Connect with us

Kerala

സമരം കൊയ്തത് കെ എസ് ആര്‍ ടി സി; അധികവരുമാനം 1.22 കോടി

Published

|

Last Updated

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ്. സമരം തുടങ്ങി ആദ്യ ദിനമായ വെള്ളിയാഴ്ച 1.22 കോടി രൂപയുടെ അധിക വരുമാനമാണ് കോര്‍പറേഷന് ലഭിച്ചിരിക്കുന്നത്.

219 അധിക സര്‍വീസുകള്‍ ഉള്‍പ്പെടെ 5542 ബസുകളാണ് രണ്ട് ദിവസങ്ങളിലായി കോര്‍പറേഷന്‍ സര്‍വീസ് നടത്തിയത്. അതേസമയം അധിക സര്‍വീസുകള്‍ നടത്തുകയും സ്വകാര്യ ബസുകള്‍ പണിമുടക്കുകയും ചെയ്ത സാഹചര്യത്തില്‍ വരുമാനത്തില്‍ 1.22 കോടി എന്നത് വലിയ വര്‍ധനവ് അല്ലെന്നാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പറയുന്നത്. കെ എസ് ആര്‍ ടി സി ക്ക് 6,59,78,227 രൂപ ലഭിച്ചപ്പോള്‍ കെ യു ആര്‍ ടി സിക്ക് 62,42,555 രൂപയുമാണ് ആദ്യ ദിനത്തിലെ വരുമാനം. 7.40 കോടിയാണ് കോര്‍പറേഷന്റെ റെക്കോര്‍ഡ് വരുമാനം. ഇത് മറികടക്കാനോ ഇതിനടുത്തെത്താനോ കെ എസ് ആര്‍ ടി സിക്കായില്ല.

സമാന്തര സര്‍വീസുകളുടെ ഇടപെടലാണ് കാര്യമായ വരുമാന വര്‍ധനവിന് തടസമാകുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. സമരത്തിന്റെ രണ്ടാം ദിനത്തിലാണ് സമാന്തര സര്‍വീസുകള്‍ കൂടുതല്‍ ശക്തിപ്പെട്ടത്.

ഗ്രാമപ്രദേശങ്ങളിലേക്കായിരുന്നു കെ എസ് ആര്‍ ടി സി കൂടുതല്‍ അധിക സര്‍വീസുകളും നടത്തിയത്.
സ്വകാര്യ ബസുകള്‍ സമരത്തിലാണെങ്കിലും ജീപ്പിലും ഓട്ടോറിക്ഷകളിലും കാറുകളിലും ജനത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സമാന്തര സര്‍വീസുകളാണ് നിലവില്‍ കെ എസ് ആര്‍ ടി സിക്കു വെല്ലുവിളിയാകുന്നത്. സ്വകാര്യ ബസുകള്‍ക്ക് ആധിപത്യമുള്ള മേഖലകളില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് മുന്നിലും പിന്നിലുമായി സമാന്തര സര്‍വീസുകള്‍ സജീവമാണ്. സമാന്തര സര്‍വീസുകാര്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ കോര്‍പറേഷന് സാമ്പത്തിക നേട്ടമുണ്ടാകൂ എന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഗതാഗത വകുപ്പ് അധികൃതര്‍ ഈ വാദം നിഷേധിക്കുന്നു. സമാന്തര സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നാണ് അവരുടെ വാദം. ഇതിനിടെ, സ്വകാര്യബസ് സമരത്തിനിടെയും സ്റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ കൂട്ടാതെ പോകുന്ന കെ എസ് ആര്‍ ടി സി ബസുകളുമുണ്ടെന്ന ആക്ഷേപം ചില യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്ന ബസുകളെ കുറിച്ച് വിവരം നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ നല്‍കുന്ന ഉറപ്പ്. ഇതിനായി 9447071021 (കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂം) എന്ന നമ്പറില്‍ വിളിച്ചു വിവരം നല്‍കാം.

 

 

Latest