Connect with us

Socialist

നമ്മള്‍ ചരിത്ര വിരുദ്ധരാകാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഇത്രയെങ്കിലും പറയാതിരിക്കുന്നതെങ്ങനെ?

Published

|

Last Updated

1, മര്‍കസ് ഐ ടി ഐയില്‍ അക്കാദമി ഓഫ് സിവില്‍ എഞ്ചിനിയേഴ്‌സ് ആരംഭിച്ച കോഴ്‌സുകളില്‍ ഒന്നിന് ഗവ. അംഗീകാരം ഇല്ലെന്നു പറഞ്ഞു വിദ്യാര്‍ഥികളില്‍ ചിലര്‍ സമരം ആരംഭിക്കുന്നു. ഉടനെ തന്നെ, മുസ്‌ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പി ഐയും ബി ജെ പിയും ചേര്‍ന്നു സമരം ഏറ്റെടുക്കുകയും നേതാക്കള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു സമരത്തിനു നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഒപ്പം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ള അഞ്ചു മതപണ്ഡിതന്‍മാര്‍ക്കും ഐ ടി ഐയുടെ ഭാരവാഹികളും പ്രിന്‍സിപ്പാളും ഉള്‍പ്പടെയുള്ളവര്‍ക്കുമെതിരെ ഇക്കൂട്ടര്‍ പോലീസിലും ഹൈക്കോടതിയിലും കേസ് ഫയല്‍ ചെയ്യുകയും ചെയ്യുന്നു. ഇതിനിടയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സാധാരണത്തേതു പോലെ ഗള്‍ഫില്‍ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി പോകുന്നു. ഉടനെ സംയുക്ത സമര സമിതി ഹൈക്കോടതിയില്‍ സത്യവാങ്മൂലവുമായെത്തുന്നു. പോലീസില്‍ പുതിയ പരാതികളും. നിയമ നടപടിയില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി കാന്തപുരം വിദേശത്തേക്ക് കടന്നിരിക്കുകയാണെന്നും ഉടനെ അറസ്റ്റു ചെയ്യണമെന്നും മറ്റുമൊക്കെയായിരുന്നു ആവശ്യം. സത്യവാങ്മൂലത്തിന്റെ വാര്‍ത്ത പിറ്റേന്നത്തെ പത്രത്തില്‍ അടിച്ചുവന്നത് എം കെ മുനീര്‍ വായിക്കുന്നതിനു മുമ്പ് പുലര്‍ച്ചെ തന്നെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട് വിമാനമിറങ്ങി മര്‍കസില്‍ തന്റെ ബുഖാരി ക്ലാസ് ആരംഭിച്ചിരുന്നു. ഉടനെ തന്നെ വക്കീലിനെ ഏര്‍പ്പാടാക്കുകയും ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു.

2, 1990 കളുടെ തുടക്കം. മര്‍കസിന്റെ പ്രചരണാര്‍ഥം റിയാദില്‍ എത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ആരോപിക്കപ്പെട്ട കുറ്റം ഖുറാഫിസം (അവിശ്വാസം) പ്രചരിപ്പിക്കുന്നു. തമാശ അതല്ല, റിയാദില്‍ “ഖുറാഫിസം” പ്രചരിപ്പിച്ചതിനല്ല, ഇന്ത്യയില്‍ “ഖുറാഫിസം” പ്രചരിപ്പിച്ചതിനാണ് റിയാദില്‍ അറസ്റ്റ്. തെളിവായി കൂടെ സമര്‍പ്പിച്ചതോ, കേരളത്തിലെ കുഗ്രാമങ്ങളില്‍ കാന്തപുരം നടത്തിയ മതപ്രഭാഷണങ്ങളും സുന്നത്ത് മാസികയില്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ വന്ന പ്രസ്താവനകളും. പരാതി കൊടുക്കുകയും സഊദിയിലെ മതകാര്യ പോലീസിനു വേണ്ടി മലയാളത്തിലെ “തൊണ്ടി മുതലുകളെല്ലാം” വിവര്‍ത്തനം ചെയ്തുകൊടുക്കുകയും ആവശ്യമായ ചരടുവലികള്‍ നടത്തുകയും ചെയ്തത് സാക്ഷാല്‍ കേരളത്തിലെ മുജാഹിദ് /സലഫി പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവര്‍ത്തകരും. നോക്കണേ, ഒരു പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കുറ്റം മറ്റൊരു പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത നാടാണ് നമ്മുടേത്. കുറ്റം കൃത്യം നടന്ന സ്ഥലത്തെ നിയമം അനുസരിച്ചു ശിക്ഷിക്കുക എന്നതാണ് നിയമവ്യവസ്ഥയില്‍ കീഴ്‌വഴക്കവും. പക്ഷെ, “ഖുറാഫിയത്തിനും” കാന്തപുരത്തിനും ഇത്തരം അന്താരാഷ്ട്ര മര്യാദകള്‍ പോലും ബാധകമല്ല. കേരളത്തിലെ “ഖുറാഫി” പ്രവര്‍ത്തനങ്ങള്‍ക്ക് സഊദിയില്‍ ശിക്ഷ വാങ്ങിച്ചു കൊടുക്കും സലഫികള്‍.
നമ്മുടെ സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനക്കാരും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇന്ത്യയിലെ യു എ പി എക്കു മാത്രമേ മൗദൂദികളും എതിരുള്ളൂ. കേരളത്തിലെ സുന്നി പണ്ഡിതന്മാരെ തങ്ങള്‍ക്കു സ്വാധീനമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ രഹസ്യ പോലീസുകാരെക്കൊണ്ട് കഞ്ഞികുടി മുട്ടിക്കാനും വിലക്കേര്‍പ്പെടുത്താനും അവരും സലഫികളും മത്സരത്തിലാണ്. കേരളത്തില്‍ നിന്നുള്ള പണ്ഡിതന്മാര്‍ പോകട്ടെ. ഗള്‍ഫില്‍ കഫ്തീരിയയില്‍ ജോലി ചെയ്യുന്ന മുസ്ലിയാക്കന്മാര്‍ പോലും ഇക്കൂട്ടരുടെ അവിടുത്തെ യു എ പി എ ചാര്‍ത്തല്‍ ഭീഷണിയില്‍ നിന്ന് മുക്തരല്ല.

3, ഇപ്പോള്‍ കര്‍മശാസ്ത്രം പറയേണ്ട സമയം അല്ലെന്നാണ് നമ്മുടെ ശബ്ദമലിനീകരണ വിരുദ്ധ പ്രവര്‍ത്തകന്‍ പി കെ ഫിറോസ് പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന/ അതിഥികളായെത്തുന്ന സുന്നികളെ മലയാളി സലഫികള്‍ മതകാര്യ പോലീസുകാര്‍ക്ക് പിടിച്ചുകൊടുത്തത്/കൊടുത്തുകൊണ്ടിരിക്കുന്നത് അവര്‍ അറബിയെ പറ്റിച്ചതുകൊണ്ടൊന്നുമല്ല. സാക്ഷാല്‍ സലഫി മന്‍ഹജ് ഉയര്‍ത്തിക്കാട്ടിയാണ്.

4 , ഓര്‍ക്കുന്നുണ്ടല്ലോ മുക്കം യതീംഖാനയുടെ കാര്യം. മുസ്‌ലിം ലീഗുകാരായ സുന്നികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സ്ഥാപനമാണത്. ഗതികേടുകൊണ്ട് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കേരളത്തില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയക്കുയും സ്ഥാപന നടത്തിപ്പുകാര്‍ക്കും മറ്റുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത് സാക്ഷാല്‍ എം കെ മുനീര്‍. മുനീര്‍ അന്ന് ചെയ്തുവെച്ച പോക്കിരിത്തങ്ങളുടെ ദ്രോഹം കാരണം ഒരുപാട് പേരുടെ പഠനം മുടങ്ങിയെന്നു മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഇപ്പോഴും കേരളത്തിലെ അഗതിഅനാഥ സ്ഥാപനങ്ങളിലേക്കു വരാന്‍ പറ്റാത്ത സ്ഥിതിയാണ്. ആ പാവപ്പെട്ട കുട്ടികളോടോ, അവര്‍ പഠിക്കാനെത്തുന്ന അനാഥ ശാലകളോടോ ഇല്ലാത്ത അനുകമ്പ എറണാകുളത്തെ വന്‍കിട സലഫി മുതലാളിമാര്‍ നടത്തുന്ന, സമ്പന്നരുടെ മക്കള്‍ ഉയര്‍ന്ന തുക ഫീസ് കൊടുത്തു പഠിക്കുന്ന സി ബി എസ് ഇ സ്‌കൂളിനോട് മാത്രം ഉണ്ടാകുന്നതിന്റെ ലോജിക്കൊക്കെ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ. മുക്കത്തില്ലാത്ത ഇസ്‌ലാമോഫോബിയ, എറണാകുളത്ത് ഉണ്ടാകുന്നതിന്റെയും. !!

സീനിയർ സബ് എഡിറ്റർ, സിറാജ്

Latest