Connect with us

Kerala

മാണിയെ ചൊല്ലി ബി ജെ പിയില്‍ ഭിന്നത

Published

|

Last Updated

തിരുവനന്തപുരം: മാണിയെ ചൊല്ലി ബി ജെ പിയില്‍ നേതാക്കളുടെ തമ്മിലടി. മാണി വിഷയത്തില്‍ നേതാക്കള്‍ പരസ്യമായി നടത്തിയ പ്രസ്താവനകളോടെയാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കെ എം മാണിയെ എന്‍ ഡി എയിലേക്ക് സ്വാഗതം ചെയ്തതോടെയായാണ് ഇത് സംബന്ധിച്ച് നേതാക്കള്‍ പരസ്യ പ്രസ്താവനകളുമായി രംഗത്ത് വന്നത്.

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളക്ക് വോട്ട് തേടി ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം കെ എം മാണിയെ സന്ദര്‍ശിച്ചിരുന്നു. കുമ്മനത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൃഷ്ണദാസ് മാണിയെ കണ്ട് ചര്‍ച്ച നടത്തിയത്. കുമ്മനത്തിന്റേയും കൃഷ്ണദാസിന്റേയും നിലപാടിനെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍ രംഗത്തുവന്നപ്പോള്‍ മുരളീധരനെ തള്ളി ചെങ്ങന്നൂര്‍ സ്ഥാനാര്‍ഥിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ശ്രീധരന്‍പിള്ളയും രംഗത്തെത്തി.

മാണി അഴിമതിക്കാരനാണെന്നും അത്തരക്കാരെ എന്‍ ഡി എയുടെ ഭാഗമാക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാണിയെ ക്ഷണിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മറ്റുള്ളവര്‍ക്ക് മനസിലാകാത്തതുകൊണ്ടാണെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊലപാതകികളുടെയും അഴിമതിക്കാരുടെയും വരെ വോട്ടുതേടുന്നതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ട മുരളീധരന്‍, കൃഷ്ണദാസ് വിഭാഗത്തിന്റെ നിലപാടിനെതിരെ രംഗത്തു വന്നത് പാര്‍ട്ടിക്കുള്ളിലെ ഭിന്നിപ്പും മാണി വിഷയത്തിലെ യോജിപ്പില്ലായ്മയുമാണ് വെളിവാക്കുന്നത്.

മാണിയോട് എന്‍ ഡി എക്ക് അയിത്തമില്ലെന്ന നിലപാടാണ് ചെങ്ങന്നൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള കൈക്കൊണ്ടത്. എല്‍ ഡി എഫ്, യു ഡി എഫ് ബന്ധത്തില്‍ താത്പര്യമില്ലാതെ നില്‍ക്കുകയാണ് മാണി. മൂന്നാം ചേരി എന്ന നിലയില്‍ അദ്ദേഹത്തെ എന്‍ ഡി എ സ്വാഗതം ചെയ്യുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ മേഖലയിലെ വോട്ട് ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങളെപ്പോലും പിന്നോട്ടടിക്കുന്ന നിലപാടാണ് മുരളീധരന്‍ കൈക്കൊണ്ടതെന്ന് ബി ജെ പിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പ്രചാരണരംഗത്ത് ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയത്ത് അനവസരത്തില്‍ ഒരു മുന്നണിയിലുമില്ലാത്ത പ്രബല നേതാവിനെ താറടിക്കുന്ന രീതിയിലെ പരാമര്‍ശം അനാവശ്യമെന്ന വാദമാണ് കൃഷ്ണദാസ് വിഭാഗം ഉയര്‍ത്തുന്നത്. ബി ജെ പിക്ക് കേരളത്തില്‍ ഇടം ഉണ്ടാകണമെങ്കില്‍ എന്‍ ഡി എ സഖ്യം വിപുലപ്പെടുത്തണമെന്ന പൊതു നിലപാടിന് വിരുദ്ധമായാണ് മുരളീധരന്‍ മാണി വിരുദ്ധ പ്രയോഗം നടത്തിയതെന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ കൃഷ്ണദാസ് വിഭാഗം ഉയര്‍ത്തുന്നത്.

Latest