Connect with us

Kerala

വിഭാഗീയത അര്‍ബുദമായി; കേഡര്‍ സംവിധാനത്തില്‍ വീഴ്ച

Published

|

Last Updated

സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിഭാഗീയത പാര്‍ട്ടി കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ച വരുത്തിയെന്ന് സി പി ഐ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശം. രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന പേരില്‍ വിഭാഗീയത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ പോലും നിര്‍ജീവമാക്കുന്ന തരത്തില്‍ വിഭാഗീയത അര്‍ബുദമായി മാറി.

വിഭാഗീയത യാഥാര്‍ഥ്യമാണ്. എന്നാല്‍, ഇത് മറച്ചുവെക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. വിഭാഗീയതയെ ബുദ്ധിപൂര്‍വം രാഷ്്ട്രീയമായ അഭിപ്രായഭിന്നതയുടെ മൂടുപടം അണിയിക്കുകയാണ്. നയപരമായ ഭിന്നതയാണ് കാരണമെങ്കില്‍ വിഭാഗീയത രാഷ്ട്രീയ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും.

എന്നാല്‍, സ്വാര്‍ഥതാത്പര്യങ്ങളാണ് കാരണമെങ്കില്‍ പരിഹാരം സാധ്യമല്ല. കേന്ദ്രീകൃത ജനാധിപത്യത്തിന്റെ തത്വങ്ങള്‍ പ്രയോഗിക്കുകയാണ് വിഭാഗീയതയെന്ന അര്‍ബുദം ഭേദമാക്കാനുള്ള മികച്ച മരുന്നെന്നും സി പി ഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിഭാഗീയത ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂടെ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി ക്ഷയിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് ഇപ്പോഴും അറിയില്ലെന്ന് വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് ജയിക്കുന്നതില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതില്‍ പാര്‍ട്ടി പരാജയമാണെന്നും പറയുന്നു. തിരഞ്ഞെടുപ്പ് അടുത്താല്‍ ചെറിയ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തും. കവലകളിലും കോര്‍ണര്‍ യോഗങ്ങള്‍ നടത്തും. രണ്ടും മൂന്നും ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ പത്തോ ഇരുപതിനായിരമോ ലഘുലേഖകള്‍ വിതരണം ചെയ്ത് ജനം വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മനോഭാവം മാറണമെന്നും സി പി ഐ സംഘടനാ റിപ്പോര്‍ട്ട് പറയുന്നു.

നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നത്. അഹംഭാവവും പദവി മോഹവും നേതാക്കളെ അണികളില്‍ നിന്ന് അകറ്റുന്നു. ചില നേതാക്കള്‍ ദ്വീപ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവരെ ചോദ്യം ചെയ്യാന്‍ പോലും സാധാരണ പാര്‍ട്ടി സഖാക്കള്‍ക്ക് ഭയമാണ്. പാര്‍ട്ടിക്കകത്ത് തുറന്ന ചര്‍ച്ചകളും വിമര്‍ശങ്ങളും ഇല്ലാതാകുന്നു. കേഡര്‍മാര്‍ ഇല്ലാതാകുന്ന അവസ്ഥ നേതൃത്വത്തിന്റെ വീഴ്ചയാണ്. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കുന്നുവെന്നും സ്ത്രീധനം വാങ്ങുന്ന പ്രവണതപോലും അംഗങ്ങള്‍ക്കിടയിലുണ്ടെന്നും റിപ്പോര്‍ട്ട് സ്വയം വിമര്‍ശനം നടത്തുന്നു. പാര്‍ട്ടിയുടെ പലവിധങ്ങളായ ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള തുറന്ന സ്വയംവിമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്.