Connect with us

National

ജുനൈദ് വധം: സി ബി ഐക്ക് നോട്ടീസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ച് യാത്ര ചെയ്തെന്നാരോപിച്ച് ഗോ സംരക്ഷക ഗുണ്ടകള്‍ കൊലപ്പെടുത്തിയ പതിനാലുകാരന്‍ ജുനൈദിന്റെ കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. കേസ് സി ബി ഐക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്കും ഹരിയാന സര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫും എം എം ശാന്തനഗൗഡറും അടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം കഴിഞ്ഞ നവംബറില്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതി ഡിവഷന്‍ ബഞ്ച് ഈ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു. കേസില്‍ ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാറും സി ബി ഐയും നിലപാടെടുത്തതിനെത്തുടര്‍ന്നായിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്. ഇതേ തുടര്‍ന്നാണ് ജുനൈദ് ഖാന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചത്.

അഡ്വ. ആര്‍ എസ് ചീമ, സ്മൃതി സുരേഷ് എന്നിവര്‍ ഹരജിക്കാരന് വേണ്ടി ഹാജരായി. കേസില്‍ നിലിവില്‍ അന്വേഷിക്കുന്ന ഏജന്‍സി കൃത്യമായ അന്വേഷണമല്ല നടത്തുന്നതെന്നും പ്രതികളെ രക്ഷിക്കാനുള്ള ശ്രമമുണ്ടെന്നും ഹരജിക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ ഖണ്ഡിക പ്രകാരം മതത്തിന്റെ പേരില്‍ ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരെയുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്താന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്നും 153 ബി, 149 വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയില്ലെന്നും ഹരജിക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേസ് സി ബി ഐ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സി ബി ഐ ക്ക് വിടണമെന്ന ആവശ്യം പരിശോധിക്കുമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും സി ബി ഐയും നിലപാട് അറിയിക്കണമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ തലേ ദിവസം വസ്ത്രങ്ങള്‍ വാങ്ങാന്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ വന്ന് സഹോദരങ്ങള്‍ക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജുനൈദിനെ ട്രെയിനില്‍ വെച്ച് ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

Latest