Connect with us

Articles

ദാരിദ്ര്യം ഒരു കുറ്റമല്ല

Published

|

Last Updated

മഴക്കാലമാണ്. 15 വര്‍ഷമെങ്കിലും മുമ്പായിരിക്കണം. നാട്ടില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍, ഒരാള്‍ ഓടിയും നടന്നുമെന്ന വിധത്തില്‍ മുമ്പില്‍ നിന്ന് കിതക്കുന്നു. കുഞ്ഞിന് പനി വന്നിട്ട് രണ്ട് മാസമായി. നമ്മുടെ ചികിത്സകള്‍ ഫലിക്കുന്നില്ല. ഡോക്ടര്‍മാരെ കാണേണ്ടി വരും. ഞാനൊരു നൂറു രൂപ കിട്ടുമോ എന്ന് നോക്കട്ടെ. അണ്ണന്റെ കൊടും പലിശ സൈക്കിള്‍ ലക്ഷ്യമാക്കിയാണ് ആ കിതപ്പ്. അപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ അടുപ്പ് കെട്ട് പോയിട്ട് എത്ര നാളായിരിക്കണം! ഇതായിരുന്നു എന്റെ ചിന്ത. അന്നാണ് ഒരു അന്നദാന പദ്ധതിയെ കുറിച്ചുള്ള ആലോചന മനസ്സില്‍ വിരിഞ്ഞ് തുടങ്ങിയത്. നാളേറെ കഴിഞ്ഞ് ബദ്‌രിയ്യ റേഷന്‍ പദ്ധതി യാഥാര്‍ഥ്യമായപ്പോള്‍ റേഷന്‍ വാങ്ങാനെത്തിയ ആയിരങ്ങളില്‍ ആ മനുഷ്യനുമുണ്ടായിരുന്നു.

ആറ് പെണ്‍മക്കള്‍ക്കും ചോറും കഞ്ഞിയും തുണിയും കുപ്പായവും ഇത്രയും കാലം ഞാന്‍ നാടന്‍ പണിയെടുത്താണ് കൊടുത്ത് പോന്നത്. ഇനിയും എനിക്കതിന് കഴിഞ്ഞേക്കും. പക്ഷേ, ഒരു ഭര്‍ത്താവിനു പകരം വാപ്പാക്ക് നില്‍ക്കാനാകുമോ? 65 കഴിഞ്ഞ പിതാവിന്റെ ചോദ്യം കേട്ടതോടെ പത്രക്കാരന്റെ നാവൊടിഞ്ഞ് പോയിരിക്കണം. ആറ് പെണ്‍മക്കളില്‍ ഒരുത്തിയെ ആ പിതാവ് കെട്ടിച്ചയച്ചത് പുരയിടം പണയപ്പെടുത്തിയായിരുന്നു. 10 പവന്‍ സ്വര്‍ണവും 50,000 രൂപയും നല്‍കി. ഒരു രാത്രി ഭാര്യയോടൊപ്പം കഴിഞ്ഞ ഭര്‍ത്താവ് ഭാര്യയോട്; നമ്മുടെ ഉപ്പാക്ക് ഇതെന്തു പറ്റി? ഈ ആഭരണമെല്ലാം പഴയ മോഡലാണല്ലോ. ഞാനിതൊന്ന് ജ്വല്ലറിയില്‍ കൊണ്ടുപോയി പുതിയ മോഡലാക്കാം. 10 പവന്റെ ആഭരണങ്ങള്‍ അഴിച്ചുവാങ്ങി പുതുമാരന്‍ ജ്വല്ലറിയിലേക്ക്. പിന്നെ വന്നില്ല. ഒരു രാത്രി മാത്രം നീണ്ടുനിന്ന ദാമ്പത്യം. എന്തിന് തട്ടിപ്പ് കല്യാണത്തിന് നിന്നു കൊടുക്കണമെന്ന പത്രക്കാരന്റെ ചോദ്യത്തിന് ഭര്‍ത്താവിന് പകരം ഉപ്പ മതിയോ എന്ന പിതാവിന്റെ മറു ചോദ്യമുണ്ടായത് അങ്ങനെയാണ്. കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍ മലയോര പ്രദേശളങ്ങളില്‍ ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ദാറുല്‍ ഇസ്‌ലാം അല്‍ ബദ്‌രിയ്യ കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നു. അപൂര്‍ണമെങ്കിലും ഞങ്ങളെടുത്ത കണക്ക് പ്രകാരം ഈ നാലു പഞ്ചായത്തുകളില്‍ 40 യൂനിറ്റുകളില്‍ മാത്രം രണ്ടായിരത്തോളം അര്‍ധ വിധവകളുണ്ട്. ഭര്‍ത്താക്കളാല്‍ ഉപേക്ഷിക്കപ്പെട്ട സാധു സ്ത്രീകള്‍. ഇവരുടെ മക്കള്‍ ലഭ്യമായ കണക്ക് പ്രകാരം ആണും പെണ്ണുമായി ആയിരത്തിലധികവുമുണ്ട്. പിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുരുന്നുകള്‍. ജീവിതം ഒരു ഇരുട്ട് മാത്രമായി ഇവരുടെ മുമ്പില്‍ പല്ലിളിച്ച് നില്‍ക്കുന്നു.
തലമുറകളായി ആ ഇരുട്ട് തന്നെയാണ് കൈമാറപ്പെടുന്നത്. അപൂര്‍വമായ ഒരു പദ്ധതിയെ കുറിച്ച് ആലോചന അങ്ങനെയാണ് തുടങ്ങുന്നത്. ദാമ്പത്യം അകാലത്തു മുറിഞ്ഞു പോയ സഹോദരിമാരുടെ പെണ്‍കുഞ്ഞുങ്ങള്‍ക്കു വേണ്ടിയായിരുന്നു ആ പദ്ധതി. നൂറു പെണ്‍കുട്ടികളെ ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബദ്‌രിയ്യ ഏറ്റെടുത്തു. ബാലികാ സംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം. ഒപ്പം മലയോര ഗ്രാമങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വന്നു നിറയുന്ന ഒരു ശരീഅത്ത് കോളജ്. ബദ്‌രിയ്യ ശരീഅത്ത് കോളജില്‍ ഇപ്പോള്‍ നൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. അവരുടെ വളര്‍ച്ചക്കൊപ്പം ഒരു സ്വപ്‌നം കൂടി വളര്‍ന്ന് വലുതാകുന്നുണ്ട്, തട്ടിപ്പ് കല്യാണങ്ങളുടെ അവസാനമെന്ന ആ വലിയ സ്വപ്‌നം.

പച്ച വാഴ. മുകളില്‍ നിന്നു താഴേക്ക് വലിച്ചു കീറിയ നിലയില്‍ അത് പൊളിഞ്ഞുനില്‍ക്കുന്നത് കണ്ടപ്പോള്‍ സ്‌കോഡ് വര്‍ക്കിനെത്തിയ പ്രവര്‍ത്തകര്‍ കൗതുകത്തോടെ ചോദിച്ചു, ഇതെന്തു സംഭവിച്ചു. ഉമ്മ കുടിലില്‍ നിന്നു പുറത്തിറങ്ങി വന്നു. ഓ! അത് ഇന്നലെ ആന വന്ന് കീറിപ്പൊളിച്ചതാ. രാത്രിയായിരുന്നു. പേരക്കുട്ടി ഉണര്‍ന്ന്് കരഞ്ഞപ്പോള്‍ ഞാന്‍ അവളെ വായ പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു. ഉസ്താദിനോട് ഞങ്ങളെ ഒന്ന് മാറ്റിപ്പാര്‍പ്പിച്ചു തരാന്‍ പറയുമോ?

മലക്ക് മുകളിലാണ് ആ വീട്. ഒരു ചെറ്റക്കുടില്‍. കൊച്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒരു വലിയ കുടുംബം ആനപ്പേടിയില്‍ ദുരിത രാത്രികള്‍ കഴിച്ച് കൂട്ടുന്നു. ഒരു കുടുംബമല്ല, പലകുടുംബങ്ങള്‍, എന്ത് ചെയ്യാം? ഈ അനുഭവമാണ് ഒരു പുനരധിവാസ പദ്ധതിയെ കുറിച്ച് ആലോചനക്ക് നിമിത്തമായത്. മലവെള്ളപ്പാച്ചിലില്‍ വിഷ ജന്തുക്കള്‍ കേറി ഇഴയുന്ന പ്ലാസ്റ്റിക് കുടിലുകള്‍. ഇഴ ജന്തുക്കളെ കുരുന്നു കൈകള്‍ കൊണ്ട് തട്ടിമാറ്റി ഉറക്കത്തിലേക്ക് നൂണ്ടിറങ്ങുന്ന ബാല്യങ്ങള്‍….. ഇവര്‍ക്കൊരു ജീവിതം വേണം. ഒന്നിനുമല്ല. പേടിക്കാതെ ഉറങ്ങാന്‍. പിന്നെ പഠിക്കാന്‍, വളരാന്‍. ഈ ചിന്തയില്‍ നിന്ന് “ബി വണ്‍ സിറ്റി” രൂപം കൊണ്ടു. ഒന്നാം ഘട്ടം 25 ഏക്കര്‍ ഭൂമിയില്‍ വിഭാവനം ചെയ്യപ്പെടുന്ന വിപുലമായ പദ്ധതി. കേരളത്തിലെ മലയോര, തീരദേശ, ചേരി നിവാസികളെ ലക്ഷ്യമാക്കി ഇതാദ്യമായി ഒരു സിറ്റി വരുന്നു. അതിന്റെ മാതൃകാ പ്രൊജക്ടിന്റെ സമര്‍പ്പണമാണ് കാളികാവില്‍ ഇന്ന് നിര്‍വഹിക്കപ്പെടുന്നത്.

മജ്മഇന്റെ പ്രചരണാര്‍ഥമായിരുന്നു ആ യാത്ര. അബൂദബിയില്‍ വെച്ചാണ് ആ പണ്ഡിതനെ പരിചയപ്പെടുന്നത്. നാട്ടില്‍ ദര്‍സ് നടത്തുന്ന പണ്ഡിതനാണ്. ഇവിടെ സന്ദര്‍ശക വിസയില്‍ വന്നിരിക്കുന്നു. കാര്യമന്വേഷിച്ചപ്പോള്‍ നടുങ്ങി. ഒണ്‍പത് പെണ്‍ മക്കളാണ്. രണ്ടെണ്ണത്തിന് വിവാഹമൊത്ത് വന്നിരിക്കുന്നു. ഒരു മുദര്‍രിസ്, രണ്ട് മക്കളുടെ വിവാഹം ഒരുമിച്ച്…. അങ്ങനെയാണ് വിദേശത്തേക്ക് വന്നത്. കടകള്‍ കയറി ഇറങ്ങി നടക്കുന്നു ആ മനുഷ്യന്‍. ഞാന്‍ നിസ്സഹായനായിപ്പോയ നിമിഷങ്ങള്‍. മാന്യമായ ജീവിതം, താമസം, പഠനം? ചോദ്യങ്ങള്‍ മുന്നില്‍ നിന്ന് നിറയുന്നു. ഉലമാ റസിഡന്‍സി രൂപം കൊള്ളുന്നത് ഈ ചോദ്യങ്ങളില്‍ നിന്നായിരുന്നു. ബി. വണ്‍ സിറ്റിയില്‍ ഉലമാ റസിഡന്‍സി യാഥാര്‍ഥ്യമാവുകയാണ്. പണ്ഡിതന്മാര്‍ക്ക് വേണ്ടി ഇതാദ്യമായി ആവിഷ്‌കരിക്കപ്പെടുന്ന വന്‍ പദ്ധതിയാണ് ഉലമാ റസിഡന്‍സി.

ഒരു കര്‍ക്കിടമാസമായിരുന്നു. തുള്ളിമുറിയാതെ മഴ. ഉസ്താദേ, പിന്നില്‍ നിന്ന് വിളികേട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ പരിചയമുള്ള യുവാവ്. ഒരു പണിക്ക് പോയിട്ട് ദിവസങ്ങളായി. വീട്ടില്‍ ഒരു മാര്‍ഗങ്ങളുമില്ല. ഒരു 500 രൂപ വായ്പ തരുമോ? മലയോരങ്ങളില്‍ സാധാരണ കേള്‍ക്കുന്ന വിലാപം. മഴക്കാലം; സ്ത്രീയും പുരുഷനും ഒരുപോലെ പണിക്ക് പോകുന്ന ഗ്രാമങ്ങളില്‍ തൊഴില്‍ രാഹിത്യം വന്ന് നിറയുന്നു. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അരക്ഷിതമായ തൊഴില്‍ അന്തരീക്ഷവും വെല്ലുവിളിയായി നില്‍ക്കുന്നു. ഒരു തൊഴില്‍ പദ്ധതിയെ കുറിച്ച് ആലോചന വരുന്നത് അങ്ങനെയാണ്. മകളായും, ഭാര്യയായും, ഉമ്മയായും. അവളുടെ ശക്തി കുടുംബത്തിന്റെ ശക്തിയായും. ബി വണ്‍ സിറ്റിയില്‍ ഒരു ഫാക്ടറി എന്ന ചിന്ത മൊട്ടിടുന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. രണ്ടായിരത്തോളം സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജോലിയെടുക്കാനും വരുമാനം ഉണ്ടാക്കാനും പറ്റിയ വിധത്തിലാണ് ഫാക്ടറിക്ക് രൂപം നല്‍കുന്നത്. ഒന്നാം ഘട്ടമായി തൊഴിലുകള്‍ പരിശീലിപ്പിക്കാനുള്ള ട്രൈനിംഗ് സെന്ററിന്റെ ശിലാ സ്ഥാപനം ഇപ്പോള്‍ നിര്‍വഹിക്കപ്പെടുകയാണ്. അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി പ്ലാന്‍ ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ആയിരക്കണക്കായ സ്ത്രീ പുരുഷന്മാര്‍ക്കാണ് ഇവിടെ തൊഴില്‍ ലഭിക്കുക.

ബി വണ്‍ സിറ്റി

ഇന്ത്യയില്‍ ദളിത് വിഭാഗത്തിന്റെയും പിന്‍നിരയിലാണ് മുസ്‌ലിം സമുദായത്തിന്റെ സ്ഥാനമെന്ന്‌സച്ചാര്‍ കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളില്‍ ഒന്നാം സ്ഥാനമാണ് മുസ്‌ലിംകളുടേത്. എല്ലാ ജനപഥങ്ങളിലും പിന്നാക്കക്കാര്‍ ഉണ്ട്. പക്ഷേ, മുസ്‌ലിംകള്‍ക്ക് വേണ്ടി ആസൂത്രണങ്ങള്‍ നടക്കുന്നത് തന്നെയും അപര്യാപ്തങ്ങളാണ് എന്ന വ്യത്യാസമുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥ മറ്റെല്ലാ തലങ്ങളെയും ബാധിക്കാറുണ്ട്. പോഷകാഹാരത്തിന്റെ അപര്യാപ്തത, അത് മൂലം സംഭവിക്കുന്ന അനാരോഗ്യം, അത് വിദ്യാഭ്യാസത്തെയും പ്രതിഭാത്വത്തെയും സാരമായി ബാധിക്കുന്ന സാഹചര്യം, ഉയര്‍ന്ന സ്ഥാപനങ്ങളില്‍ നിന്ന് നിലവാരമുള്ള വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളുടെ കുറവ്, ഇതെല്ലാം പിന്നാക്കാവസ്ഥയുടെ കാരണങ്ങളാകാം. സാമുദായിക തലത്തിലോ സര്‍ക്കാര്‍ തലത്തിലോ കൃത്യമായ ആസൂത്രണമില്ല എന്നത് തന്നെയാണ് മുഖ്യ കാരണമായി പറയാവുന്നത്.

കേരളത്തില്‍ മലയോര, ചേരി, കടലോരവാസികള്‍, കോളനിവാസികള്‍ തുടങ്ങിയവരെല്ലാം ഈ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. വിദ്യാഭ്യാസപരമായ ശാക്തീകരണത്തിലൂടെ മാത്രമേ ഇവരെ മുന്നാക്കാവസ്ഥയിലേക്കെത്തിക്കാനാകൂ. ആഹാരവും ആരോഗ്യവും ലഭ്യമാക്കുമ്പോള്‍ മാത്രമേ മുകളില്‍ പറഞ്ഞ ശാക്തീകരണം സാധ്യമാകൂ. ഇതിന് തൊഴില്‍പരവും സാമ്പത്തികവുമായ ശാക്തീകരണം അനിവാര്യമാണ്.

കേരളത്തിലെ മലയോര, ചേരി, തീര ജനതയെ സമുദ്ധരിക്കാനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവന സംരംഭമാണ് ബി വണ്‍ സിറ്റി. മലപ്പുറം ജില്ലയിലെ കാളികാവിലാണ് ഇതിന്റെ ആസ്ഥാനം. വിദ്യാഭ്യാസം, തൊഴില്‍, ഫാമിംഗ്, ചാരിറ്റി ഹോംസ്, സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം, മണി സേവിംഗ് പ്രൊജക്ട്, പെന്‍ഷന്‍ ബിസിനസ് പ്രൊജക്ട് സ്‌പോര്‍ട്‌സ് സ്‌കൂള്‍, ഹോസ്പിറ്റല്‍, സൗജന്യ റേഷന്‍ തുടങ്ങിയ മേഖലകളിലാണ് ഒന്നാം ഘട്ടമായി ഊന്നല്‍ നല്‍കുന്നത്. ഏതാനും പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കിക്കഴിഞ്ഞു. വിദ്യാഭ്യാസ പുനരധിവാസ മേഖലയില്‍ പുതിയ ഒരു കുതിപ്പിന് ബി വണ്‍ സിറ്റി തയ്യാറാവുകയാണ്.

കാളികാവ്, കരുവാരകുണ്ട്, ചോക്കാട്, തുവ്വൂര്‍ എന്നീ മലയോര ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രമാക്കി ഞങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട് 10 വര്‍ഷങ്ങളായി. ഈ ഗ്രാമങ്ങളെ തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. മുകളില്‍ പറഞ്ഞ എല്ലാ അവശതകള്‍ക്കും പുറമെ, വിവാഹ തട്ടിപ്പുകളുടെ കേന്ദ്രസ്ഥാനം കൂടിയായിരുന്നു ഈ മലയോര ഗ്രാമങ്ങള്‍. മൈസൂര്‍ കല്യാണമെന്ന പേരില്‍ കുപ്രസിദ്ധി നേടിയ തട്ടിപ്പിന്റെ ഇരകളായി ആയിരക്കണക്കിന് യുവതികളുണ്ട് ഈ നാട്ടില്‍. പിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് മക്കളും ഈ നാടുകളിലുണ്ട്. ഈ വലിയ ജനവിഭാഗത്തിന്റെ മുമ്പില്‍ ഇരുട്ട് മാത്രമാണുള്ളത്. ഭാവിയെ കുറിച്ചുള്ള ധാരണകളില്ല. ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങളില്ല. വിവാഹപ്രായം കഴിഞ്ഞ് പുര നിറഞ്ഞ് നില്‍ക്കുന്നവരുടെ എണ്ണം‘ഭയപ്പെടുത്തുന്നതാണ്. ദുഃഖകരമായ യാഥാര്‍ഥ്യം, ഇവര്‍ക്ക് വേണ്ടി ഒരു ആസൂത്രണവും നടക്കുന്നില്ല എന്നതാണ്. ഇവിടെ നിന്നാണ് ബി വണ്‍ പ്രൊജക്ട് ആരംഭിക്കുന്നത്. ഇതൊരു പുനരധിവാസ പദ്ധതിയാണ്. സര്‍ക്കാര്‍ അവസാനിപ്പിച്ചിടത്ത് നിന്ന് ഞങ്ങള്‍ ആരംഭിക്കുന്നു. വ്യത്യസ്ത സംരഭങ്ങളെ കുറിച്ച് ആശയം രൂപപ്പെട്ടിരുന്നെങ്കിലും അതെല്ലാം ഒരുമിച്ച് ഒരു സിറ്റിയിലേക്ക് കൊണ്ടുവരുന്നതിന് പ്രചോദനമാകുന്നത് മര്‍കസ് നോളേജ് സിറ്റിയായിരുന്നു. മുസ്‌ലിം കേരളത്തിന് ദിശാബോധം നല്‍കിയ ആ മഹാ പണ്ഡിതന്റെ ധിഷണയാണ് ബിവണ്‍ സിറ്റിയുടെ പ്രചോദനവും ധൈര്യവും.

ഇന്നാണ് സുല്‍ത്വാനുല്‍ ഉലമ ബിവണ്‍ സിറ്റി നാടിനു സമര്‍പ്പിക്കുന്നത്. നാടൊഴുകിയെത്തുന്ന സമര്‍പ്പണ സമ്മേളനത്തിലേക്ക് എല്ലാ മനുഷ്യസ്‌നേഹികളും എത്തിച്ചേരുമെന്ന് പ്രത്യാശിക്കുന്നു, ആഗ്രഹിക്കുന്നു.

 

Latest