Kerala
നാണയ വിസ്മയവുമായി സലാം
മലപ്പുറം: മേല്‍മുറി സ്വലാത്ത് നഗറിലെ പള്ളിത്തൊടി അബ്ദു സലാമിന്റെ വീട്ടിലേക്ക് വരൂ, അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ നാണയങ്ങളും കറന്‍സികളും കണ്ട് മടങ്ങാം. 150ലേറെ രാജ്യങ്ങളിലെ നാണയങ്ങളും നൂറോളം രാജ്യങ്ങളിലെ കറന്‍സിയും നിങ്ങളെ അത്ഭുതപ്പെടുത്താതിരിക്കില്ല. പുരാതന കാലത്ത് കേരളത്തിലുണ്ടായിരുന്ന മുക്കാല്‍ പൈസ, നയാ പൈസ, ജോര്‍ജ് അഞ്ചാമന്റെയും ആറാമന്റെയും ബാലരാമ വര്‍മയുടെയും കാലത്തെ കറന്‍സി, 1803ലെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പഞ്ചലോഹ നിര്‍മിതമായ അര ചക്രം, 1973ല്‍ കുറഞ്ഞ എണ്ണം മാത്രം ഇറക്കിയ പത്തിന്റെയും ഇരുപതിന്റെയും വെള്ളി നാണയം, ടിപ്പു സുല്‍ത്താന്റെ ഭരണ കാലത്തെ നാണയം സലാമിന്റെ ശേഖരത്തിലെ ശ്രദ്ധേയമായവയാണ്.
മുഗള്‍ ഭരണ കാലത്തെയും നാട്ടുരാജാക്കന്മാരുടെയും വിവിധ തരം നാണയങ്ങള്‍, ബ്രിട്ടീഷുകാര്‍ വന്നതിന് ശേഷം ആദ്യമായി 1835ല്‍ കിംഗ് വില്യം ഇറക്കിയ മുക്കാല്‍ നാണയം, വ്യത്യസ്ത തരം അണകള്‍, 1937ല്‍ ഇറങ്ങിയ മിസ്‌റിലെ ഫാറൂഖ് അവ്വലിന്റെ ചിത്രമുള്ള വെള്ളി നാണയം, ഫലസ്തീന്റെ നാണയങ്ങള്‍ എന്നിവയും ശേഖരത്തിലുള്‍പ്പെടുന്നു. 1367ലെ സഊദിയുടെ ഫുറുസ്, 1738ല്‍ ഡച്ചുകാര്‍ ഇന്ത്യയില്‍ ഭരണം നടത്തിയ കാലത്ത് പുറത്തിറക്കിയ വി ഒ സി നാണയം, ബ്രിട്ടീഷ് ഭരണാധികാരികളായ വിക്ടോറിയ ക്യൂന്‍ എംബസ്, എഡ്വവേര്‍ഡ് എന്നിവരുടെ നാണയം, ഹൈദരാബാദിലെ നൈസാം കോയിനും ഈ നാല്‍പത്തി ഏഴുകാരന്റെ ശേഖരത്തെ വ്യത്യസ്തമാക്കുന്നു. അപൂര്‍വമായ പഴയ കറന്‍സികളും സലാം ശേഖരിച്ചിട്ടുണ്ട്. ഇന്ത്യക്കും ചൈനക്കും വേണ്ടി ഫ്രഞ്ചുകാര്‍ ഇറക്കിയ കറന്‍സി, ഒരു രൂപയുടെ വിവിധ തരം നോട്ടുകള്‍, ഇന്ത്യയില്‍ ആദ്യം ഇറങ്ങിയ ഒരു രൂപ നോട്ട്, ആദ്യമായി മലയാളം എഴുത്ത് അച്ചടിച്ച കറന്‍സി, ആറ് രൂപത്തിലുള്ള പത്ത് രൂപ നോട്ടുകള്‍, രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ജപ്പാന്റെ കറന്‍സി, 1951ല്‍ ആദ്യമായി ഇറങ്ങിയ 100 രൂപ കറന്‍സിയടക്കം ഒമ്പത് രൂപത്തിലുള്ള നൂറ് രൂപ നോട്ടുകള്‍, ബ്രസീലിന്റെ തിരിച്ചും മറിച്ചും പിടിക്കാവുന്ന കറന്‍സിയും ശേഖരത്തില്‍ വേറിട്ടു നില്‍ക്കുന്നു.
സഊദിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുസലാം രണ്ടായിരത്തിലാണ് നാണയ ശേഖരണം തുടങ്ങിയത്. ഗള്‍ഫിലെ സുഹൃത്തുക്കളുടെ പ്രചോദനം കൂടിയായപ്പോള്‍ വിപുലമായി. പണം കൊടുത്ത് വാങ്ങിയതാണ് നാണയങ്ങളേറെയും.