Connect with us

Socialist

സുന്നികളുടെ വിദ്യാഭ്യാസ കച്ചവടം കണ്ടിട്ടില്ലേല്‍ വരൂ

Published

|

Last Updated

മുസ്‌ലിം സമുദായത്തെ മുന്‍ നിറുത്തിയുള്ള വിദ്യാഭ്യാസ കച്ചവടത്തിന്റെ നേര്‍ ചിത്രമാണ് കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകളിലൂടെ പുറതുവരുന്നത്. പ്രമുഖ വഹാബി നേതാവും കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറിയായ ഉണ്ണീന്‍ കുട്ടി മൗലവിയാണ് കരുണ മെഡിക്കല്‍ കോളേജിന്റെ മുതലാളി. മുസ്‌ലിം ലീഗ് നേതാക്കളും അനുഭാവികളുമായ അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെയും മക്കളുടെയും മരുമക്കളുടെയും നേതൃത്വത്തിലുള്ള പ്രസ്റ്റീജ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്. ഇവരുടെ സ്വന്തക്കാരനായ ഡോ . എം. എ ഹാഷിമാണ് ഡയറക്ടര്‍. സര്‍ക്കാരിന്റെയും മെഡിക്കല്‍ കൗണ്‍സിലിന്റേയും ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വിദ്യാര്‍ഥികളില്‍ നിന്നും വന്‍ തുക പണംവാങ്ങി അഡ്മിഷന്‍ നല്‍കിയത് ക്രമപ്പെടുത്താന്‍ പ്രതിപക്ഷ സംഘടനകളുടെ കൂടി പിന്‍ബലത്തോടെ സര്‍ക്കാര്‍ നടത്തിയ ശ്രമം സുപ്രിം കോടതി ഇടപെടലിലൂടെ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണല്ലോ.

ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും സംവരണ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ തനി വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളാണിതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പാലക്കാട് ജില്ലയില്‍ മുജാഹിദ് നേതാവായ ഉണ്ണീന്‍ കുട്ടി മൗലവി നടത്തുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഇപ്പോഴെന്നല്ല, സമീപ ഭാവിയില്‍ പോലും എത്തിപ്പിടിക്കാന്‍ പറ്റാത്ത അകലത്തിലാണ്. അത്രയും കനത്ത തുക ഈടാക്കിയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സലഫി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കരുണ മെഡിക്കല്‍ കോളേജിനു വേണ്ടി മുജാഹിദുകാരനായ പി കെ ബഷീര്‍ എം എല്‍ എ നിയമസഭയില്‍ നിലവിളിച്ചതും, വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് പഴയ മടവൂര്‍ വിഭാഗം എം എസ് എം കാര്‍ പ്രമേയം പാസ്സാക്കിയതും സലഫികളിലെ പുതിയ സംഘടനാ ചേരിതിരുവുകളുടെ പ്രതിഫലനം കൂടിയാവണം. അഞ്ചരക്കണ്ടിയിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. സമുദായത്തിന്റെ പേരില്‍ തീവെട്ടിക്കൊള്ളയാണ് മുസ്‌ലിം ലീഗ് അനുഭാവികളും നേതാക്കളും നടത്തിപ്പുകാരായ പ്രസ്റ്റീജ് ട്രസ്റ്റിലും നടക്കുന്നത്. പക്ഷേ ഈ വിദ്യാഭ്യാസ കച്ചവടമെല്ലാം വിദഗ്ദമായി മറച്ചുവെക്കാനും രാഷ്ട്രീയ കക്ഷി ഭേദമന്യേ പിന്തുണ ഉറപ്പിക്കാനും ഇക്കൂട്ടര്‍ക്ക് കഴിയുന്നു. മാത്രമല്ല, തങ്ങളുടെ വിദ്യാഭ്യാസ കച്ചവടം മറച്ചുവെക്കാന്‍ ഈ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പോലുള്ളവരുടെ പേര് വലിച്ചിഴച്ചു കൊണ്ടുവന്നു ഈ കോളേജുകളുടെ യഥാര്‍ഥ നടത്തിപ്പുകാരും അവരുടെ താല്പര്യവും എന്താണെന്ന കാര്യം മറച്ചുവെക്കാന്‍ വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കുകയാണ് പല മാധ്യമങ്ങളും ചെയ്യുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ താല്പര്യ പ്രകാരമാണ്, കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജിന് പിന്നില്‍ കാന്തപുരം വിഭാഗമാണെന്നുള്ളതും പരസ്യമായ രഹസ്യമാണ് എന്നൊക്കെയുള്ള വാര്‍ത്തകള്‍ വരുന്നതെങ്ങിനെയാണ്.

കേരളത്തിലെ വിവിധ മത സാമൂഹിക വിഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കുറവ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് സുന്നികള്‍ ആണ്. കുറവ് എന്നു പറഞ്ഞാല്‍ അത്തരത്തിലുള്ള ആകെ പത്തു സ്ഥാപനങ്ങള്‍ പോലും സുന്നികള്‍ നടത്തുന്നില്ല. ഒരു അണ്‍ എയ്ഡഡ് എന്‍ജിനീയറിങ് കോളേജു പോലുമില്ല. ഇപ്പോള്‍ ആരംഭിച്ച യുനാനി മെഡിക്കല്‍ കോളേജ് ഒഴികെ മറ്റൊരു മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനവും സുന്നികള്‍ നടത്തുന്നുമില്ല. പിന്നെയുള്ളത് പത്തില്‍ താഴെ വരുന്ന ആര്‌സട് ആന്‍ഡ് സയന്‍സ് കോളേജിലും ഒരു ലോ കോളേജുമാണ്. എയ്ഡഡ് കോളേജുകളുടെയും സ്‌കൂളുകളുടെയും കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നികള്‍ക്ക് സര്‍ക്കാര്‍ ഇതുവരെയും ഒരു എയ്ഡഡ് കോളേജ് പോലും അനുവദിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ എത്രപേര്‍ അതു വിശ്വസിക്കും? ഇവര്‍ നടത്തുന്ന എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം ശത്രുക്കള്‍ കരുതുന്ന എണ്ണത്തിന്റെ നാലയലത്തു പോലും വരില്ലെന്നറിയാന്‍ ഒരു ആര്‍ ടി ഐ അപേക്ഷ ഫയല്‍ ചെയ്യുകയല്ലേ വേണ്ടൂ. സുന്നികളുടെ സംഭാവനകളിലൂടെ കണ്ടെത്തുന്ന വരുമാനങ്ങളിലൂടെ നടത്തുന്ന സ്ഥാപനങ്ങള്‍, അതില്‍ തന്നെ ഭൂരിഭാഗവും പാവപ്പെട്ടവര്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നവ. ലാഭം എന്നതു പോയിട്ട് ലാഭത്തിന്റെ അരികത്തൂടെ പോകുന്ന ഒരു സ്ഥാപനം പോലും സുന്നികള്‍ക്കില്ല. അങ്ങിനെയൊന്നുണ്ടെന്നു തെളിയിക്കാന്‍ ശത്രുക്കള്‍ക്കു പോലും കഴിയില്ല. ഏതെങ്കിലും ചെറിയ വരുമാനമുള്ള സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ആ വരുമാനം പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിനു മാറ്റി വെക്കുന്നു. ദൈനം ദിന നടത്തിപ്പിനുവേണ്ടി കനത്ത സാമ്പത്തിക ബാധ്യത നേരിടാത്ത ഒരു സുന്നി വിദ്യാഭ്യാസ സ്ഥാപനം പോലും ഉണ്ടാവില്ല. സുന്നികള്‍ അവരുടെ അഭിമാന സ്ഥാപനമായി കരുതുന്ന മര്‍കസ് തന്നെ കോടിക്കണക്കിനു കട ബാധ്യതയിലാണ്. ഈ പ്രതിസന്ധികളൊക്കെയും മറികടന്നാണ് സുന്നികള്‍ വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ കാണുന്ന മാറ്റം ഉണ്ടാക്കിയെടുത്തത് എന്നത് അത്ഭുതകരമായി തോന്നുന്നു.

രസകരമായ വസ്തുത അതൊന്നുമല്ല. വിദ്യാഭ്യാസ രംഗത്ത് സുന്നികള്‍ അനുഭവിക്കേണ്ടി വന്ന ഈ പരാധീനതകളുടെയും വഞ്ചനയുടെയും മറു ഭാഗത്തുള്ളത് മുസ്‌ലിം ലീഗും മുജാഹിദുകളുമാണ് എന്നതാണ് വസ്തുത. കേരളത്തില്‍ ആദ്യമായി സുന്നികള്‍ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ഇക്കൂട്ടര്‍ തോല്‍പ്പിച്ച കഥ പ്രശസ്തമാണല്ലോ. എന്നാല്‍ അതേ വിഭാഗങ്ങള്‍ ഇപ്പോള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിനു മറപിടിക്കാന്‍, ആ വഞ്ചനയുടെ ഇരയായ സുന്നികളെയും കാന്തപുരത്തെയും തന്നെ വലിച്ചിടുന്ന യുക്തി എന്തായിരിക്കും? ഇതൊന്നും ഒന്നന്വേഷിക്കുക പോലും ചെയ്യാതെ, ലീഗിനും മുജാഹിദുകള്‍ക്കും വേണ്ടി വാര്‍ത്ത പടക്കുന്ന മാധ്യമങ്ങള്‍/മാധ്യമ പ്രവര്‍ത്തകര്‍ ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ വഹിക്കുന്ന പങ്കെന്തായിരിക്കും? കേരളത്തില്‍ (പുറത്തും) കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച്, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം, വസ്തുതകളുടെ അടിസ്ഥാനത്തില്‍, തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ എഴുതാന്‍ തയ്യാറുള്ള എത്ര മാധ്യമ പ്രവര്‍ത്തകരുണ്ടാകും? അത്തരം ആളുകള്‍ക്ക് വേണ്ടി സുന്നി സ്ഥാപനങ്ങള്‍ അവരുടെ വാതിലുകള്‍ തുറന്നിടുക തന്നെ ചെയ്യും എന്നാണു, അത്തരം സ്ഥാപാപങ്ങളില്‍ ദീര്‍ഘ കാലം പഠിച്ച ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ എന്റെ അനുഭവവും വിശ്വാസവും.

മാതാ അമൃതാനന്ദ മയി മുതല്‍ ഉണ്ണീന്‍ കുട്ടി മൗലവി വരെയുള്ള വരുടെ വിദ്യാഭ്യാസ കച്ചവടം അന്വേഷിക്കാനോ ആര്‍ജ്ജവത്തോടെ റിപ്പോര്‍ട്ട് ചെയ്യാനോ തയ്യാറാകാതെ സുന്നികളുടെ ഇല്ലാത്ത വിദ്യാഭ്യാസ കച്ചവടത്തെ കുറിച്ചുള്ള ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ താല്പര്യം ആത്യന്തികമായി വിദ്യാഭ്യാസ കച്ചവടം പൊടിപൊടിപ്പിക്കല്‍ അല്ലാതെ മറ്റെന്താണ്?

Latest