Connect with us

Kerala

സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ബുധനാഴ്ച്ച മഅ്ദിന്‍ ക്യാമ്പസില്‍

Published

|

Last Updated

മലപ്പുറം: സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും. ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ക്ലാസെടുക്കും. ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍, സംസ്ഥാന ഹജ്ജ് കോ ഓര്‍ഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ ബി മൊയ്തീന്‍കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനര്‍ മുജീബ്‌റഹ്മാന്‍ വടക്കേമണ്ണ സംബന്ധിക്കും.

ഹജ്ജ്, ഉംറ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. ലഗേജ്, കുത്തിവെപ്പ്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ്, തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. മഅ്ദിന്‍ ക്യാമ്പസിലെ പ്രധാന ഗ്രൗണ്ടില്‍ വിശാലമായ പന്തല്‍ നിര്‍മാണം പൂര്‍ത്തിയായി. ഹാജിമാര്‍ക്ക് സേവനത്തിന് പ്രത്യേക ഹെല്‍പ് കൗണ്ടറും തുറന്നിട്ടുണ്ട്. വൈകുന്നേരം മൂന്നിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥന നടക്കും. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 9645600072, 9744748497.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബശീര്‍ സഅദി, ജന. കണ്‍വീനര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, കോ ഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി, കണ്‍വീനര്‍മാരായ അബ്ദുല്‍ വഹാബ് എരഞ്ഞിമാവ്, അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ് പങ്കെടുത്തു.

Latest