Connect with us

Kerala

സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് ദേശിംഗനാട്ടില്‍ ചെങ്കൊടി ഉയര്‍ന്നു

Published

|

Last Updated

കൊല്ലം: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന സി പി ഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ദേശിംഗനാട്ടില്‍ ചെങ്കൊടി ഉയര്‍ന്നു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ (സി കെ ചന്ദ്രപ്പന്‍ നഗര്‍) നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി സി പി ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഢ്ഡിയാണ് 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ത്തിയത്. കൈയൂരില്‍ നിന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അഞ്ജാന്‍ കൈമാറി.

ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ ആര്‍ ചന്ദ്ര മോഹനന്റെ നേതൃത്വത്തിലാണ് കൊടിമരം എത്തിയത്. വയലാറില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം പി പ്രസാദിന്റെ നേതൃത്വത്തില്‍ ദീപശിഖയും എത്തി. കൊടിയുയര്‍ത്തലിന് ശേഷം പന്തളം ബാലന്റെ ഗാനോപഹാരത്തോടെ സാംസ്‌കാരിക സന്ധ്യ ആരംഭിച്ചു. തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനം പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ വിനയന്‍ അധ്യക്ഷത വഹിച്ചു. കെ പി എ സിയുടെ നാടകവും അരങ്ങേറി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന പുതുച്ചേരിയില്‍ നിന്ന് ദേശീയ കൗണ്‍സില്‍ അംഗം ആര്‍. വിശ്വനാഥന്‍ കൊണ്ടുവരുന്ന പതാക ഇന്ന് രാവിലെ പ്രതിനിധിസമ്മേളനം നടക്കുന്ന എ ബി ബര്‍ധന്‍ നഗറില്‍ (ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍) എത്തിക്കും. തുടര്‍ന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗവുമായ സി എ കുര്യന്‍ പതാക ഉയര്‍ത്തും.

11ന് ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഢ്ഡി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ദേബബ്രത ബിശ്വാസ്, ആര്‍ എസ് പി നേതാവ് ക്ഷിതി ഗോസ്വാമി, എസ് യു സി ഐ നേതാവ് പ്രൊവാഷ് ഘോഷ്, സി പി ഐ- എം എല്‍ നേതാവ് ദിപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ ഇടതുപക്ഷ ദേശീയനേതാക്കള്‍ പങ്കെടുക്കും.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കാനം രാജേന്ദ്രന്‍ സ്വാഗതവും ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ നന്ദിയും പറയും. വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനത്തില്‍ കരടു രാഷ്ര്ടീയ പ്രമേയവും, കരട് രാഷ്ര്ടീയ റിവ്യൂ റിപ്പോര്‍ട്ടും, കരട് സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിക്കും.

ഫാസിസത്തിനെതിരെ ഒന്നിച്ച്
പോരാടണം: പെരുമാള്‍ മുരുകന്‍

കൊല്ലം: ഫാസിസത്തിനെതിരെ എല്ലാവരും ഒന്നിച്ച് പോരാടണമെന്ന് പെരുമാള്‍ മുരുകന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന് മലയാളികള്‍ നല്‍കി വരുന്ന പിന്തുണ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന കലാ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആടാനും പാടാനും ചിന്തിക്കാനും പ്രതിരോധിക്കാനുമുള്ള അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ കലാകാരന്മാര്‍ സംഘടിക്കേണ്ടത് അനിവാര്യമാണ്. ജാതിമത വര്‍ഗീയ ശക്തികള്‍ ഭരണകൂട പിന്തുണയോടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നന്മകളെല്ലാം തച്ചുടക്കാന്‍ ശ്രമം നടത്തുന്നു. കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉണര്‍ന്നെണീക്കേണ്ട കാലമാണിതെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍, ചലച്ചിത്ര അവാര്‍ഡ് നേടിയ സംവിധായകന്‍ വി സി അഭിലാഷ് എന്നിവരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചലച്ചിത്ര സംവിധായകന്‍ വിനയന്‍, വള്ളിക്കാവ് മോഹന്‍ദാസ്, ആര്‍ എസ് അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest