Connect with us

Kerala

സയ്യിദ് ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ അമേരിക്കന്‍ നോളജ് ഹണ്ടിന് തുടക്കം

Published

|

Last Updated

മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായുള്ള യു.എസ് നോളജ് ഹണ്ടിനെത്തിയ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍

ന്യൂയോര്‍ക്ക്: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായുള്ള ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അമേരിക്കന്‍ നോളജ് ഹണ്ട് ആരംഭിച്ചു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ബോസ്റ്റണ്‍, ന്യൂജേഴ്‌സി, അറ്റ്‌ലാന്റ, ഫ്‌ളോറിഡ, സാന്‍ഫ്രാന്‍സിസ്‌കൊ, ലോസാഞ്ചല്‍സ് എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും.

ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ബുധനാഴ്ച യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍, വംശഹത്യാ വിപാടനത്തിനായുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ് അദാമ ഡീംഗിന്റെ ഓഫീസ് എന്നിവ സംഘടിപ്പിക്കുന്ന വേദികളോടെ നോളജ് ഹണ്ടിന് ഔദ്യോഗിക തുടക്കമാവും. വാഷിംഗ്ടണില്‍ നെറ്റ്‌വര്‍ക്ക് ഓഫ് റിലിജിയസ് പീസ്‌മേക്കേഴ്‌സ്, ഷെങ്‌ഹെ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍, ഇബ്‌നു അറബി സൊസൈറ്റി എന്നിവര്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബെര്‍കിലിയില്‍ ശൈഖ് ഹംസ യൂസുഫിന്റെ നേതൃത്വത്തിലുള്ള സൈതൂന കോളേജ്, അറ്റ്‌ലാന്റയിലെ മദീന ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് സ്വീകരണം നല്‍കും.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹാര്‍വാഡ്, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റികള്‍ എന്നിവ സന്ദര്‍ശിക്കുന്ന ഖലീല്‍ തങ്ങള്‍ സാള്‍ട്ടലൈക് സിറ്റിയിലെ ബി.വൈ.യു യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ത്രിദിന മത സൗഹൃദ സന്ദര്‍ശന പരിപാടിയില്‍ പ്രത്യേക അതിഥിയായി സംബന്ധിക്കും.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ ഖലീല്‍ തങ്ങള്‍ക്ക് മലയാളി പ്രതിനിധികള്‍ സ്വീകരണം നല്‍കി. ഹനീഫ എരണിക്കല്‍, മൂസ നെച്ചികാട്, നൗഫല്‍ ന്യൂജേഴ്‌സി, ഷിഹാബ് ന്യൂജേഴ്‌സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഅ്ദിന്‍ അന്താരാഷ്ട്ര പഠന വിഭാഗത്തിലെ ഡോ. അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി, അജീബ് കൊമാച്ചി എന്നിവരും മഅ്ദിന്‍ പ്രതിനിധി സംഘത്തിലുണ്ട്.

ഡിസംബര്‍ 27 മുതല്‍ 30 വരെ മലപ്പുറത്ത് നടക്കുന്ന വൈസനിയം സമ്മേളനത്തോടനുബന്ധിച്ചുള്ള ഇബ്‌നു ബത്തൂത്ത അന്താരാഷ്ട്ര സമ്മേളനം, ഇന്റര്‍ഫൈത്ത് കോണ്‍ഫറന്‍സ്, അക്കാദമിക് സമ്മേളനം എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളും മഅ്ദിന്‍ അക്കാദമിയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്കായുള്ള സന്ദര്‍ശനങ്ങളുമാണ് നോളജ് ഹണ്ടിന്റെ ഭാഗമായി നടക്കുക.