Connect with us

Gulf

ഷാര്‍ജ പ്രകാശോത്സവത്തില്‍ ശൈഖ് സായിദിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

പ്രകാശോത്സവത്തില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ശൈഖ് സായിദിന്റെ അപൂര്‍വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം. രാഷ്ട്രത്തിന്റെ ഭരണകര്‍ത്താവായിരുന്ന ശൈഖ് സായിദിന്റെ ഭരണകാലത്തേയും അല്ലാത്തതുമായ നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. യുവത്വം മുതല്‍ അവസാനകാലം വരെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.

ശൈഖ് സായിദിന്റെ വ്യത്യസ്തങ്ങളായ അനവധി ചിത്രങ്ങള്‍ പ്രകാശോത്സവത്തിലൂടെ ദര്‍ശിക്കാനാകും. വര്‍ണ വിസ്മയങ്ങളുടെ തുടക്കം ശൈഖ് സായിദിന്റെ ചിത്രങ്ങളോടെയാണ്. ഓരോ ചിത്രങ്ങളുടെയും പ്രദര്‍ശനത്തിനൊടുവില്‍ പ്രകാശവും സംഗീതവും സമന്വയിക്കുന്നുണ്ട്. പ്രകാശോത്സവത്തിന്റെ പ്രധാന വേദികളിലൊന്ന് ഹാര്‍ട് ഓഫ് ഷാര്‍ജയാണ്. കഴിഞ്ഞ ഒരാഴ്ചയായി സാംസ്‌കാരിക നഗരമായ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പ്രകാശോത്സവം കാണാന്‍ ഇതര എമിറേറ്റുകളില്‍ നിന്നും സന്ദര്‍ശകരെത്തുന്നുണ്ട്. നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് ഒരുക്കുന്ന പ്രകാശോത്സവം ഷാര്‍ജയിലെ വിനോദസഞ്ചാര മേഖലക്ക് മുതല്‍കൂട്ടാണ്. കഴിഞ്ഞ 11 വര്‍ഷത്തോളമായി തുടര്‍ച്ചയായി നടന്നുവരുന്ന പ്രകാശോത്സവം കൂടുതല്‍ വിനോദസഞ്ചാരികളെ എമിറേറ്റിലേക്ക് ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്.

ഇത്തവണ 10 രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരാണ് പ്രകാശോത്സവം അണിയിച്ചൊരുക്കുന്നത്. ഈ മാസം 17ന് സമാപിക്കും.