Articles
ചോദ്യം ചോര്‍ത്തല്‍: ഉറവിടത്തില്‍ അന്വേഷിക്കാന്‍ മടിയോ?
സി ബി എസ് ഇ ഒരിക്കല്‍ കൂടി രാജ്യത്തെ ഞെട്ടിച്ചുകളഞ്ഞു. പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും ചോദ്യപേപ്പറുകള്‍ ചോര്‍ത്തിനല്‍കിക്കൊണ്ട്, തങ്ങള്‍ പടുത്തുയര്‍ത്തിയ വിശ്വാസീയതയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, അരക്ഷിതാവസ്ഥ മനഃപുര്‍വം സൃഷ്ടിച്ചുക്കൊണ്ട് ഒരു വന്‍ പ്രതിസന്ധിക്ക് സി ബി എസ് ഇ ജന്മം നല്‍കിയിരിക്കുന്നു.
പരീക്ഷാ ചോദ്യച്ചോര്‍ച്ചക്ക് പിന്നിലാരാണെന്ന് കണ്ടെത്താന്‍ വലിയ സാധ്യതകള്‍ അവശേഷിപ്പിക്കാതെ, കേസന്വേഷണം ഡല്‍ഹി പോലീസിനെ ഏല്‍പിച്ച് കേന്ദ്രസര്‍ക്കാറും ആശങ്കയുടെ ആഴം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ ഇനം ചോര്‍ച്ചകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ പ്രത്യാഘാതം സൃഷ്ടിച്ചത് സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച തന്നെ.
ചോര്‍ത്തിയത് ആര്, ഏവിടെ, എപ്പോള്‍, എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ദുരൂഹമായി തുടരുകയാണിപ്പോഴും. അന്വേഷണം ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും യഥാര്‍ഥ പ്രതികള്‍ കൂടുങ്ങില്ലെന്നുമുള്ള ആശങ്കയാണ് രാജ്യവ്യാപകമായി നിലവിലുള്ളത്.
കോച്ചിംഗ് സെന്ററുകളിലെയോ അഫിലിയേറ്റഡ് സ്‌കൂളുകളിലെയോ ഏജന്‍സികള്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ 35,000 മുതല്‍ 50,000 രൂപക്ക് വരെ വില്‍ക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. തുകയെ സംബന്ധിച്ചും വാങ്ങിയ ഏജന്‍സികളെ സംബന്ധിച്ചും അവര്‍ മറിച്ചുവിറ്റ വിലയെ സംബന്ധിച്ചുമൊക്കെ ഏകദേശം വ്യക്തമായ ചിത്രം ലഭ്യമായിട്ടുണ്ടെങ്കിലും സി ബി എസ് ഇ എന്ന വിഖ്യാതസ്ഥാപനത്തില്‍ നിന്ന് ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയതാര് എന്ന മര്‍മപ്രധാനമായ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മാനവവിഭവ വികസനശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സമീപത്ത് സി ബി എസ് ഇയുടെ ചെയര്‍പെഴ്‌സണ്‍ അനിതാ കര്‍വാള്‍ ഇരിപ്പുണ്ടായിരുന്നു. സി ബി എസ് ഇയുടെ വിശദീകരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുന്ന ആളായിട്ടാണ് മാനവവിഭവ വികസനശേഷി മന്ത്രി പ്രത്യക്ഷപ്പെട്ടതെന്ന കാര്യം നിസ്സാരമായി തള്ളിക്കളയാനാവുമോ? യഥാര്‍ഥത്തില്‍ പ്രതിസ്ഥാനത്ത് പ്രമുഖസ്ഥാനം അലങ്കരിക്കുന്നത് സി ബി എസ് ഇ തന്നെയല്ലേ? അങ്ങനെയെങ്കില്‍, അതിനെ മാറ്റിനിര്‍ത്തികൊണ്ട് ഒരു അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ആര്‍ജവമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ല.
സി ബി എസ് ഇ പത്താം ക്ലാസ് കണക്ക് പരീക്ഷാ ചോദ്യപേപ്പറും പന്ത്രണ്ടാം ക്ലാസ് എക്കണോമിക്‌സ് പേപ്പറും മാത്രമാണ് ചോര്‍ന്നതെന്ന് ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടു. അതാകട്ടെ, വ്യക്തമായ തെളിവുകള്‍ മിക്കവാറും സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞതിന് ശേഷം മാത്രവും. ലഭിച്ച തെളിവുകള്‍ തള്ളിക്കളയാനാണ് സി ബി എസ് ഇ അധികൃതര്‍ ആദ്യം ശ്രമിച്ചത്. രക്ഷയില്ലാതെ വന്നപ്പോള്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സമ്മതിക്കാനെങ്കിലും സി ബി എസ് ഇ അധികൃതര്‍ തയ്യാറായത്.
യഥാര്‍ഥത്തില്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സി ബി എസ് ഇ നടത്തുന്ന മിക്കവാറും എല്ലാ പരീക്ഷകളിലും കൃത്രിമങ്ങള്‍ അരങ്ങേറുന്നുണ്ട്. പല വിഷയങ്ങളുടെയും ചോദ്യങ്ങളും മറ്റും ചോര്‍ത്തിനല്‍കുന്ന ഒരു വലിയ ഗൂഢസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 2016 ലാണ് ദേശീയ മെഡിക്കല്‍ പരീക്ഷയായ‘നീറ്റ്’പരീക്ഷയുടെ ആന്‍സ്വര്‍ കീ ചോര്‍ത്തപ്പെട്ട സംഭവമുണ്ടായത്. പിന്നീട്, ആ സംഭവത്തെക്കുറിച്ച് പുറം ലോകം യാതൊന്നുമറിഞ്ഞില്ല. പ്രതികളെക്കുറിച്ച് ഒരു സൂചനയും ആര്‍ക്കും ലഭിച്ചതുമില്ല.
ഇത്തവണത്തെ സെക്കന്‍ഡറി പരീക്ഷകളില്‍ ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതികള്‍ മുന്‍കൂറായി ലഭിച്ചതിന് ശേഷവും, ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ആ ചോദ്യക്കടലാസുകള്‍ സമര്‍പ്പിച്ചതിന് ശേഷവും പ്രശ്‌നത്തെ ഗൗരവത്തിലെടുക്കാന്‍ സി ബി എസ് ഇ അധികൃതര്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രിയെപ്പോലും ഭീഷണിപ്പെടുത്താനാണ് അധികൃതര്‍ തയ്യാറായതെന്ന കാര്യം കൂടുതല്‍ ഞെട്ടലുളവാക്കുന്നു.
എന്തിനേറെ, പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പഞ്ചാബിലെ ലുധിയാനയില്‍ നിന്നും വിദ്യാര്‍ഥിനിയായ ജാന്‍വി ബെഹല്‍ മാര്‍ച്ച് 17 ന് ഒരു കത്തയച്ചു. ചോദ്യപേപ്പര്‍ അതിന് മുമ്പ് തന്നെ ചോര്‍ന്നിരുന്നു. അക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിഞ്ഞെങ്കിലും അവര്‍ വിവരം മറച്ചുവെച്ചു. ഒരു തുടര്‍നടപടിയും കൈകൊണ്ടില്ല. എന്തുകൊണ്ട്? എന്നാല്‍ മാര്‍ച്ച് 30ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന് വിദ്യാര്‍ഥികള്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് സി ബി എസ് ഇയെ വിശ്വാസമില്ലാത്തതുകൊണ്ടാകണമല്ലോ ഇത്രയും മൂന്‍കൂട്ടി പ്രധാനമന്ത്രിയുടെ ഓഫീസിനെ തന്നെ വിവരമറിയിച്ചത്. പക്ഷേ, അവിടെ നിന്ന് നീതി കിട്ടിയില്ല. കുറ്റക്കാര്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്ന സംഭവമാണിത്.
അതുകൊണ്ട് തന്നെയാണ് 28 ലക്ഷം വിദ്യാര്‍ഥികളെ വീണ്ടുമൊരു പരീക്ഷയിലേക്ക് തള്ളിവിടുന്ന ചോര്‍ത്തല്‍ കുറ്റകൃത്യം നടന്നിട്ടും സി ബി എസ് ഇയിലെ ആരെയും ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത്. കുറ്റവാളികള്‍ സി ബി എസ് ഇ ഓഫീസിനുള്ളിലെ ഉന്നത ഉദ്യോഗസ്ഥരാണ്. ചോദ്യങ്ങളും ഉത്തരങ്ങളും ചോര്‍ത്തി മറിച്ചുവില്‍ക്കുന്ന മാഫിയ സംഘവുമായുള്ള അവിശുദ്ധ സഖ്യമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കണ്ണികള്‍. ആ വല മുറിച്ചുമാറ്റാതെ, എത്ര വലിയ പരീക്ഷാ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഫലമുണ്ടാകില്ല. പുനഃപരീക്ഷാ പരിഷ്‌കാരമനുസരിച്ച് ഏപില്‍ 25ന് നടക്കാനിരിക്കുന്ന പരീക്ഷക്കുള്ള ചോദ്യക്കടലാസുകള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് ഇ മെയില്‍ വഴി അയക്കാനുള്ള തീരുമാനത്തില്‍ ചോര്‍ച്ചയുടെ വഴികള്‍ വീണ്ടും ഒളിഞ്ഞിരിപ്പുണ്ട്. കമ്പ്യൂട്ടറുകള്‍ ഇന്‍ന്റര്‍നെറ്റ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളവയാണെങ്കില്‍ ഒരു കമ്പ്യുട്ടറില്‍ അയക്കുന്ന ഇ മെയില്‍ സന്ദേശങ്ങള്‍ മറ്റൊരു കമ്പ്യൂട്ടര്‍ വഴി ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന കാര്യം പ്രധാനമാണ്. അതിനെക്കാളുപരി, ചോദ്യക്കടലാസുകള്‍ തയ്യാറാക്കുന്ന ഉറവിടം ശൂദ്ധമായിരിക്കുമെന്ന് എന്താണ് ഉറപ്പ്?
നിലവിലുള്ള സി ബി എസ് ഇയിലെ ഗവേണിംഗ് ബോഡി അംഗങ്ങളിലുളള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. അവരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ സഹായങ്ങള്‍ ചെയ്താലും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആ സ്ഥാപനത്തെ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.
അപ്പോള്‍ ഒരു ശുദ്ധികലശം ആവശ്യമായിരിക്കുന്നു. പുനഃപരീക്ഷ മാത്രമേ പോംവഴിയുള്ളൂ തല്‍ക്കാലത്തേക്ക് രക്ഷപ്പെടാന്‍ എന്ന് പറയുമ്പോഴും അത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെങ്കില്‍ സി ബി എസ് ഇയിലെ ചോര്‍ത്തല്‍ വിദഗ്ധന്മാരെ പുറത്താക്കാന്‍ കഴിയണം. ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി ശുദ്ധിയാക്കാന്‍ കഴിയണം. അതിനുള്ള ഇച്ഛാശക്തി കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുമോ? അതോ രാജ്യത്തെ സുപ്രധാന മേഖലകളിലെ രഹസ്യങ്ങള്‍ ചോര്‍ത്തപ്പെടുന്നതുപോലെ പരീക്ഷാ ചോദ്യങ്ങളുടെ ചോര്‍ച്ചയും ഒരു സ്ഥിരം പ്രതിഭാസമായി മാറ്റപ്പെടുമോ? രാജ്യത്തിന്റെ രാഷ്ട്രീയ അധികാരശക്തി കൈയാളുന്നയാളുകള്‍ അഗ്നിശുദ്ധി വരുത്തി സ്വയം തെളിയിക്കേണ്ടതാണ് അതിനുള്ള ഉത്തരം.