Connect with us

Gulf

167 വധൂവരന്‍മാരുടെ വിവാഹ സംഗമത്തിന് അദന്‍ ഗ്രാമം ഒരുങ്ങി

Published

|

Last Updated

റാസ് അല്‍ ഖൈമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 167 വധൂ വരന്‍മാരുടെ സൗജന്യ സമൂഹ വിവാഹ സംഗമത്തിന് റാസ് അല്‍ ഖൈമയിലെ അദന്‍ ഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച “അല്‍ ബൈത് മുതവഹിദ്” വെഡ്ഡിംഗ് ഹാള്‍ ഒരുങ്ങി. ഇന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വെഡ്ഡിംഗ് ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ സമൂഹ വിവാഹത്തിന് തുടക്കമാവും.

റാസ് അല്‍ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ മകന്‍ മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ വിവാഹത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വെഡ്ഡിംഗ് ഹാള്‍ സമൂഹ വിവാഹത്തിന് വേദിയാവുക. ഇന്ന് വൈകുന്നേരം നാലിന് വിവാഹ സംഗമത്തിന് തുടക്കം കുറിക്കും.

വിവാഹ ചടങ്ങിനെത്തുന്നവരെ സ്വീകരിക്കാനായി അദനില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യു എ ഇയിലെ വലിയ വെഡ്ഡിംഗ് ഹാളുകളിലൊന്നായ അദനിലെ പുതിയ ഓഡിറ്റോറിയവും പരിസരവും ആധുനിക സൗകര്യത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 2,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വിശാല സൗകര്യത്തോടു കൂടി, പ്രകൃതി ഭംഗിക്ക് ഹരം പകരുന്ന വിധം ഈത്തപ്പഴ മരങ്ങളും ബഹുവര്‍ണ പൂന്തോപ്പും പുല്ലുകള്‍ നട്ടുപിടിപ്പിച്ച പച്ചപ്പരവതാനിയും കല്ലുകഷ്ണങ്ങളില്‍ നിറം പിടിപ്പിച്ചും ഏറെ ആകര്‍ഷണീയമായാണ് സംവിധാനിച്ചിരിക്കുന്നത്. ഹാളിനകത്ത് വിവിധ തരം ഇരിപ്പിടങ്ങള്‍, ആകര്‍ഷണീയ അലംകൃത ദീപങ്ങള്‍, ആയിരക്കണക്കിനാളുകള്‍ക്ക് ഒരേ സമയം ഇരുന്ന് പരിപാടികള്‍ വീക്ഷിക്കാനുള്ള വിശാലമായ ഹാള്‍ എന്നിവയും പുതിയ വെഡ്ഡിംഗ് ഹാളിന്റെ പ്രത്യേകതയാണ്.

8,000ത്തിലധികം യു എ ഇ പതാകകള്‍ വെഡ്ഡിംഗ് ഹാളിന് പുറത്തും പരിസരങ്ങളിലും കെട്ടി അലങ്കരിച്ചിട്ടുണ്ട്. ഇതിന് പുറമെ 14,000 ചതുരശ്രയടി സ്ഥലത്ത് ഇന്റര്‍ലോക്ക് ചെയ്ത കോര്‍ട് യാര്‍ഡും 9,000 ചതുരശ്രയടി ചുറ്റളവില്‍ 12 വിമാനങ്ങള്‍ ഇറക്കാനുള്ള ആറ് അടിയന്തിര എയര്‍ സ്ട്രിപ്പുകളും വെഡ്ഡിംഗ് ഹാളിനൊപ്പം തയ്യാറാക്കിയിട്ടുണ്ട്.

സമൂഹ വിവാഹങ്ങള്‍
നാഗരിക സംസ്‌കാരത്തിന്റെ ഭാഗം

സമൂഹ വിവാഹങ്ങള്‍ നാഗരിക സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സമൂഹ വിവാഹമെന്ന സംസ്‌കാരം വ്യാപിപ്പിക്കുന്നതിലൂടെ വരും തലമുറക്ക് വിവാഹത്തിലുള്ള ഭാരം ലഘൂകരിക്കാനും ധന്യമായ ജീവിതം നയിക്കാനും ഒരു സുദൃഢ കുടുംബം കെട്ടിപ്പടുക്കാനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്നും സമൂഹ വിവാഹ സംഘാടക സമിതി വൈസ് പ്രസിഡന്റ് അഹ്മദ് സാലിം അല്‍ മസ്‌റൂഇ വ്യക്തമാക്കി.

Latest