Connect with us

Kerala

ഭൂഗര്‍ഭ ജലനിരപ്പില്‍ കുറവ്; ജലവിതാനവും ത ജലനിരപ്പ് കുറയുന്ന പട്ടികയില്‍ കേരളം മൂന്നാമത്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനത്തില്‍ കാര്യമായ കുറവ്. വേനല്‍ കടുക്കുന്നതിന് മുമ്പായി തന്നെ നാല് മീറ്റര്‍ വരെ ഭൂഗര്‍ഭ ജലത്തോത് താഴ്ന്നുവെന്നാണ് കേന്ദ്ര ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ട്. ഭൂഗര്‍ഭ ജലത്തിന്റെ അമിത ഉപയോഗവും മഴക്കുറവുമാണ് പ്രധാന കാരണം. കുപ്പിവെള്ള കമ്പനികളുടെ ജലമൂറ്റലാണ് ഭൂഗര്‍ഭ ജലനിരപ്പില്‍ ഇത്രയും വ്യതിയാനമുണ്ടാക്കുന്നതെന്നാണ് കണക്കാക്കുന്നത്. ജലനിരപ്പ് വന്‍തോതില്‍ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് മുന്നിലുള്ളത്.

അനിയന്ത്രിതമായ ജലമൂറ്റല്‍ കടുത്ത വരള്‍ച്ചയിലേക്ക് നയിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. കുപ്പിവെള്ള കമ്പനികള്‍ അനധികൃതമായി ജലമൂറ്റുന്നുവെന്ന് ഭൂജല വകുപ്പ് കണ്ടെത്തിയിട്ടുമുണ്ട്. അതിനാല്‍ ജലമൂറ്റലിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കുപ്പിവെള്ള കമ്പനികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള ലൈസന്‍സ് ലഭ്യമാക്കുന്നതിന് ഭൂജല വകുപ്പിന്റെ എന്‍ ഒ സി നിര്‍ബന്ധമാക്കിക്കൊണ്ടാണ് സര്‍ക്കുലര്‍. നിലവില്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് അത് പുതുക്കുന്നതിനും എന്‍ ഒ സി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഭൂഗര്‍ഭ ജലം വന്‍തോതില്‍ കുറയുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജലചൂഷണത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് നടപടികളൊന്നുമുണ്ടായിട്ടില്ല. അനുമതിയുള്ള കുപ്പിവെള്ള കമ്പനികള്‍ തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ വെള്ളത്തിന്റെ അളവ് കുറച്ചാണ് കാണിക്കുന്നത്. ജല ദൗര്‍ലഭ്യം മുന്നില്‍ക്കണ്ട് പുതുതായി കിണര്‍ കുഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുഴല്‍ക്കിണറുകള്‍ തിരഞ്ഞെടുക്കുന്നതാണ് ജലദൗര്‍ലഭ്യത്തിന് മറ്റൊരു പ്രധാന കാരണം.

ഇത്തവണയും സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനകം തന്നെ സംസ്ഥാനത്തെ 89 ശതമാനം ജലാശയങ്ങളിലും ജലവിതാനം താഴ്ന്നിട്ടുണ്ട്. കിണര്‍ ജലനിരപ്പിലും ബോര്‍വെല്ലുകളിലെ ജലനിരപ്പിലും ഒരുപോലെ കുറവുവന്നിട്ടുണ്ട്. കേരളത്തിലെ 1,366 കിണറുകള്‍ പരിശോധിച്ചതില്‍ ആയിരം എണ്ണത്തിലും വേനല്‍ തുടങ്ങും മുമ്പ് തന്നെ ജലനിരപ്പ് കുറഞ്ഞു. കിണറുകളില്‍ നാല് മീറ്റര്‍ വരെ ജലവിതാനം താഴ്ന്നു.

കുഴല്‍ക്കിണറുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കരിങ്കല്‍ പ്രദേശത്തും തീരദേശ മേഖലയിലും ഒരുപോലെ കുറവ് വന്നിട്ടുണ്ട്. വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ക്കൊപ്പം സാമാന്യം മഴ ലഭിക്കുന്ന മേഖലകളിലും ഭൂജല നിരപ്പ് കുറഞ്ഞത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

കുടിവെള്ളമായി ഉപയോഗിക്കുമ്പോഴും കൃഷിക്കും മറ്റു വ്യവസായത്തിനുമായി ഉപയോഗിക്കുമ്പോഴും വന്‍തോതില്‍ ജലചൂഷണം നടക്കുന്നുണ്ടെന്ന് ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. ഡൈനാമിക് ഗ്രൗണ്ട് വാട്ടര്‍ റിസോഴ്‌സസ് ഓഫ് കേരള 2013ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2634.91 മില്യണ്‍ ക്യുബിക് മീറ്റര്‍ (എം സി എം) ഭൂജലമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതില്‍ 1453.14 എം സി എം വീട്ടാവശ്യത്തിനും വ്യാവസായിക ആവശ്യത്തിനുമായി വേണ്ടിവരും. 1181.77 എം സി എം ജലം കൃഷിയാവശ്യത്തിന് വേണ്ടിവരുമെന്നുമാണ് കണക്കാക്കുന്നത്.

വരള്‍ച്ചയും മറ്റ് ചൂഷണങ്ങളും നിമിത്തം ഈ ജലലഭ്യതയിലും കുറവ് വരുമെന്ന ആശങ്കയും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലഭ്യമാകുന്ന ജലത്തില്‍ തന്നെ മലിനീകരണത്തിന്റെ തോത് ഭയാനകമാംവിധം ഉയരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.ാഴുന്നു

Latest