Kerala
തേനി കാട്ടുതീയില്‍ പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍; തിരച്ചില്‍ അവസാനിപ്പിച്ചു
തൊടുപുഴ: തമിഴ്‌നാട്ടിലെ കൊരങ്ങിണി വനത്തില്‍ ട്രക്കിംഗിനിടെ കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. മലയാളി യുവതി അടക്കം പരുക്കേറ്റ 15 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ കടലുര്‍ സ്വദേശി വിവേക്, ഭാര്യ ദിവ്യ, തമിഴ് ശെല്‍വന്‍, നിതിന്‍, ഹേമലത, ശുഭ, അഖില, പുനിത, അരുണ്‍ എന്നിവരാണ് മരിച്ചത്. കോട്ടയം സ്വദേശിനി മിനാ ജോര്‍ജ് മധുര അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. 13 പേര്‍ മധുരയിലെ വിവിധ ആശുപത്രികളിലും ഒരാള്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നു പിടിച്ച് ദുരന്തം ഉണ്ടായതെങ്കിലും ഇന്നലെ പുലര്‍ച്ചെ മുതലാണ് തമിഴ്നാട് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. പുലര്‍ച്ചെ തന്നെ ഹെലികോപ്റ്ററുകളില്‍ വെള്ളം എത്തിച്ച് തീ അണച്ചതിന് ശേഷമാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ആദ്യം വിപിന്റെ മൃതദേഹമാണ് ലഭിച്ചത്. രാവിലെ പതിനൊന്നരയോടെ മറ്റ് എട്ട് മൃതദേഹങ്ങള്‍ കൂടി ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചു. ഞായറാഴ്ച നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ച സ്ഥലത്ത് നിന്നുമാണ് സൈന്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഒമ്പത് മൃതദേഹങ്ങള്‍ കിട്ടിയതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം, ആരോഗ്യ വകുപ്പ് മന്ത്രി വിജയഭാസ്‌കര്‍, വനം മന്ത്രി ശ്രീനിവാസന്‍ എന്നിവര്‍ രാത്രി തന്നെ സ്ഥലത്തെത്തി ക്യാമ്പ് ചെയ്താണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഒപ്പം ഞായറാഴ്ച രാത്രിയോടെ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം സ്ഥലത്തെത്തിയ കേരളത്തില്‍ നിന്നുള്ള പോലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.