Kerala
കടലിലും 'വരള്‍ച്ച'; മത്തിയും കിട്ടാക്കനി
കൊച്ചി: സംസ്ഥാനത്തെ തീരങ്ങളില്‍ മലയാളികളുടെ ഇഷ്ടമത്സ്യമായ മത്തി(ചാള)യുടെ ക്ഷാമം തുടരുന്നു. കേരളത്തില്‍ മത്തിയുടെ ലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം വരുന്നത് വര്‍ധിച്ചിരിക്കുകയാണ്. വരവ് മത്തിയോട് ആളുകള്‍ക്ക് താത്പര്യം കുറവാണ്. ഈ വര്‍ഷം അറുപത് ലോഡ് മത്തിയാണ് കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തിയത്. ഇതിനു പുറമെ തമിഴ്‌നാട് തീരത്തുനിന്നും മത്തി കേരളത്തിലേക്കെത്തുന്നുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മത്തിക്ക് വില്‍പ്പന കുറവാണ്.
കാലാസ്ഥാ വ്യതിയാനം മൂലം ഏതാനും വര്‍ഷമായി മത്തിക്ക് കേരളതീരത്ത് വറുതിയാണ്. കഴിഞ്ഞ വര്‍ഷം 45958 ടണ്‍ മത്തിയാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷവും മത്തിയുടെ ലഭ്യതയില്‍ കാര്യമായ പുരോഗതിയുണ്ടാകില്ലെന്നാണ് കണക്കാക്കുന്നത്. ചൂട് കൂടുന്നതും കൂടുതല്‍ മഴ കിട്ടുന്നതും മത്തിയുടെ വളര്‍ച്ചയെ ഒരേപോലെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴ കൂടുതലാകുമ്പോള്‍ കടലില്‍ ഉപ്പിന്റെ അംശം കുറയുന്നതാണ് മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നത്. മഴ കൃത്യമായ അളവില്‍ കിട്ടിയാല്‍ മാത്രമേ മത്തിക്ക് സമുദ്രത്തില്‍ വളരാന്‍ കഴിയുകയുള്ളൂ.
അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ട്രോളിംഗ് ബോട്ടുകള്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നതും മത്തിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ 2015 ജൂണ്‍ മുതല്‍ ചെറുമത്സ്യങ്ങളെ പിടിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ മധ്യകേരളത്തിലെ വന്‍കിട ബോട്ടുകള്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തുടരുകയാണെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആരോപണം. വന്‍കിട ബോട്ടുകള്‍ കലക്ടര്‍ക്ക് മുന്നില്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് നിര്‍ത്തുമെന്ന് ഉറപ്പുകൊടുത്തിരുന്നു. ഇതിനു പുറമെ 56 മത്സ്യങ്ങളുടെ പിടിക്കാവുന്ന അളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കിയിട്ടുണ്ട്. വന്‍കിട ബോട്ടുകള്‍ ഇതെല്ലാം ലംഘിക്കുകയാണന്നാണ് പ്രധാന ആരോപണം. 2012ല്‍ 16000 ടണ്ണും 2013ല്‍ 8000 ടണ്ണും മത്തിക്കുഞ്ഞുങ്ങളെ പിടിച്ചിരുന്നു. പിന്നീടുണ്ടായ മത്തിയുടെ ക്ഷാമത്തിന് ഇത് കാരണമായിട്ടുണ്ടെന്നാണ് ഈ രംഗത്തെ തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നത്.
മത്തിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് കൊച്ചിയിലെ മത്സ്യ ഗവേഷണ സ്ഥാപനമായ സി എം എഫ് ആര്‍ ഐയില്‍ ഇതുസംബന്ധിച്ച ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം ബോട്ടുടമകളുമായും പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായും സംഘടനാ നേതാക്കള്‍ ചര്‍ച്ചയും നടത്തും.