Connect with us

Gulf

ഖത്വറിന് എതിരായ ഉപരോധത്തില്‍ ഇളവു വരുത്തുമെന്ന് റിപ്പോർട്ട്

Published

|

Last Updated

ദോഹ: ഒമ്പതു മാസമായി ഖത്വറിനെതിരായി തുടരുന്ന ഉപരോധത്തില്‍ ഇളവു വരുത്താന്‍ സഊദി സഖ്യരാജ്യങ്ങള്‍ സന്നദ്ധമാകുന്നതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരം സഞ്ചരിക്കാനുള്ള വിലക്ക് പിന്‍വലിക്കുന്നതിനാണ് നീക്കം. ഘട്ടംഘട്ടമായി ഉപരോധം ഇളവു വരുത്തും. യുഎസ്, യുകെ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഇടപടലുകളും കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങളുമാണ് പരിഹാരത്തിനു വഴിയൊരുക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും തമ്മില്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പരിഹാരനിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞതെന്ന് റിപ്പോര്‍ട്ട് പറയന്നു. ഖത്വറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാനാണ് യുകെ ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് പരസ്പരം സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവസരം സൃഷ്ടിക്കണമെന്നും യുകെ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചാര സൗകര്യമൊരുങ്ങിയാല്‍ ആകാശവിലക്കും നീങ്ങും. വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് പതനായിരങ്ങളെ പ്രയാസത്തിലാക്കിയിരുന്നു. ഖത്വറിന് സഊദിയുമായി മാത്രമാണ് കരബന്ധമുള്ളത്. ഈ മാര്‍ഗവും അടച്ചിട്ടിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കണമെന്ന് അമേരിക്ക നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. യുഎസില്‍ ജിസിസി ഉച്ചകോടി വിളിച്ചു ചേര്‍ക്കാന്‍ സന്നദ്ധത അറിയിച്ച പ്രസിഡന്റ് ട്രംപ് പ്രശ്‌നം തുടരുകയാണെങ്കില്‍ ഉച്ചകോടി സാധ്യമല്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി തുടര്‍ന്നാല്‍ ഖത്വറും ഇറാനും തമ്മില്‍ കൂടുതല്‍ അടുക്കുമെന്നും ഇത് മേഖലയില്‍ ്അസ്വസ്ഥതകള്‍ വളര്‍ത്തുമെന്നുമുള്ള രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ജിസിസി ഐക്യത്തിന് അമേരിക്ക താത്പര്യമെടുത്തു വരുന്നതെന്ന് ദി ഗാര്‍ഡിയന്‍ നിരീക്ഷിച്ചു. ഇറാന്റെ ആണവായുധ വെല്ലുവിളിയെ നേരിടാന്‍ അമേരിക്ക ഗള്‍ഫ് ഐക്യം താത്പര്യപ്പെടുന്നു. പതിനായിരത്തിലധികം സൈനികരുള്ള യുഎസ് സൈനിക ക്യാംപ് ഖത്വറില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഉപരോധത്തിന്റെ തുടക്കത്തില്‍ സഊദി സഖ്യരാജ്യങ്ങളെ പിന്തുണച്ച് രംഗത്തു വന്ന അമേരിക്ക പിന്നീട് ഈ ദിശയില്‍നിന്നും പിന്തിരിയുകയായിരുന്നു.

അടുത്ത ദിവസം സഊദി രാജകുമാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഖത്വറിനെതിരായ നടപടിയില്‍ അയവു വരുത്തുന്നതില്‍ സഊദിയുടെ നിലപാട് ഈ കൂടിക്കാഴ്ചയില്‍ വ്യക്തമാകുമെന്നു പ്രതീക്ഷിക്കുന്നു.
ഖത്വര്‍ ഭീകരതയെ സഹായിക്കുന്നുവെന്നും ഇറാനുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ആരോപിച്ചാണ് സഊദി സഖ്യരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖ്ത്വര്‍ നയം തിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും ഒറ്റപ്പെടുത്തുന്നതിനോ കുടുംബങ്ങള്‍ക്കിടയില്‍ വിടവ് സൃഷ്ടിക്കുന്നതിനോ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും സഊദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഖത്വര്‍ അവക്ക് തെളിവ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് ഐക്യത്തിന് ഖത്വര്‍ മുന്നിലുണ്ടാകുമെന്നും രാജ്യത്തിന്റെ പരമാധികാരം പണയം വെക്കാതെയുള്ള ഏതു സംഭാഷണത്തിനും പരിഹാരത്തിനും സന്നദ്ധമാണെന്നും തുടക്കം മുതല്‍ ഖത്വര്‍ നിലപാട് സ്വീകരിച്ചു വരുന്നുണ്ട്.

 

Latest