Connect with us

Articles

പ്രപഞ്ചത്തോളം മനുഷ്യരെ കൂട്ടിക്കൊണ്ടുപോയ ഒരാള്‍

Published

|

Last Updated

ശാസ്ത്ര ലോകത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശാസ്ത്രകാരന്മാരുടെ പേരുകളാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെയും സ്റ്റീഫന്‍ ഹോക്കിംഗിന്റെയും. 1879 മാര്‍ച്ച് 14ന് മ്യൂണിക്കില്‍ പിറന്ന ഐന്‍സ്റ്റീന്‍ മെല്ലെ മെല്ലെ പ്രപഞ്ച വീക്ഷണമാകെ തിരുത്തിക്കുറിക്കുകയായിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണമായിരുന്നു ഹോക്കിംഗിന്റെയും ശാസ്ത്ര വീക്ഷണങ്ങള്‍. പ്രപഞ്ചവുമായി ബന്ധപ്പെട്ട ആധുനിക വിജ്ഞാനത്തിന്റെ വികാസത്തിന് മൗലികമായ നിരവധി ആശയങ്ങള്‍ 2018 മാര്‍ച്ച് 14ന് അന്തരിക്കും വരെ ഹോക്കിംഗും ശാസ്ത്ര സംഭാവനയായി നല്‍കി.

ഐന്‍സ്റ്റീന്റെയും ഹോക്കിംഗിന്റെയും ചിന്തയുടെ വെളിച്ചത്തില്‍ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും അറിയാനും ലോകമാകെ ഉള്ളവര്‍ക്കായി. ശാസ്ത്രസങ്കല്‍പത്തെ മാറ്റിമറിച്ച ഹോക്കിംഗിന്റെ ഗവേഷണങ്ങള്‍ക്ക്, പഠനങ്ങള്‍ക്ക് ഒരു തുടര്‍ച്ചയാണ് ഇനി ഉണ്ടാവേണ്ടത്.

ഹോക്കിംഗിന്റെ മഹത്വം നാടീരോഗം (അമയോട്രാപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ്) ബാധിച്ചിട്ടും കര്‍മനിരതനായി എന്നതിലല്ല. തന്റെ ചുറ്റിലുമുള്ള സകലതിനെയും സംബന്ധിച്ച് കണ്ടെത്താന്‍ ഒരു ശാസ്ത്രകാരന് കഴിയുമെന്ന് കണ്ട് ഓക്‌സ്‌ഫോര്‍ഡില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന കാലം മുതല്‍ തുടങ്ങുന്നു ശാസ്ത്രവുമായി അദ്ദേഹത്തിന്റെ ബന്ധം. അതില്‍ ശാരീരികാവസ്ഥകള്‍ക്കൊന്നും ഒരു പങ്കുമില്ലെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു. ശാസ്ത്രം ഹോക്കിംഗില്‍ അതിന്റെ മൂല്യങ്ങളോടെ പെയ്തിറങ്ങുകയായിരുന്നല്ലോ. അന്ധവിശ്വാസങ്ങളെ ശാസ്ത്രബോധം കൊണ്ടു നേരിടുക ഹോക്കിംഗിന്റെ ജീവിത ചര്യയായിരുന്നു. ശാസ്ത്രം സമരായുധമാക്കിയ വിശ്വശാസ്ത്രകാരനായിരുന്നു എന്നും ഈ ധീരനായ പോരാളി.

ശാസ്ത്രത്തിന്റെ ഒപ്പം തെറ്റും ഏറ്റു പറയേണ്ടിവരും. ഗവേഷണങ്ങളുടെ വഴിത്താരയില്‍ ചില വഴികള്‍ മാറിസഞ്ചരിക്കേണ്ടിയും വരും. കണ്ടെത്തിയ വഴി ശരിയാണെന്ന് സ്ഥാപിച്ച ശേഷമായിരിക്കും അല്ല, അത് ശരിയല്ലെന്ന് മാറ്റിപ്പറയേണ്ടിവരിക. അത് ശാസ്ത്രത്തിന്റെ മാത്രം, ഗവേഷണത്തിന്റെ മാത്രം ലോകമാണ്. ഹോക്കിംഗും ആ വഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്.

ഹോക്കിംഗ് തന്റെ ഡോക്ടറേറ്റ് പ്രബന്ധത്തില്‍ സിദ്ധാന്തിച്ചത് നോക്കൂ. മഹാസ്‌ഫോടനത്തിന് മുമ്പ് എന്തായിരിക്കും സ്ഥിതി? ഹോക്കിംഗ് പറഞ്ഞു: അതീവ സാന്ദ്രമായ ഒരു തമോഗര്‍ത്തബിന്ദുവില്‍ നിന്നാണ് മഹാവിസ്‌ഫോടനം ഉണ്ടായത്. തമോഗര്‍ത്തത്തിന്റെ അതിരുകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന, നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശ പ്രസരണത്തെ അതിസാന്ദ്രമായ ഗുരുത്വബലം കീഴ്‌പ്പെടുത്തുന്ന വ്യാസപരിധി, ഒരു നില കഴിഞ്ഞാല്‍ ചുരുങ്ങില്ല – ഇതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
ഇത് തമോഗര്‍ത്ത സൈനാമിക്‌സിലെ രണ്ടാം സിദ്ധാന്തം എന്നറിയപ്പെടുന്നു. 1972ല്‍ സുഹൃത്തുക്കളായ ശാസ്ത്രകാരന്മാര്‍ക്കൊപ്പം ചേര്‍ന്ന് ഇത് ശരിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും വൈകാതെ തനിക്ക് തെറ്റു പറ്റിയെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് പ്രഖ്യാപിക്കുകയായിരുന്നു. അതിന് ശേഷമാണ് ജ്വലിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുന്നത്. തന്റെ തമോഗര്‍ത്ത ചിന്തകളെ പുനഃപരിശോധിച്ചു. ചിന്തകളെ നിരന്തരം പുതുക്കി. ക്വാണ്ടം ബലതന്ത്രത്തിന്റെ വീക്ഷണ കോണില്‍ നിന്നുകൊണ്ട് ഇതിനെ കുറിച്ച് കൂടുതല്‍ പഠിച്ചു. ഇതാണ് പിന്നീട് തമോഗര്‍ത്തത്തിലും വികിരണം സംഭവിക്കുന്നുവെന്ന കണ്ടുപിടുത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. അതായിരുന്നു “ഹോക്കിംഗ് റേഡിയേഷന്‍” എന്നറിയപ്പെടുന്ന കണ്ടുപടുത്തം.

ഒട്ടും സംസാരിക്കില്ല. കൂടാതെ സുഷുംനയിലെയും മസ്തിഷ്‌കത്തിലെയും മാംസപേഷികളെ നിയന്ത്രിക്കുന്ന നാഡീ കോശങ്ങള്‍ ദ്രവിച്ച് മാംസപേശികളുടെ ചലനശേഷി ക്രമേണ നശിക്കുന്ന മാരകരോഗത്തിന് അടിമയുമാണ്. തലച്ചോറും ചൂണ്ടുവിരലും മാത്രം പ്രവര്‍ത്തിക്കുന്ന ഇതിഹാസ മനുഷ്യന്‍. ഹോക്കിംഗിന് വരുന്ന കത്തുകള്‍ വായിക്കാനും മറുപടി അയക്കാനും 18 സെക്രട്ടറിമാര്‍, പരിചരണത്തിന് 21 നഴ്‌സുമാര്‍, ബ്രിട്ടണിലെയും യു എസിലെയും സര്‍ക്കാറുകള്‍ സംയുക്തമായി സംരക്ഷിച്ചുവരുന്നു. 29 വര്‍ഷം കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി ഗണിത ശാസ്ത്രത്തിന്റെ ലുക്കേഷ്യന്‍ പ്രൊഫസര്‍. ഒരു സാധാരണക്കാരന്‍ അധികം ആഴത്തില്‍ പോകാതെ അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കിയത് ഇതൊക്കെയാകാം. പക്ഷേ, ശാരീരികാവസ്ഥ ഒരു തടസ്സവുമാകാതെ ഉത്കര്‍ഷേച്ഛുവും അതി ബുദ്ധിമാനുമായ ഹോക്കിംഗ് തന്റെ ആശയങ്ങളിലൂടെ ശാസ്ത്ര ലോകത്തെയാകെ അമ്പരപ്പിക്കുകയായിരുന്നു. ഈ ഒരു “ഓളം” ലോകം മുഴുവന്‍ എത്തിയിരുന്നു. പ്രൈമറി വിദ്യാര്‍ഥികള്‍ പോലും സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഫാന്‍സായി മാറുകയായിരുന്നു. പ്രപഞ്ചത്തെ ശ്രദ്ധിക്കാത്തവര്‍ പോലും പ്രപഞ്ചത്തെ ശ്രദ്ധിച്ചു. ഹോക്കിംഗിന്റെ വാക്കുകള്‍ തേടിപ്പിടിച്ച് വായിച്ചു. ശാസ്ത്രത്തെ സാധാരണ ജീവിതത്തില്‍ ഉള്‍പ്പെടുത്തി.

ഒരു സയന്റിഫിക്ഷന്‍ പോലെ പ്രപഞ്ചത്തിലേക്ക് ആഴത്തില്‍ ഇറങ്ങിപ്പോകുന്ന ഹോക്കിംഗിന്റെ ഗവേഷണങ്ങള്‍ ഒരു അത്ഭുതം തന്നെയാണ്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെ കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളില്‍ ഭൂരിഭാഗവും ഹോക്കിംഗിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞവയാണ്. “ദി തിയറി ഓഫ് എവരി തിംഗ്” ഹോക്കിംഗിന്റെ ജീവചരിത്രം പറയുന്ന ചലച്ചിത്രമാണ്. ആ സിനിമ ഏറെ ഹൃദയസ്പര്‍ശിയാവണമെങ്കില്‍ അദ്ദേഹം കാണിച്ചുതന്ന രൂപഘടനയുടെ യഥാര്‍ഥ ചിത്രം അടുത്തറിയുക തന്നെ വേണം.
ഭൗതിക ശാസ്ത്രത്തില്‍ മാത്രമല്ല, ശാസ്ത്രബോധമുള്ള ഒരു വേറിട്ട അഭിപ്രായം അറിയാനായി ആളുകള്‍ ആകാംക്ഷയോടെ നോക്കിയിരുന്ന ഒരു വ്യക്തിയാണ് കാലയവനികക്കുള്ളില്‍ മറഞ്ഞത്. ഹോക്കിംഗിന്റെ അളന്നുതിട്ടപ്പെടുത്തിയ ഒരു മറുപടി ഇനി കിട്ടില്ലയെന്ന യാഥാര്‍ഥ്യം കൂടി ശാസ്ത്ര ലോകത്തിനുണ്ട്. പ്രപഞ്ചത്തെക്കുറിച്ചുള്ള വിജ്ഞാനം സ്റ്റീഫന്‍ ഹോക്കിംഗിനു ശേഷമുള്ളതും മുമ്പുള്ളതും എന്നായി ഇനിയത് രണ്ടാകും. ഹോക്കിംഗ് കണ്ടെത്തിയതിനേക്കാള്‍ തെളിച്ചമുള്ള വഴികള്‍ കണ്ടെത്താനുള്ളവര്‍ ഇനി കടന്നുവരുമ്പോഴാണ് ഹോക്കിംഗിന്റെ വഴികള്‍ കൂടുതല്‍ തെളിച്ചമുള്ളതാവുക. പല കണ്ടുപിടുത്തങ്ങളും പ്രപഞ്ചഘടനയെ കുറിച്ച് അദ്ദേഹമെഴുതിയ പല സിദ്ധാന്തങ്ങളും സാധാരണക്കാരിലേക്ക് എത്തേണ്ടതുണ്ട്. സ്റ്റീഫന്‍ ഹോക്കിംഗിന്റെ വീല്‍ച്ചെയറില്‍ തളച്ചിട്ട ജീവിതം എത്രമാത്രം ജനകീയമായി, കഥ പോലെ ജനഹൃദയങ്ങളില്‍ എങ്ങനെ എത്തിയോ അതേ പോലെ അദ്ദേഹത്തിന്റെ പ്രപഞ്ച വീക്ഷണം ജനങ്ങളിലെത്തുമ്പോഴാണ് ശാസ്ത്രം ജനകീയമാകുന്നത്. ശാസ്ത്രകാരന്‍ ജനകീയനാകുന്നത്. ഒരു ശാസ്ത്രകാരന്റെ കൈപ്പേറിയ ജീവിതമല്ല, അയാളുടെ ശ്രമകരമായ ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ കൈപ്പാണ് ലോകം അറിയേണ്ടത്. പ്രയാസങ്ങളോട് ഏറ്റുമുട്ടിയ ജീവിതമല്ല, ആ ജീവിതം കൊണ്ട് നേടിയ ശാസ്ത്ര നേട്ടമാണ് എടുത്തുകാട്ടേണ്ടത്. ഇവ രണ്ടും കൂടിച്ചേരുമ്പോഴേ ഹോക്കിംഗിനെ പോലെയുള്ള വലിയൊരു ശാസ്ത്രകാരന്റെ ജീവിതത്തോട് നമുക്ക് നീതി പുലര്‍ത്താനാകൂ. ഹോക്കിംഗ് ഇനിയും ഏറെ അറിയപ്പെടാനുണ്ട്. പ്രപഞ്ചമുള്ള കാലത്തോളം ആ അറിവ് പല രൂപത്തില്‍ നമ്മെ വന്ന് തൊടും.

 

 

sinojraj@gmail.com

Latest