Connect with us

Sports

മിനര്‍വക്കടിച്ചത് ഭൂട്ടാന്‍ ലോട്ടറി !

Published

|

Last Updated

മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും എഴുതിത്തള്ളിയ താരമാണ് മിനര്‍വ പഞ്ചാബിന്റെ ഐ ലീഗ് സ്വപ്‌നം പൂവണിയിച്ചതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?
സാധ്യത കുറവാണ്, എന്നാല്‍ വിശ്വസിക്കുക. തളര്‍ച്ചയറിയാതെ കളിക്കുന്ന ഭൂട്ടാനീസ് സ്‌ട്രൈക്കര്‍ ചെഞ്ചോ ഗില്‍ഷെനാണ് മിനര്‍വയെ ചാമ്പ്യന്‍ പട്ടത്തിലേക്ക് കുതിപ്പിച്ചത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ടോപ് ഡിവിഷന്‍ ക്ലബ്ബ് ചിറ്റഗോംഗ് അബാഹാനി, തായ്‌ലാന്‍ഡ് ക്ലബ്ബ് ബുറിറാം എഫ് സി എന്നിവയില്‍ കളിച്ചിട്ടുള്ള ചെഞ്ചോക്ക് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് ഒരു എന്‍ട്രി ലഭിച്ചത് മിനര്‍വയിലൂടെയാണ്. ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകളില്‍ ഇടം തേടിയെങ്കിലും ചെഞ്ചോയെ അവര്‍ക്കത്ര ഇഷ്ടപ്പെട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ എഫ് സിയുടെയും ഡല്‍ഹി ഡൈനമോസിന്റെയും ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും തായ്‌ലന്‍ഡ് ക്ലബ്ബ് വിട്ടു നല്‍കിയില്ല.
ഇന്ത്യയിലെ ചില ഏജന്റുമാര്‍ തന്നെ ഏറെ സഹായിച്ചു. അവര്‍ പൂനെ, ഡല്‍ഹി ക്ലബ്ബുകളുടെ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള വഴിയൊരുക്കി. പക്ഷേ, ബുറിറാം എഫ് സിയുമായി കരാറുള്ളത് തിരിച്ചടിയായി. തന്റെ സമയം മോശമായിരുന്നുവെന്ന് പറയാം. 2016 ലായിരുന്നു ഇത്. അതിന് ശേഷം ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകളെ സമീപിച്ചു. അവരൊട്ടും താത്പര്യം കാണിച്ചില്ല. അതോടെ, ഇന്ത്യന്‍ ഫുട്‌ബോളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന നിരാശ ബാധിച്ചു. എന്നാല്‍ മിനര്‍വ പഞ്ചാബുമായി കരാറിലെത്തിയത് വഴിത്തിരിവായി – ചെഞ്ചോ പറയുന്നു.
ഇന്ത്യന്‍ ഫുട്‌ബോളിലെ വലിയ ക്ലബ്ബുകള്‍ക്കെതിരെ കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. അപ്രസക്തരെന്ന് പലരും കരുതിയ മിനര്‍വക്കായി കൂടുതല്‍ ഗോളുകള്‍ നേടാന്‍ സാധിച്ചു. ഏറ്റവും സന്തോഷം നല്‍കിയത് ഈസ്റ്റ് ബംഗാളിനെതിരെ ഗോള്‍ നേടാന്‍ സാധിച്ചതാണ്.
ഇരുപത്തൊന്ന് വയസിന്റെ ചുറുചുറുക്കുമായി കളം വാണ, ചെഞ്ചോയെ എതിരാളികള്‍ക്ക് മാര്‍ക്ക് ചെയ്യുക ദുഷ്‌കരമായിരുന്നു. മിനര്‍വയുടെ അപരാജിത കുതിപ്പിന് പിറകില്‍ ചെഞ്ചോയുടെ അപരാജിത മുന്നേറ്റമായിരുന്നു.
കിരീടപ്പോരില്‍ ഒപ്പമുണ്ടായിരുന്ന നെറോക എഫ് സിയെ 1-2ന് മിനര്‍വ വീഴ്ത്തിയത് ചെഞ്ചോയുടെ മികവിലായിരുന്നു. ഈ മത്സരത്തില്‍ ഒരു ഗോളിന് പിറകിലായ മിനര്‍വക്ക് സമനില ഗോള്‍ നേടിയത് ചെഞ്ചോ ആയിരുന്നു. ഗംഭീരമായ ഗോളായിരുന്നു ഇത്. ഇന്ത്യന്‍ ആരോസിനെതിരെ നേടിയ വിജയഗോളും ശ്രദ്ധേയം.
മിനര്‍വ പഞ്ചാബിന്റെ ഉടമയായ രഞ്ജി ബജാജിന്റെ അഭിപ്രായത്തില്‍ ടീമിന്റെ എക്‌സ് ഫാക്ടര്‍ ചെഞ്ചോയാണ്. ടീം കോമ്പിനേഷന്‍ മികച്ചതായിരുന്നു.
ലീഗില്‍ ക്ലബ്ബിന് ആധിപത്യം നല്‍കിയത് വ്യത്യസ്തമായ കോമ്പിനേഷനിലും ടീം മികച്ച കളി കാഴ്ചവെച്ചതാണ്.
എല്ലാ കോമ്പിനേഷനിലും ചെഞ്ചോയുടെ റോള്‍ നിര്‍ണായകമായിരുന്നു. മിനര്‍വയുടെ മത്സരങ്ങളെടുത്താല്‍ എണ്‍പത് ശതമാനം ഗോളുകളും രണ്ടാം പകുതിയിലാണെന്ന് കാണാം. ആദ്യ പകുതിയില്‍ ക്ഷണീക്കാതെ, രണ്ടാം പകുതിയില്‍ ഊര്‍ജസ്വലരായി കളിക്കുക എന്ന തന്ത്രമാണ് ടീം പയറ്റിയത്. ചെഞ്ചോ ആയിരുന്നു ഇതിനെല്ലാം നേതൃത്വം നല്‍കിയത്. ഏഴ് തവണ സ്‌കോര്‍ ചെയ്ത ഭൂട്ടാന്‍ സ്‌ട്രൈക്കര്‍ ഒരുക്കിക്കൊടുത്ത ഗോളുകളും ഏറെയായിരുന്നു. മൂന്ന് മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി.
അവസാന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ ടെന്‍ഷന്‍ നിറഞ്ഞ മത്സരമായിരുന്നു. അതില്‍ ചെഞ്ചോയുടെ സ്‌കോറിംഗ് മത്സരഗതി മാറ്റി, കിരീടം ഉറപ്പാക്കി- ബജാജ് പറഞ്ഞു.
ഭൂട്ടാന്‍ താരം ആഹ്ലാദവാനാണ്. മിനര്‍വയുടെ ഉടമ രഞ്ജിത് ബജാജിന് നന്ദി പറയുകയാണ് താരം.
തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച അദ്ദേഹം തന്നെ എപ്പോഴും ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു. ഒരു അത്‌ലറ്റിന് വേണ്ടത് പ്രചോദന വാക്കുകളാണ്. അത് ക്ലബ്ബ് ഉടമയുടെ ഭാഗത്ത് നിന്നുണ്ടായി – ചെഞ്ചോ പറയുന്നു.

Latest