Articles
നവലോകം, നവ ചുവടുകള്‍
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് നായകത്വം വഹിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന മുഖമാണ് കേരള മുസ്‌ലിം ജമാഅത്ത്. പണ്ഡിതര്‍ക്കൊപ്പം ബഹുജനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന ബൃഹത്തായ ദൗത്യമാണ് മുസ്‌ലിം ജമാഅത്തിനുള്ളത്. പാരമ്പര്യ ഇസ്‌ലാമിക മാര്‍ഗമായ സുന്നത്ത് ജമാഅത്തിന്റെ പ്രചാരണമാണ് മതപരമായ അതിന്റെ ഊന്നല്‍. സമുദായത്തിന്റെ ബഹുതലസ്പര്‍ശിയായ മുന്നേറ്റവും അത് സ്വയം കര്‍തവ്യമായേറ്റെടുക്കുന്നു.
കേരള മുസ്‌ലിം ജമാഅത്തിന്റെ വിപുലമായ ആശയങ്ങളില്‍ ഒന്നാണ് മെയ് നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന ഉമറാ സമ്മേളനം. “നവലോകം, നവ ചുവടുകള്‍” എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിക്കും. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. ഇസ്‌ലാമിനെതിരെ ഉയര്‍ന്നുവരുന്ന തെറ്റിദ്ധാരണകള്‍ പ്രസരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വഴിയില്‍ യഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയാണ് ഈ സമ്മേളനം.
രണ്ട് തരത്തിലുള്ള വെല്ലുവിളികളാണ് നമ്മുടെ നാട്ടില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങളാണ് കൊഴുത്തുവരുന്നത്. മുഖ്യധാരയില്‍ നിന്ന് അവരെ അകറ്റാനുള്ള കുത്സിത നീക്കങ്ങള്‍ നടക്കുന്നു. മുസ്‌ലിംകളെ മുഴുവന്‍ തീവ്രവാദികളായി മുദ്ര കുത്താനുള്ള ശ്രമവുമുണ്ട്. കായികമായി കീഴ്‌പ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നു ഒരു ഭാഗത്ത്. ഇസ്‌ലാമിക ജീവിതം ആസാധ്യമാക്കാനാകുമോ എന്ന ആലോചനകള്‍ നിയമനിര്‍മാണത്തിലൂടെയും മറ്റും നടക്കുന്നു. മത നിയമങ്ങളെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നു. മുത്വലാഖ്, ബഹുഭാര്യാത്വം തുടങ്ങിയ വിഷയങ്ങള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി പ്രചരിപ്പിക്കുന്നതിന്റെ രാഷ്ട്രീയം അത്ര ദുര്‍ഗ്രാഹ്യമല്ലല്ലോ. ഇതിന്റെ നിജസ്ഥിതികള്‍ തുറന്നുകാട്ടാന്‍ കാലം ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ പാരമ്പര്യത്തില്‍ നിന്നാണ് മുസ്‌ലിംകളെ ആദ്യം നിഷ്‌കാസനം ചെയ്തത്. പിന്നെ കല, ചരിത്രം സാഹിത്യം എന്നിവയില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതിനുള്ള ഒരു ഉത്തരം മൂലധനത്തിന്റെ ഉടമസ്തതയില്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നില്ല എന്നതാണ്. ചരിത്ര പുസ്തകത്തില്‍ ഇല്ല എന്നതിനര്‍ഥം ചരിത്രത്തില്‍ ഇല്ല എന്നല്ല. മറിച്ച് ചരിത്ര രേഖകളില്‍ ഇല്ല എന്നതാണ്. അച്ചടി രംഗത്ത് നിങ്ങളില്ലെങ്കില്‍ നിങ്ങളുടെ പേര് അച്ചടിക്കപ്പെടുന്നില്ല. അങ്ങനെ എല്ലാറ്റില്‍ നിന്നും മുസ്‌ലിംകള്‍ നിഷ്‌കാസിതരായി. പിന്നെ അപരവത്കരിക്കാന്‍ എളുപ്പമായിരുന്നു. അതാണിപ്പോള്‍ അതിന്റെ മൂര്‍ധന്യ ഭാവം പൂണ്ടിരിക്കുന്നത്.
ഇതേ സമയം തന്നെ ഫാസിസത്തെ “പാലൂട്ടുന്ന ശത്രുക്കളെ”യും സമുദായവും പൊതുസമൂഹവും തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിംവിരുദ്ധ ശക്തികളുടെ വാദങ്ങള്‍ക്ക് സാധുത നല്‍കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ആശയ പ്രചാരണം നടത്തുകയും ചെയ്യുന്ന മുസ്‌ലിംകള്‍ക്കിടയിലെ ചില സംഘടനകള്‍ പരോക്ഷമായി മുസ്‌ലിം വിരുദ്ധര്‍ക്ക് ഒത്താശ ചെയ്യുകയാണ്. പാരമ്പര്യ ഇസ്‌ലാമിക വിശ്വാസത്തെ തള്ളിപ്പറഞ്ഞ് പുരോഗമന വാദവുമായി വന്ന ഇക്കൂട്ടര്‍ തീവ്രവാദവും ഭീകരവാദവും ഈ നാട്ടില്‍ പ്രചരിപ്പിച്ചു.
ഈ നാട്ടില്‍ ഇസ്‌ലാമിക ജീവിതം അസാധ്യമാണെന്ന് പ്രഖ്യാപിച്ച് പലായനം ചെയ്ത സലഫികള്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശത്തിന് നേരെയാണ് തങ്ങളുടെ ആദ്യവെടിയുതിര്‍ത്തതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ ആവിഷ്‌കരിക്കാന്‍ കഴിയാത്ത ഈ പുരോഗമന വാദികള്‍ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തിയും മതസ്പര്‍ധ പരത്തിയുമെല്ലാം മുസ്‌ലിം സാമൂഹിക ജീവിതത്തെ നിസ്സഹായമാക്കുകയായിരുന്നു. ഫാസിസം ഇങ്ങനെ ഉദിച്ചു നില്‍ക്കുമ്പോഴും അതിന് ആയുധം നല്‍കാന്‍ ഇവര്‍ക്കെങ്ങനെയാണ് കഴിയുന്നത്?
ഈ രണ്ട് തരം ഭീഷണികളെയും തുറന്നു കാണിക്കാതെയും അതിനെതിരെ ഒരേ പോലുള്ള പ്രചാരണങ്ങളിലൂടെ സമൂഹത്തിന് ബോധനം നല്‍കാതെയും മുസ്‌ലിംകള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. മുസ്‌ലിം പുരോഗമന വാദികളുടെ പൊയ്മുഖം പൊതുസമൂഹം തിരിച്ചറിഞ്ഞ സവിശേഷ സാഹചര്യം മുന്നിലുണ്ട് എന്നത് ആശ്വാസകരമാണ്. ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും തെറ്റിദ്ധരിപ്പിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കും മുസ്‌ലിം വിരുദ്ധ ശക്തികള്‍ക്കുമെതിരെ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കാന്‍ ഉമറാ സമ്മേളനം പദ്ധതി തയ്യാറാക്കുന്നുണ്ട്.
ഇതോടൊപ്പം തന്നെ ആഭ്യന്തരമായ നിവധി പരാധീനതകളും സമുദായത്തിനുണ്ട്. ധാര്‍മികമൂല്യച്യുതി, സാംസ്‌കാരിക തകര്‍ച്ച, അധാര്‍മിക പ്രവണതകളുടെ വളര്‍ച്ച, സാമ്പത്തികമായ അരാജകത്വം, അതിക്രമങ്ങള്‍, കുടുംബ ശൈഥില്യം, ക്രിമിനല്‍ സാന്നിധ്യം തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍. ആധുനിക ടെക്‌നോളജിയോടൊപ്പം അതിന്റെ ദുരുപയോഗവും ചതിയും പന്തലിക്കുകയാണ്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ പിന്നാക്കാവസ്ഥ, സാമ്പത്തികമായ ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവയും മുഴച്ചുനില്‍ക്കുന്നു. സമുദായത്തിന്റെ സാമൂഹിക മാന്യത എവിടെ എത്തിനില്‍ക്കുന്നു എന്നതും ആലോചിക്കാവുന്നതാണ്.
ഇത്തരം സാഹചര്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പരാധീനതകളുടെ വിലാപങ്ങള്‍ക്കപ്പുറം പരിഹാരത്തിന്റെ അന്വേഷണങ്ങള്‍ ആരായാന്‍ ഉമറാ സമ്മേളനം സമുദായത്തിന് ദിശാബോധം നല്‍കും. ന്യൂനപക്ഷം എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്നും മറ്റും അവകാശങ്ങള്‍ നേടിയെടുക്കുന്നതോടൊപ്പം സമുദായം സ്വയം സന്നദ്ധമായി ശാക്തീകരിക്കാനുള്ള രൂപരേഖകളും ഈ ഉമറാ സമ്മേളനം മുന്നോട്ട് വെക്കുന്നു.
വിശ്വാസികളെ സാമുദായികമായി ശാക്തീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. തീവ്രവാദ വികലആശയ ചിന്താധാരകളെ മാറ്റി നിര്‍ത്തി രാഷ്ട്രീയവും കക്ഷിത്വപരവുമായ വിഭാഗീയതകള്‍ക്കപ്പുറം ഉമ്മത്ത് എന്ന ബോധത്തിലേക്ക് സമുദായത്തെ കൊണ്ടുവരേണ്ടതുണ്ട്. ഇങ്ങനെ ശാക്തീകരിക്കുന്നതെന്തിനെന്ന് സമുദായത്തെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ആദ്യപടി. ആശയ തലത്തില്‍ ഏകീകരിക്കപ്പെടുന്നതോടെ ആഭ്യന്തര പരാധീനതകള്‍ കുറഞ്ഞുവരികയും ബാഹ്യമായ ഭീഷണികള്‍ നേരിടാനുള്ള കരുത്ത് ലഭിക്കുകയും ചെയ്യും.
സമുദായത്തിന്റെ വിലാപങ്ങള്‍ക്ക് ഒച്ച കൂട്ടുകയും അതിന്റെപേരില്‍ ആളുകളെ ഇളക്കി വിടുകയും ചെയ്യുന്നതിന് പകരം, പരിഹാരത്തിന്റെ അന്വേഷണമാണ് ഉമറാ സമ്മേളനം മുന്നോട്ട് വെക്കുന്നത്. ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാന്‍ വ്യാപകമായ പ്രചാരണങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുക, ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുക, മഹല്ല് ജമാഅത്ത് തലങ്ങളിലും ഗ്രാമങ്ങളിലും കേന്ദ്രീകരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ കുറിച്ച് സര്‍വേ നടത്തി ജീവിതവും അറിവും സുരക്ഷാ ബോധവും നല്‍കുക, ഉന്നത വിദ്യാഭ്യാസ പാക്കേജുകള്‍ നടപ്പാക്കുക, പുനരധിവാസ ദുരിതാശ്വാസ പാക്കേജുകള്‍ നടപ്പാക്കുക തുടങ്ങി വിഷന്‍ 2019 എന്ന ബൃഹത്തായ പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് മുസ്‌ലിം നേതൃത്വത്തെ സജ്ജമാക്കേണ്ടതുണ്ട്. അധികാരവും സ്വാധീനവുമുള്ള പൗരപ്രമുഖരെ പണ്ഡിത നേതൃത്വത്തോടൊപ്പം ഒന്നിപ്പിച്ച് കൊണ്ടുപോകുകയും സമുദായത്തിന്റെ പുരോഗതിക്കായി അണി നിരത്തുകയും ചെയ്യുക. ഈ ലക്ഷ്യങ്ങള്‍ക്കായി ഉമറാക്കള്‍ സവിശേഷമായി ഒത്തുചേരുകയാണ്. വ്യാപാരി വ്യവസായി രംഗത്തും കാര്‍ഷിക ഉദ്യോഗസ്ഥ അധ്യാപക മേഖലകളില്‍ നിന്നും തിരഞ്ഞെടുത്ത 7,500 പേരാണ് കോഴിക്കോട് സ്വപ്‌ന നഗരിയില്‍ ഒരുമിച്ചുകൂടുന്നത്. പ്രാദേശിക തലങ്ങളില്‍ ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇവരുടെ ഒത്തുകൂടലില്‍ നിന്ന് മുസ്‌ലിംകള്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കുള്ള ആലോചനകളും നടക്കും. ഉമറാക്കളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിപുലമായ പദ്ധതികള്‍ അവതരിപ്പിക്കും. ഈ ഒത്തുകൂടലിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഉമറാ പങ്കാളിത്വത്തോടെ വരുന്ന വ്യാപകവും വിപുലവുമായ പദ്ധതികള്‍ കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാകുമെന്നതില്‍ സംശയമില്ല.