Articles
രാപ്രയാണത്തിന്റെ ഓര്‍മക്കായ്
റജബ് വിശ്വാസികളുടെ ആവേശമാണ്. റജബ് ഇരുപത്തി ഏഴ് ചരിത്ര യാത്രയുടെ സ്മരണ പുതുക്കലും. വെറും ഒരു സ്മരണ എന്നതിനപ്പുറം സൃഷ്ടാവ് മനുഷ്യകുലത്തെ പ്രത്യേകം ആദരിക്കാന്‍ തിരഞ്ഞെടുത്ത ദിവസം കൂടിയാണിത്. അശ്‌റഫുല്‍ ഖല്‍ഖിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ രണ്ടു സംഭവങ്ങളാണ് ഇസ്‌റാഉം മിഅ്‌റാജും. മക്കയില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള അശ്‌റഫുല്‍ഖല്‍ഖിന്റെ നിശാപ്രയാണമാണ് ഇസ്‌റാഅ്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഇസ്‌റാഇന്റെ ആദ്യ സൂക്തത്തിലൂടെ അല്ലാഹു ഇത് വ്യക്തമാക്കിയതുമാണ്. ആകാശാരോഹണത്തിനാണ് മിഅ്‌റാജ് എന്ന് പറയുന്നത്. ബൈത്തുല്‍ മുഖദ്ദസില്‍ നിന്നുള്ള ഹബീബിന്റെ തുടര്‍യാത്ര; യാത്രയും യാത്രക്കിടയിലുണ്ടായ സംഭവ വികാസങ്ങളും നിരവധിയാണ്.
ഇസ്‌റാഉം മിഅ്‌റാജും കഴിഞ്ഞ് ലോകത്ത് ഒരു സൃഷ്ടിയും അനുഭവിച്ചിട്ടില്ലാത്ത ദിവ്യദര്‍ശനം നഗ്ന നേത്രങ്ങളെകൊണ്ട് ദര്‍ശിച്ച് മടങ്ങുമ്പോള്‍ അല്ലാഹു അശ്‌റഫുല്‍ഖല്‍ഖിനും ഉമ്മത്തിനും നല്‍കിയ സമ്മാനമാണ് അഞ്ച് വഖ്ത്ത് നിസ്‌കാരം. റജബ് എന്ന പദത്തിന്റെ ഒരര്‍ഥം തന്നെ നോക്കൂ നിങ്ങള്‍; ആദരിക്കല്‍. നമുക്ക് കിട്ടിയ ആദരവിന്റെ സ്മാരക ദിനമാണ് റജബ് ഇരുപത്തി ഏഴാം രാവ്. നിങ്ങള്‍ക്ക് കിട്ടിയ അനുഗ്രഹങ്ങളെ നിങ്ങള്‍ പ്രഘോഷണം ചെയ്യണമെന്നത് വിശുദ്ധ ഖുര്‍ആനിന്റെ വചനമാണ്. പിന്നെയെങ്ങനെ വിശ്വാസിയുടെ ജീവിതത്തില്‍ റജബിനും റജബ് ഇരുപത്തി ഏഴിനും പവിത്രതയില്ലാതിരിക്കും? ചിന്തിക്കുന്നവര്‍ക്ക് റജബിന് അതിന്റെ മഹത്വം വകവെച്ചു നല്‍കാതിരിക്കാനാവില്ല.
റജബിന്റെ ആദ്യാക്ഷരമായ റാഅ് അല്ലാഹുവിന്റെ റഹ്മത്തിലേക്കും(കാരുണ്യം) രണ്ടാമത്തെ അക്ഷരമായ ജീമ് അല്ലാഹുവിന്റെ ഔദാര്യത്തിലേക്കും(ജവാദുള്ള) മൂന്നാമത്തെ അക്ഷരമായ ബാഅ് അല്ലാഹുവിന്റെ ഗുണത്തി(ബിര്‍റുള്ള)ലേക്കുമാണ് സൂചിപ്പിക്കുന്നതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയതായി കാണാം.
റജബിന്റെ പവിത്രതകള്‍ അനവധിയാണ്. റജബ് ഇരുപത്തി ഏഴ് ഈ മാസത്തിന്റെ ഏറ്റവും വലിയ പവിത്രതകളില്‍ ഒന്നാണ്. മിഅ്‌റാജ് ദിനമായ റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ടെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ ഹദീസിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകപ്രശസ്ത പണ്ഡിതനും അഞ്ചാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവുമായ ഇമാം ഗസ്സാലി തന്റെ വിശ്വവിഖ്യാതമായ ഗ്രന്ഥം ഇഹ്‌യാ ഉലൂമുദ്ദീനില്‍ അബൂഹുറൈറ(റ)വിനെ തോട്ട് ഹദീസ് നിവേദനം: ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പ് അനുഷ്ഠിച്ചാല്‍ അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലം അവനു നല്‍കപ്പെടും. ഇതുപോലെ നിരവധി പണ്ഡിതര്‍ റജബ് ഇരുപത്തി ഏഴിന് പവിത്രത കല്‍പ്പിച്ചതായി കാണാം. റജബും ശഅ്ബാനും റമസാനുള്ള മുന്നോരുക്കത്തിനുള്ള സമയമാണ്. ഇബ്‌നു അബ്ബാസ് (റ)വില്‍ നിന്ന് ഒരു ഹദീസ്: നബി(സ)പറഞ്ഞു: റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമസാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്. അഥവാ ഈ മൂന്ന് മാസങ്ങള്‍ക്കും അതിന്റേതായ പവിത്രതകളുണ്ട്. റമസാനിനെ സ്വീകരിക്കാന്‍ അല്ലാഹു നമുക്ക് നല്‍കിയ മുന്നൊരുക്ക സമയമാണ് റജബും ശഅ്ബാനും. റജബ് വിത്തിടാനും ശഅ്ബാന്‍ ജലസേചനത്തിനും റമസാന്‍ കൊഴ്ത്തിനുമുള്ള സമയമാണ് എന്ന പണ്ഡിത ഭാഷ്യത്തോട് നീതി പുലര്‍ത്തണമെങ്കില്‍ കഴിഞ്ഞ റമസാനിലെ നമ്മുടെ പാകപ്പിഴവുകളെ പരിഹരിക്കാനും ഖളാഉണ്ടെങ്കില്‍ വീട്ടാനും ഫിദ്‌യ ഉള്ളവരും മറ്റും അതു നല്‍കുവാനുമെല്ലാം ഈ രണ്ടു മാസങ്ങളെ ഉപയോഗപ്പെടുത്തണം. കഴിഞ്ഞ കാലങ്ങളിലെ റമസാനിനോട് നീതി പുലര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടില്ലെങ്കില്‍ ഈ റമസാനെങ്ങനെ സന്തോഷത്തോടെ നമ്മിലേക്ക് കടന്നുവരും. അതുകൊണ്ട് റജബില്‍ നിന്ന് ഇനിയുള്ള ദിനങ്ങളും ശഅ്ബാനും റമസാനിനെ ധന്യമാക്കാനുള്ള ശ്രമങ്ങളായിരിക്കട്ടെ.