Gulf
അധ്യാപകര്‍ക്കും അവധി; പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക്

ഷാര്‍ജ: വിദ്യാര്‍ഥികളോടൊപ്പം അധ്യാപകര്‍ക്കും അവധി ലഭിച്ചതോടെ പ്രവാസി കുടുംബങ്ങള്‍ ഒന്നൊന്നായി നാട്ടിലേക്ക് യാത്ര തുടങ്ങി. ഇന്ത്യന്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കാണ് പത്ത് ദിവസം അവധി ലഭിച്ചത്. വിശ്രമത്തിനും ഉല്ലാസത്തിനുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് അവധി. ഇനി ഏപ്രില്‍ രണ്ടിന് ജോലിക്ക് ഹാജരായാല്‍ മതി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക എട്ടിനാണ്.
പത്തും പന്ത്രണ്ടും ക്ലാസുകളിലൊഴികെയുള്ള വിദ്യാര്‍ഥികള്‍ക്ക് നേരത്തെ സ്റ്റഡി ലീവ് നല്‍കിയിരുന്നു. അതേസമയം പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷ തുടരുകയാണ്. പന്ത്രണ്ടാം തരം പരീക്ഷ അടുത്ത മാസം വരെ തുടരും. പത്താംതരം ഈ മാസം അവസാനിക്കും.
അധ്യാപകര്‍ക്ക് ഇന്ന് മുതലാണ് അവധി. അവധിക്കാലം ആഘോഷമാക്കാനാണ് പല കുടുംബങ്ങളും നാട്ടിലേക്ക് തിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞത് യാത്ര എളുപ്പമാക്കി. മിക്കവരും മടക്കയാത്ര അടക്കമുള്ള ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് ലഭിച്ചിരുന്നത്. അവധിക്കാലം മുന്‍കൂട്ടി അറിഞ്ഞതിനാല്‍ ടിക്കറ്റ് ബുക്കിംഗ് നേരത്തെ നടത്താനായി പരീക്ഷ തുടരുന്നതിനാല്‍ ചില കുടുംബങ്ങള്‍ക്കും നാട്ടില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്.
പ്രവാസി കുടുംബങ്ങള്‍ യാത്ര തുടങ്ങിയതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാരുടെ തിരക്കനുഭവപ്പെടും. പ്രധാനമായും ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലാണ് തിരക്കേറുക.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളടക്കമുള്ള പഠന സാമഗ്രികള്‍ മിക്ക വിദ്യാലയങ്ങളിലും വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. അധ്യയന വര്‍ഷാരംഭത്തിന് മുമ്പായി വിതരണം പൂര്‍ത്തിയാക്കും.
പഠനസാമഗ്രികള്‍ കിറ്റാക്കിയാണ് വിതരണം ചെയ്യുന്നത്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ഇതിനിടെ നടക്കുന്നുണ്ട്. അധ്യാപകര്‍ക്ക് അവധിയാണെങ്കിലും വിദ്യാലയങ്ങള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കും.