Kerala
ദൃശ്യ ചാരുതയില്‍ പൂര നഗരി
തൃശൂര്‍: ഏഴര വെളുപ്പിന് വടക്കുംനാഥ ക്ഷേത്രത്തില്‍ കതിന വെടി മുഴങ്ങി. തുടര്‍ന്ന് കണിമംഗലം ശാസ്താവിന്റെ രാജകീയ പരിവേഷത്തോടെയുള്ള എഴുന്നള്ളത്ത്. പിറകെ നെറ്റിപ്പട്ടം കെട്ടിയ കരിവീരന്‍മാര്‍ അണിനിരന്നുള്ള, വടക്കുംനാഥന് മുന്നിലെ ഘടക പൂരങ്ങളുടെ ഒത്തുചേരല്‍. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മഠത്തില്‍ വരവ്. ഇലഞ്ഞിത്തറയില്‍ മണ്‍തരികളെ പോലും തുള്ളിച്ച് പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന പാണ്ടി മേളം. വെണ്‍ചാമരവും ആലവട്ടവുമായി ഗാംഭീര്യത്തോടെ നിലയുറപ്പിച്ച എഴുപതിലേറെ കൊമ്പന്മാര്‍. നഗരത്തില്‍ സാഗരം തീര്‍ത്ത് പരന്നൊഴുകിയ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ കൈകളില്‍ നിന്ന് കൈകളിലേക്ക് മാറിയ വര്‍ണക്കുടകളുടെ വിരുന്ന്. ആഘോഷത്തിന്റെ പാരമ്യതയില്‍ വെടിമരുന്ന് നീലവാനില്‍ വിരിയിച്ച വിസ്മയം. പൂരപ്രേമികളുടെ ഹൃദയത്തില്‍ അവിസ്മരണീയമായ ഒരേടു കൂടി സമ്മാനിച്ച് തൃശൂരിന്റെ പ്രിയ പൂരം പൂത്തുലഞ്ഞു.
രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് വടക്കുംനാഥന്‍ ശ്രീമൂല സ്ഥാനത്തേക്ക് എഴുന്നള്ളിയതോടെയാണ് ലോകമാകെ പുകഴ്‌പെറ്റ തൃശൂര്‍ പൂരത്തിന് തുടക്കമായത്. രാവിലെ തന്നെ പൂരങ്ങളുടെ പൂരത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തൃശിവപേരൂരുകാര്‍ നഗരവീഥികള്‍ കൈയടക്കി ഒഴുകിത്തുടങ്ങി. വിദേശികളടക്കമുള്ള പുറംനാട്ടുകാര്‍ ഇതിലേക്ക് ചേര്‍ന്നതോടെ രൂപപ്പെട്ടത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനപ്രളയം.
രാവിലെ 11.30ന് തിരുവമ്പാടി ഭഗവതിയുടെ പ്രശസ്തമായ മഠത്തില്‍ വരവുമായി ബന്ധപ്പെട്ട പഞ്ചവാദ്യം ആസ്വദിക്കാന്‍ ഒരേ മനസ്സും ഒരേ താളവുമായി എത്തിയത് ആയിരങ്ങള്‍. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തില്‍ 17 വീതം തിമിലയും കൊമ്പും ഒമ്പത് മദ്ദളവും നാല് ഇടക്കയും താളവാദ്യ കലാകാരന്മാരും ചേര്‍ന്നാണ് പഞ്ചവാദ്യമൊരുക്കിയത്. പതിനഞ്ച് ആനകളുമായി ഉച്ചക്ക് 12 ഓടെ പുറത്തേക്ക് എഴുന്നള്ളിയ പാറമേക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലെ കുഞ്ഞിലഞ്ഞി ചുവട്ടില്‍ ഇലഞ്ഞിത്തറ മേളത്തിന് എത്തിച്ചേര്‍ന്നത് ഉച്ചക്ക് ശേഷം 2.45ന്. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണ്യത്തില്‍ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറിയപ്പോള്‍ ജനസാഗരം ആവേശത്തിന്റെ കൊടുമുടിയിലായി. ഇതിനിടയില്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ തിരുവമ്പാടി ഭഗവതി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂല സ്ഥാനത്തേക്ക് എഴുന്നള്ളി. അവിടെയും സൂചി കുത്താന്‍ ഇടമില്ലാത്ത വിധമുള്ള ജനക്കൂട്ടം.
അഞ്ചരയോടെ തെക്കേ ഗോപുര നടക്ക് മുമ്പില്‍ കൂടിക്കാഴ്ചക്കായി തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഗജരാജന്മാര്‍ നിലയുറപ്പിച്ചു. ലോകത്തെ പത്ത് ദൃശ്യവിസ്മയങ്ങളില്‍ ഒന്നായി യുനെസ്‌കോ സാക്ഷ്യപ്പെടുത്തിയ, അമ്പതോളം വര്‍ണക്കുടകളുടെ ദ്രുതഗതിയിലുള്ള മഴവില്‍ മാറ്റങ്ങളായിരുന്നു പിന്നീട്. രാത്രി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ പരയ്ക്കാട് തങ്കപ്പന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യവും പൂരത്തിന് കൊഴുപ്പേകി.