസ്റ്റുകള്‍ പോലും വലിയ അപകടങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. ഹൈഡ്രജന്‍ സള്‍ഫൈഡ് ഗ്യാസ് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാം എന്ന സന്ദേശം ജപ്പാനിലെ ഒരു ഒണ്‍ലൈന്‍ മെസ്സേജ് ബോര്‍ഡില്‍ പ്രചരിച്ചതിന്റെയടിസ്ഥാനത്തില്‍ 220 പേരാണ് അവിടെ ആത്മഹത്യക്ക് ശ്രമിച്ചത്. 208 പേരും മരിച്ചു.

മരണക്കെണികള്‍
“എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, പതിയെപ്പതിയെ ഈ ലോകത്തിന് ഒരു ഉപകാരവും ഇല്ലാത്തവരായി നിങ്ങള്‍ മാറുമെന്ന്” -കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നതിന് മുമ്പ് റഷ്യക്കാരിയായ വെറോനിക്ക വോള്‍ക്കോവ എന്ന പതിനാറുകാരി റഷ്യയിലെ സമൂഹമാധ്യമമായ വി കെയില്‍ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സന്ദേശമാണിത്. വെറോനിക്കയും അവളുടെ കൂട്ടുകാരികളും ആത്മഹത്യക്കൊരുങ്ങുന്നതിന്റെ മുമ്പ് വി കെയില്‍ പോസ്റ്റ് ചെയ്ത വരികളെല്ലാം ഇന്ന് സമൂഹത്തിന് മുന്നില്‍ വലിയ ചോദ്യ ചിഹ്നങ്ങളാണ്. എല്ലാം ജീവിതത്തോട് കലഹിച്ചെഴുതിയവ. ജീവിക്കാന്‍ യാതൊരു കൊതിയുമില്ലാത്തവരുടെ നിരാശാജനകമായ വാക്കുകള്‍ മാസങ്ങളോളം അവര്‍ കുറിക്കുന്നുണ്ടായിരുന്നു. ആരും ശ്രദ്ധിക്കാതെ പോയ ഈ വരികള്‍ ഒരാള്‍ മാത്രം ശ്രദ്ധിച്ചു. അയാള്‍ ഇവര്‍ക്ക് ആശ്വാസം പകര്‍ന്നു. പതിയെപ്പതിയെ വി കെ യിലെ ഒരു സ്വകാര്യ ഗ്രൂപ്പില്‍ ഇവരും അംഗങ്ങളാക്കപ്പെട്ടു. എത്തിപ്പെട്ടതാകട്ടെ “മരണക്കെണി”യുടെ ഗ്രൂപ്പിലേക്കും. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു, ഇനി മരണം മാത്രമേ മുന്നിലുള്ളൂ എന്ന തരത്തില്‍ പോസ്റ്റിടുന്നവരുടെ അക്കൗണ്ടിലേക്കാണ് “ബ്ലൂ വെയില്‍ ഗെയിം” എന്ന ഗ്രൂപ്പിലേക്ക് ക്ഷണം വരുന്നത്. ബ്ലുവെയില്‍ കാരണമായി അഞ്ഞൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
മരണക്കെണിയൊരുക്കി കാത്തിരിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇന്ന് ലോകത്ത് വ്യാപകമാണ്. ആത്മഹത്യക്ക് സമ്മര്‍ദം ചെലുത്തുക, ആത്മഹത്യ ചെയ്തവരെ മഹത്വവത്കരിക്കുക, ആത്മഹത്യാ ഉടമ്പടി(സൂയിസൈഡ് പാക്ട്)ക്ക് സാഹചര്യം ഒരുക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്ന ആത്മഹത്യാ അനുകൂല സൈറ്റുകളും ചാറ്റ്‌റൂമുകളും മെസ്സേജ് ബോര്‍ഡുകളും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന പ്രധാനപ്പെട്ട 373 സൈറ്റുകളില്‍ 29 ശതമാനവും ആത്മഹത്യയെത്തൊട്ട് പിന്തിരിപ്പിക്കുന്നവയാണ് (അിശേ ടൗശരശറല). പൂര്‍ണമായും അത്മഹത്യക്ക് പ്രോത്സാഹനം നല്‍കുന്ന/ അനുകൂലിക്കുന്നവ (ജൃീ ടൗശരശറല) 11 ശതമാനവും ആത്മാഹുതിക്ക് അനുകൂലവും പ്രതികൂലവുമായ വിവരങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നവ (ടൗശരശറല ിലൗേൃമഹ) 31 ശതമാനവുമാണ്. ആത്മാഹുതിക്കൊരുങ്ങി നില്‍ക്കുന്ന ഒരാള്‍ക്ക് സര്‍വവിധ പിന്തുണയും നല്‍കാന്‍ ഇന്റര്‍നെറ്റ് ലോകം പര്യാപ്തമാണ് എന്നാണ് ഈ പഠനങ്ങള്‍ തെളിയിക്കുന്നത്.

എന്താണ് പോംവഴി
പ്രതീക്ഷക്കു വക നല്‍കുന്ന വാര്‍ത്തകള്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ ലോകത്തു നിന്ന് വന്നു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ മാനവിക ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമഹ്ഷ, അഫ്‌സ്പ് തുടങ്ങിയ കൂട്ടായ്മകള്‍ ഈ രംഗത്ത് മികച്ച മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സൈബര്‍ ബുള്ളിസൈഡിന് (പ്രത്യക്ഷമായോ പരോക്ഷമായോ സോഷ്യല്‍ മീഡിയ പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ആത്മഹത്യക്കൊരുങ്ങുന്നതിനാണ് സൈബര്‍ ബുള്ളിസൈഡ് എന്നു പറയുന്നത്) ഒരുങ്ങുന്നവരെ സൈബര്‍ സ്‌പേസില്‍ നിന്ന് തിരഞ്ഞ് കണ്ടെത്തി ജീവിതത്തില്‍ അതിജയിക്കാനാവശ്യമായ ധൈര്യവും ബോധവത്കരണവും നല്‍കുന്ന പദ്ധതിയാണിത്. സാമ്പത്തിക പ്രതിസന്ധി, കുടുംബപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നവരേക്കാള്‍ കൂടുതലാണ് ആധുനിക സാങ്കേതിക വിദ്യകള്‍ക്ക് അടിമപ്പെട്ട് ആത്മഹത്യക്കൊരുങ്ങുന്ന കൗമാരക്കാരുടെ എണ്ണം. മക്കള്‍ക്കുള്ള ഭക്ഷണവും പാര്‍പ്പിട സൗകര്യങ്ങളും അല്‍പം പോക്കറ്റ് മണിയും സ്മാര്‍ട്ട് ഫോണും കൊടുത്താല്‍ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചുവെന്ന് കരുതുന്ന ന്യൂ ജനറേഷന്‍ രക്ഷിതാക്കള്‍ ഒരു കാര്യം തിരിച്ചറിയണം. സാങ്കേതിക സഹായത്തിനപ്പുറം, പണത്തിനും സൗകര്യങ്ങള്‍ക്കുമപ്പുറം എല്ലാവര്‍ക്കും വേണ്ടത് പരിഗണനയും സ്‌നേഹവുമാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടവരാണ് സോഷ്യല്‍ മീഡിയസൂയിസൈഡ് പോലുള്ള അബദ്ധങ്ങളില്‍ ചെന്നു ചാടുന്നത്. സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത്തരം സംഭവങ്ങളില്‍ നിന്ന് സമൂഹത്തിന് രക്ഷ നേടാനാവൂ.

 

Latest