Connect with us

Kerala

അകക്കണ്ണ് കാഴ്ചയൊരുക്കി; റുഫൈദക്ക് റാങ്കിന്‍ തിളക്കം

Published

|

Last Updated

ബ്രയില്‍ ലിപിയില്‍ പുസ്തകം വായിക്കുന്ന റുഫൈദ

മലപ്പുറം: കാഴ്ചയുള്ളവരെ പിന്നിലാക്കി അകക്കണ്ണിന്റെ വെളിച്ചത്തില്‍ റുഫൈദ നേടിയത് ഒന്നാം റാങ്കിന്റെ തിളക്കം. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പരീക്ഷയില്‍ ഇസ്‌ലാമിക് ഹിസ്റ്ററിയിലാണ് റുഫൈദ റാങ്ക് സ്വന്തമാക്കിയത്. മലപ്പുറം ഗവ. കോളജിലെ വിദ്യാര്‍ഥിനിയായ റുഫൈദ മഅ്ദിന്‍ അന്ധ വിദ്യാലയത്തിലാണ് ഹോസ്റ്റല്‍ സൗകര്യത്തോടെ പഠിക്കുന്നത്.

ജന്മനാ അന്ധയായ റുഫൈദ 2002ല്‍ അഞ്ചാം വയസിലാണ് മഅ്ദിന്‍ അന്ധ വിദ്യാലയത്തില്‍ എത്തുന്നത്. റുഫൈദയെ പ്രസവിച്ച ഉടനെ മാതാവ് ആരിഫ മരിച്ചതോടെയാണ് ഇവിടെയെത്തുന്നത്. ബ്രയില്‍ ലിപി എഴുത്തും വായനയും ആദ്യം പഠിച്ചു. എസ് എസ് എല്‍ സിയും പ്ലസ്ടുവും ഫസ്റ്റ് ക്ലാസോടെ വിജയിച്ച റുഫൈദ ഇപ്പോള്‍ മലപ്പുറം ഗവ. കോളജില്‍ ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ തന്നെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. അധ്യാപകരുടെ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്തും ബ്രയില്‍ ലിപിയില്‍ കേട്ടെഴുതിയുമാണ് പഠനം നടത്തുന്നത്. ക്ലാസിലെ കൂട്ടുകാരുടെ സഹായം കൂടിയായപ്പോള്‍ പഠനം എളുപ്പമായി. ജീവിത യാത്രയിലെ പ്രതിസന്ധികളെയെല്ലാം ഇച്ഛാശക്തി കൊണ്ട് നേരിട്ട റുഫൈദ പാഠ്യേതര വിഷയങ്ങളിലും മുന്നിലാണ്. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ബ്രയില്‍ ലിപി വായനാ മത്സരത്തിലും ലൂയിസ് ബ്രയില്‍ ദിനത്തില്‍ നടത്തിയ സംസ്ഥാനതല ഇംഗ്ലീഷ് ബ്രയില്‍ ലിപി എഴുത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ പൊതു പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനും കരസ്ഥമാക്കി. ഖുര്‍ആനിലെ നിരവധി അധ്യായങ്ങള്‍, ഖസ്വീദതുല്‍ ബുര്‍ദ, അസ്മാഉല്‍ ബദ്ര്‍, മറ്റു മൗലിദുകള്‍, വിര്‍ദുലത്വീഫ് എല്ലാം റുഫൈദക്ക് മനഃപാഠമാണ്. മഅ്ദിന്‍ അന്ധ വിദ്യാലയത്തില്‍ നിന്ന് വിവിധ കര കൗശല വസ്തുനിര്‍മാണത്തിലും പരിശീലനം നേടിയിട്ടുണ്ട്.

അധ്യാപികയാകാനാണ് റുഫൈദയുടെ മോഹം. നെറ്റ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും റുഫൈദക്ക് നന്ദി പറയാനുള്ളത് പഠിക്കാന്‍ സഹായങ്ങളും സൗകര്യങ്ങളും ചെയ്തുതന്ന മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയോടും എല്ലാവിധ പിന്തുണയും പ്രോത്സാഹനങ്ങളും നല്‍കിയ അധ്യാപകരോടും പിതാവിനോടുമാണ്. മൂന്നിയൂര്‍ കളിയാട്ടമുക്ക് അബ്ദുല്‍ നാസറാണ് പിതാവ്. സഹോദരി റഫീദയും അന്ധയാണ്.